
ആരാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ?
കാനഡ തീവ്രവാദികളുടെ താവളം
- രണ്ടു രാജ്യങ്ങളുടെ ബന്ധം തകര്‍ത്ത കൊലപാതകം
ഇന്ത്യാ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ എന്ന വ്യക്തിയുടെ കൊലപാതകമാണ്. ഇത്രമേല്‍ കാനഡ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ആരാണ്. കാനഡയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കാന്‍ പാകത്തിന്, കാനഡ എന്ന രാജ്യത്തെ സ്വാധീനിച്ച ആ വ്യക്തിയെ കുറിച്ച് അറിയാതെ പോകരുത്. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്ന ഖാലിസ്ഥാന്‍ സംഘടനയുടെ നേതാവാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍. പഞ്ചാബ് ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തി സ്വതന്ത്രരാഷ്ട്രം ആക്കണമെന്നതാണ് ഖലിസ്ഥാന്‍ വാദികളുടെ അജണ്ട. ഈ വര്‍ഷം ജൂണ്‍ 18നാണ് കാനഡയിലെ സറെയിലെ ഗുരുദ്വാരയ്ക്ക് സമീപം ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റു മരിച്ചത്. രണ്ട് അജ്ഞാതര്‍ നിജ്ജാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാനഡയില്‍ സുഖവാസത്തിന് എത്തിയ ആളല്ല നിജ്ജാര്‍. ഒളിവില്‍ കഴിയുകയായിരുന്നു. നിജ്ജാറിന്റെ തലയ്ക്ക് എന്‍.ഐ.എ ഇട്ടിരുന്ന വില 10 ലക്ഷം രൂപയാണ്.

നിരോധിത തീവ്രവാദ സംഘടനയായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിലേക്ക് (കെ.ടി.എഫ്) ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നല്‍കുന്നതിലും നിജ്ജാര്‍ സജീവമായി പങ്കെടുത്തിരുന്നതായി ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സെപ്തംബര്‍ 10ന് ഖാലിസ്ഥാന്‍ വേണമോ എന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്തിയ വിഘടനവാദി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ) ഭാഗമായും നിജ്ജാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിജ്ജാറിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആശങ്ക ഇന്ത്യ പല തവണ കാനഡയെ അറിയിച്ചിരുന്നു. 2018ല്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, നിജ്ജാറിന്റെ പേരുള്‍പ്പെടെയുള്ള പട്ടിക ജസ്റ്റിന് ട്രൂഡോയ്ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് 2022ല്‍ നിജ്ജാറിനെ കൈമാറണമെന്ന് പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടു. 2007ല്‍ പഞ്ചാബിലെ ലുധിയാനയില്‍ ആറ് പേര് കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പൊലീസ് തിരയുന്ന പ്രതി കൂടിയാണ് നിജ്ജാര്‍.

2010ല്‍ പട്യാലയിലെ ഒരു ക്ഷേത്രത്തിന് സമീപം നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടും ഖാലിസ്ഥാന്‍ വിഘടനവാദി നേതാവിനെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുണ്ട്. 2015ല്‍ ഹിന്ദു നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടെന്ന കുറ്റവും നിജ്ജാറിനെതിരെ ചുമത്തിയിട്ടുണ്ട്. 2016ല്‍ അദ്ദേഹത്തിനെതിരെ മറ്റൊരു കേസും ഫയല്‍ ചെയ്യപ്പെട്ടു. മന്ദീപ് ധലിവാളിന് പരിശീലനം നല്‍കിയെന്നും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു കേസ്.
2015ലും 2016ലും നിജ്ജാറിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറും, റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചാബിലെ ആര്.എസ്.എസ് നേതാക്കളെ കൊലപ്പെടുത്തിയതില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പങ്ക് അന്വേഷിക്കുമെന്ന് 2018ല്‍ എന്‍.ഐ.എ പറഞ്ഞിരുന്നു. 2022ല്‍ പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നിജ്ജാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ 10 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന് പവന് കുമാര്‍ റായിയെയാണ് പുറത്താക്കിയത്. ഹര്‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാകാമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവനയും നടത്തിയിരുന്നു. ഖലിസ്ഥാന്‍ സംഘടനാ ലോബി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ മേല്‍ അത്രയ്ക്കധികം സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കാനഡ പ്രധാനമന്ത്രിയെ കാനഡയിലെ ഖാലിസ്ഥാന്‍ വാദികള്‍ ധനത്തിനും വോട്ടിനും എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. അതാണ് നിജ്ജാറിന് വേണ്ടി ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പറയാന്‍ ട്രൂഡോയെ പ്രേരിപ്പിച്ചത്. ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയും ആരോപിക്കപ്പെടുന്നു. ഈ വധത്തിന് പിന്നില്‍ പാകിസ്ഥാന് ഐ.എസ്.ഐ ആണെന്നും ആരോപണവുമുണ്ട്.