chandy-ummen-achu-ummen-

ചെറുകുടൽ പരാമർശത്തിൽ സൈബർ ആക്രമണം; പ്രതികരിച്ച് ചാണ്ടി ഉമ്മൻ

സൈബർ ആക്രമണങ്ങൾ ഇപ്പോഴും തനിക്കെതിരെ തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ താൻ നടത്തിയ പ്രസംഗത്തിലുണ്ടായ നാവുപിഴ പുതിയത് എന്ന മട്ടിൽ എഡിറ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നെന്ന് ചാണ്ടി പറഞ്ഞു. സിപിഎം അനുകൂല മാധ്യമങ്ങൾ ആണ് ഇതിന് പിന്നിലെന്നും ചാണ്ടി ആരോപിച്ചു. കോട്ടയത്ത് യു ഡി എഫ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചാണ്ടി.

അതേസമയം, ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ടെന്നുള്ള ചാണ്ടിയുടെ വാക്കുകള്‍ ഏറെ പരിഹസിക്കപ്പെട്ടിരുന്നു. മറ്റുള്ളവർക്കായുള്ള കരുതലിനിടെ ഭക്ഷണം പോലും കഴിക്കാതിരുന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന്‍റെ  നീളം പോലും കുറഞ്ഞു പോയിരുന്നതായാണ് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞത്.

‘നമ്മുടെയെല്ലാം ചെറുകുടലാണെന്ന് തോന്നുന്നു ഒന്നര കിലോമീറ്ററോളമുണ്ട്. അദ്ദേഹത്തിന് വെറും 300 മീറ്ററേയുണ്ടായിരുന്നോള്ളൂ. കാരണം ഭക്ഷണം കഴിക്കാതെ അത് ചുരുങ്ങിപോയിരുന്നു’- എന്നാണ് ചാണ്ടി പറഞ്ഞത്. ജൂലൈയില്‍ തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 19 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം, തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ എംഎൽഎ ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദർശനം നടത്തിയെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി പാപ്പനംകോടി ബിജെപി കൗൺസിലറും യുവമോർച്ചാ നേതാവുമായ ജി എസ് ആശാ നാഥ് രം​ഗത്തെത്തി. തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ദേവലോകം ആധാര ശിലാസ്ഥാപന കർമ്മം എന്ന പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം സൈബർ പ്രവർത്തകർ വളരെ മോശവും നീചവുമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ ആക്രമിക്കുകയാണെന്നും ഫോട്ടോ പ്രചരിപ്പിക്കുകയാണെന്നും അവർ കുറിച്ചു.

ക്ഷേത്രത്തിലേത് കോണ്ഗ്രസ് പാർട്ടി നടത്തിയ പരിപാടി അല്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ ക്ഷേത്രം കമ്മിറ്റി ക്ഷണിച്ചതിനെ തുടർന്നാണ് പങ്കെടുത്തതെന്നും അവർ വ്യക്തമാക്കി. ഒരു പൊതുപരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും സാമൂഹിക നേതാക്കളും ജനപ്രതിനിധികളുമൊക്കെ പങ്കെടുക്കുന്നത് സർവസാധാരണമാണ്. ഈ പരിപാടിയിൽ കോണ്ഗ്രസ് എംഎൽഎമാരായ ചാണ്ടി ഉമ്മൻ, വിൻസെന്റ്, സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിൻ, ബിജെപി നേതാവ് ചെങ്കൽ രാജശേഖരൻ തുടങ്ങി നിരവധി പ്രാദേശിക നേതാക്കൾ പങ്കെടുത്തിരുന്നു. അതിൽ നിന്നും ഒരു ഫോട്ടോ മാത്രം അടർത്തിയെടുത്ത് അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published.

aadi sankharan-hindu-devition Previous post പ്രതിമയോ-പ്രഹസനമോ ?<br>ചെലവ് 2000 കോടി !!!
yogi adithyanath-chief-minister Next post നിങ്ങളെ യമരാജൻ കാത്തിരിക്കുന്നു’; സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവരോട് യോഗി ആദിത്യനാഥ്