
കരിമണല്‍ ഖനനം: സ്വകാര്യ കുത്തകകള്‍ക്ക് വഴിയൊരുങ്ങുന്നു.സംസഥാനത്തിന്‍റെ എതിര്‍പ്പ് തള്ളുമോ കൊള്ളുമോ ?
ചന്ദ്രശേഖർ
കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്കു കൈമാറാന്‍ വഴിയൊരുക്കും വിധം മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡവലപ്‌മെന്‍റ് ആന്‍റ് റഗുലേഷന്‍ ആക്ടില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതികള്‍ വിവാദത്തിന് വഴിയൊരുക്കുകയാണ്. കരിമണന്‍ ഖനനം ചെയ്ത് അതില്‍ അടങ്ങിയിരിക്കുന്ന അറ്റോമിക് ധാതുക്കള്‍ വേര്‍തിരിച്ചെടുക്കാനുള്ള അവകാശം നിലവില്‍ പൊതുമേഖലയ്ക്കു മാത്രമാണ് ഉള്ളത്.
ഖനനാനുമതി നല്‍കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്കും. ഭേദഗതികള്‍ നിലവില്‍ വന്നാല്‍ സ്വകാര്യമേഖലയ്ക്കു ഖനനാനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയുമെന്നാണ് ആരോപണം. ഭേദഗതി നിര്‍ദേശങ്ങളില്‍ വിയോജിപ്പറിയിച്ച് സംസ്ഥാന സര്ഡക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.
ഭേദഗതികളോടു പൊതുജനാഭിപ്രായം തേടി കേന്ദ്ര ഖനി മന്ത്രാലയം കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണു വിവാദ നിര്‍ദേശങ്ങള്‍ ഉള്ളത്. നിലവിലെ നിയമപ്രകാരം 12 ഇനം ധാതുക്കളെയാണ് അറ്റോമിക് ധാതുക്കളായി ആയി കണക്കാക്കുന്നത്. ഇത്തരം ധാതുക്കള്‍ ഖനനം ചെയ്യാനുള്ള അനുമതി കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ റെയര്‍ എര്‍ത്‍സ്, സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡ് എന്നീ സ്ഥാാപനങ്ങള്‍ക്കാണ്. 12 ല്‍ നിന്ന് 8 ഇനം ധാതുക്കളെ അറ്റോമിക് ധാതുക്കളുടെ ഗണത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ് പുതിയ ഭേതഗതി.
ഭേദഗതി പ്രകാരം ഈ ധാതുക്കള്‍ ഖനനം ചെയ്യാന്‍ അനുമതി നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരില്‍ കൂടി നിക്ഷിപ്തമാക്കുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അവകാശത്തില്‍ കൈ വയ്ക്കുന്നതാണു ഭേദഗതി നിര്‍ദേശങ്ങളെന്നാണ് ആരോപണം.

കേരളത്തിന്‍റെ സമുദ്ര തീരങ്ങളില്‍ അടിഞ്ഞുകൂടുന്ന കരിമണല്‍ ശേഖരം ധാതു സംപുഷ്ടമാണ്. ഈ അമൂല്യമായ ഭൂവിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞാല്‍ ഉദ്പാദന മേഖലയിലും സാമ്പത്തിക രംഗത്തും വികസിത രാഷ്ട്രങ്ങളെ പോലും കവച്ചു വയ്ക്കുന്ന കുതിപ്പു നടത്താന്‍ നമ്മുടെ സംസ്ഥാനത്തിനു കഴിയും. മോണോസൈറ്റ്, ഇല്‍മനൈറ്റ്, സര്‍ക്കോണ്‍ തുടങ്ങിയ അമൂല്യ ധാതുക്കളുടെ വന്‍ ശേഖരമാണ് നമ്മുടെ തീരങ്ങളില്‍ ഉള്ളത്. അശാസ്ത്രീയമായ കരിമണല്‍ ഖനനം നിര്‍ത്തി വച്ച് ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്താല്‍ നമ്മുടെ സംസ്ഥാനം ആളോഹരി ആസ്തി മൂല്യത്തില്‍ ലോകത്തെ ഏതൊരു പ്രദേശത്തേയും പിന്നിലാക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കേരളതീരത്ത് സുലഭമായ മോണോസൈറ്റില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന തോറിയം, ആണവോര്‍ജ ഉദ്പാദനത്തില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവാണ്. വൈദ്യുതോല്‍പാദന മേഖലയിലും തോറിയം ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചാല്‍ പരിസ്തിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ വൈദ്യുതി ഉല്‍പ്പാദനം സാധ്യമാകും. ഇത് നമ്മടെ വൈദ്യുതി ക്ഷാമത്തിനും ശാശ്വത പരിഹാരമാകും.

കേരളത്തിന്‍റെ തീരപ്രദേശത്ത് അടിയുന്ന ഈ അമൂല്യ ധാദാതുവിന്‍റെ വിപണി സാധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല. തോറിയം ഉപയോഗപ്പെടുത്തി വന്‍ ആണവോര്‍ജ്ജ പദ്ധതികള്‍ ആവിഷകരിക്കാനാകുമെന്നിരിക്കെ രാജ്യത്തിന്‍റെ ആകെ ആണവോര്‍ജ്ജ ഉദ്പാദനത്തില്‍ കേരളത്തിന് വലിയ പങ്ക് വഹിക്കാനും കഴിയും. കേരളത്തില്‍ ചവറ മുതല്‍ ആലുവ വരെയുള്ള തീരങ്ങളിലാണ് ഊര്‍ജ്ജോത്പാദനത്തിന് ഉപയോഗിക്കാവുന്ന അമൂല്യധാതുക്കള്‍ ധാരാളമായി അടിഞ്ഞുകൂടുന്നത്. ഈ പ്രദേശത്തെ കരിമണല്‍ കൂമ്പാരത്തില്‍ വന്‍തോതില്‍ മോണോ സൈറ്റ് അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര ആണവോര്‍ജ്ജ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ലഭ്യമായ ആകെ മോണോസൈറ്റ് നിക്ഷേപത്തിന്‍റെ പതിനാറ് ശതമാനത്തോളം കേരളത്തില്‍ നിന്നാണ്. ആകെ ഏതാണ്ട് 12 ദശലക്ഷം ടണ്‍ മോണോസൈറ്റ് നിക്ഷേപം ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് തമിഴ് നാട്ടിലാണ്- ഇരുപത്തിയഞ്ച് ലക്ഷം ടണ്‍. മോണോസൈറ്റ് നിക്ഷേപം ഏറ്റവും കുറവ് ജാര്‍ഖണ്ടിലാണ്. ഏതാണ്ട് രണ്ടര ലക്ഷത്തിനടുത്തു വരും ഇത്. കേരള തീരത്തെ മോണോസൈറ്റ് നിക്ഷേപം ഏകദേശം 20 ലക്ഷം ടണ്‍ ആണെന്നാണ് കണക്ക്.
ഒരു ടണ്‍ മോണോസൈറ്റില്‍ നിന്നും ഏതാണ്ട് 180 കിലോഗ്രാം തോറിയം വേര്‍തിരിച്ചെടുക്കാവുന്നതാണ്. കേരളത്തിന്‍റെ കരിമണലില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന തോറിയം സംസ്ഥാനത്തിന്‍റെ ആവശ്യം കഴിഞ്ഞ് പുറത്തേയ്ക്ക് പോകുന്നുണ്ടെങ്കില്‍ അതിന്‍റെ മൂല്യം കണക്കാക്കിയുള്ള വരുമാനം സംസ്ഥാനത്തിന് ലഭിക്കത്തക്ക രീതിയില്‍ ഒരു സംവിധാനം ചിട്ടപ്പെടുത്തേണ്ടതുണ്ട്.
കേരളത്തിന്‍റെ ധനാഗമ മാര്‍ഗ്ഗത്തില്‍ ധാതുമണലിന് കാര്യമായ പങ്കു വഹിക്കാന്‍ കഴിയും എന്ന അഭിപ്രായം പണ്ടേ നിലവിലുണ്ട്. പരിസ്ഥിതിക്കു ദോഷം വരാത്ത രീതിയില്‍ ഖനനം എങ്ങനെ സാധ്യമാക്കണം എന്നത് ഇനിയെങ്കിലും ഗൗരവത്തോടെ ചിന്തിക്കേണ്ടതുമാണ്. ഖനനം മൂലം ഉണ്ടായേക്കാവുന്ന വലിയ പ്രശ്‌നങ്ങളായി പൊതുവില്‍ കണക്കാക്കപ്പെട്ടിരിക്കുന്നവ കടലാക്രമണം, റേഡിയോ അണുപ്രസരണം, ഉപരിതല ജലത്തിന്‍റെയും ഭൂഗര്‍ഭ ജലത്തിന്‍റെയും സ്വഭാവമാറ്റം തുടങ്ങിയവയാണ്.

വ്യവസായരംഗത്തു വന്‍കുതിച്ചുചാട്ടം കൊതിക്കുന്ന കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക് എക്കാലവും നിറംപകരുന്നതാണ് തീരപ്രദേശത്തെ ധാതു നിക്ഷേപം. അമൂല്യനിധിയായ കരിമണല്‍, വ്യവസായം എന്ന നിലയില്‍ യഥാവിധി പ്രയോജനപ്പെടുത്താന്‍ മാറിമാറിവന്ന ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. പൊതുമേഖലയിലുള്ള സ്ഥാപനങ്ങളായ ടൈറ്റാനിയം, കെ.എം.എല്‍.എല്‍, ഐ.ആര്‍.ഇ എന്നിവ ഈ വ്യവസായത്തിന്‍റെ ഉന്നമനത്തിനായാണ് സ്ഥാപിച്ചതെങ്കിലും കെടുകാര്യസ്ഥതയും അഴിമതിയും ഈ സ്ഥാപനങ്ങളേയും അവയുടെ ലക്ഷ്യത്തേയും തുലച്ചു. ഇതിനിടയിലാണ് സ്വകാര്യ കമ്പനികള്‍ക്കും ധാതുമണല്‍ ഖനനം നടത്താമെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം വന്നത്. ഇതോടെ വന്‍ അഴിമതിയുടെ സാധ്യതകളും തെളിഞ്ഞു.

സ്വകാര്യ മേഖലയ്ക്കു ഖനനരംഗത്തു അനുമതി നല്‍കും വിധം ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തു നിര്‍ദേശം ഉയര്‍ന്നപ്പോള്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നു സംസ്ഥാന സര്‍ക്കാരിനു പിന്‍വാങ്ങേണ്ടി വന്നിരുന്നു. കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമായി നിലനിര്‍ത്തുമെന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനത്തിനു വിരുദ്ധമായിരുന്നു ഈ നിര്‍ദേശം. വിവാദമായതോടെ, ഖനനം പൊതുമേഖലയില്‍ മാത്രമായി നിലനിര്‍ത്തുമെന്നു പ്രഖ്യാപിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, സ്വകാര്യമേഖലയ്ക്കു ഖനനാനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു അവസരം ലഭിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഭേദഗതി നിര്‍ദ്ദേശത്തിന്‍മേലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്രം തയ്യാറാകുമോ എന്ന് കാത്തിരുന്നു കാണാം