
പ്രതിമയോ-പ്രഹസനമോ ?
ചെലവ് 2000 കോടി !!!
- ആദിശങ്കരാചാര്യരുടെ ‘ഏകത്വത്തിന്റെ പ്രതിമ’, 108 അടി സ്തംഭത്തിന് ചെലവ് 2000 കോടി
നര്‍മ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറില്‍ ആദിശങ്കരാചാര്യരുടെ ഭീമാകാരമായ സ്തംഭം ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കുകയാണ്. ഇത് പ്രതിമയോ, അതോ പ്രഹസനമോ എന്നൊരു ആരോപണം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു എങ്കിലും അതൊന്നും പ്രതിമ നിര്‍മ്മാണത്തിനോ ഉദ്ഘാടനത്തിനോ തടസ്സം സൃഷ്ടിച്ചില്ല. കാരണം പ്രതിമ, ആദിശങ്കരാചാര്യരുടേതാണ്. ജ്ഞാനത്തിന്റെയും ബോധത്തിന്റെയും മൂര്ത്തിയുടേതായതു കൊണ്ട്. 2000 കോടി രൂപയാണ് പ്രതിമാ നിര്‍മ്മാണത്തിന് മുടക്കിയിരിക്കുന്നത്. 108 അടി ഉയരത്തില്‍ നിര്‍മ്മിച്ച ഏകത്വത്തിന്റെ പ്രതിമ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അനാച്ഛാദനം ചെയ്യുക. 28 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഏകാത്മധാമിലാണ് ശങ്കരാചാര്യരുടെ പ്രതിമ നിലകൊള്ളുന്നത്. വിസ്മയിപ്പിക്കുന്ന മള്‍ട്ടിലോഹ ശില്പം, ആദിശങ്കരാചാര്യയെ 12 വയസ്സുള്ള ആണ്‍കുട്ടിയായി ചിത്രീകരിക്കുന്നതാണ്. ആദിശങ്കരാചാര്യരുടെ യാത്രകള്‍, ഐതിഹ്യവും ആത്മീയ പ്രാധാന്യവും നിറഞ്ഞതാണ്. ചെറുപ്രായത്തില്‍ തന്നെ ത്യാഗത്തിന്റെ ഒരു പാത അദ്ദേഹം ആരംഭിച്ചു. അത് അദ്ദേഹത്തെ ഓംകാരേശ്വറിലേക്കു നയിച്ചു. അവിടെ അദ്ദേഹം തന്റെ ഗുരു ഗോവിന്ദ് ഭഗവദ്പാദിന്റെ ശിക്ഷണത്തില്‍ 4 വര്‍ഷം ചിലവഴിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്തു. 12-ാം വയസ്സില്‍, അദ്വൈത വേദാന്ത തത്വചിന്ത പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഓംകാരേശ്വര്‍ വിട്ടുവെന്നുമാണ് ഐതിഹ്യം.

അദ്വൈത വേദാന്തത്തിന്റെ ദാര്‍ശനിക പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്നതാണ് അദ്വൈത ലോക് എന്ന മ്യൂസിയം. കൂടാതെ, ഈ പുരാതന തത്വചിന്തയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നതിന് ഒരു രാജ്യാന്തര വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും ഇവിടെ സ്ഥാപിക്കും. ഒരു പാരിസ്ഥിതിക പ്രതിബദ്ധത എന്ന നിലയില്‍, നഗരത്തിന്റെ സുസ്ഥിരതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും സംഭാവന നല്കുന്ന 36 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഒരു അദ്വൈത വനം ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. ഒരു തീര്‍ത്ഥാടന കേന്ദ്രമെന്നതിലുപരി ഇന്‍ഡോറില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള ഇവിടം തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രം കൂടിയായി മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. എന്നാല്‍, ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയാണ് ലോകത്തെ തന്നെ ഏറ്റവും ഉയരം കൂടിയത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. രണ്ടു പ്രതിമകളെയും തമ്മില്‍ താരതമ്യം ചെയ്യുകയല്ല, മറിച്ച് പ്രതിമാ നിര്‍മ്മാണവും അതിന്റെ ഉദ്ദേശവും ലക്ഷ്യവും എന്താണെന്നു കൂടി മനസ്സിലാക്കാന്‍ വേണ്ടിയാണിത്. ശങ്കരാചാര്യരുടെ പ്രതിമയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയും നര്‍മ്മദാ നദിയുടെ തീരത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഭാരതത്തിന്റെ പുരാണവും, ചരിത്രവും, സംസ്കൃതിയുമെല്ലാം അനാവരണം ചെയ്യുന്ന പ്രതിമകളാണിവ രണ്ടും.

ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സാധുബേട്ടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണിത്. നരേന്ദ്രമോദിയുടെ പ്രചോദനത്തെ തുടര്‍ന്നാണ് 182 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചത്. ഐക്യ ഇന്ത്യയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 562 നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച അവിസ്മരണീയ സംഭാവനയാണ് പട്ടേല്‍ നല്‍കിയത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണണ്ഡതയ്ക്കും സ്ഥിരമായ പ്രചോദനമായിരുന്നു പട്ടേല്‍. ലോകത്തെ ഏറ്റവും ശക്തവും സമൃദ്ധവും ഐക്യമുള്ളതുമായ രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ഏക ഭാരതം, ശ്രേഷ്ഠഭാരതം എന്ന ശക്തമായ കാഴ്ചപ്പാടോടെ എല്ലാ കര്‍ഷകരും പൗരന്മാരും ഇതിനായി സഹകരിച്ചു. അമേരിക്കയിലെ പ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ മൂന്നിരട്ടി ഉയരമുണ്ട് ഈ പ്രതിമയ്ക്ക്. ഏറ്റവും മികച്ച സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള രൂപകല്‍പ്പനയാണ് ചെയ്തിരിക്കുന്നത്.

450 അടി ഉയരത്തിലുള്ള സന്ദര്‍ശക ഗാലറിയില്‍ നിന്ന് നര്‍മ്മദ അണക്കെട്ട് വീക്ഷിക്കാനായി ആധുനിക എലവേറ്റര്‍ സംവിധാനവുമുണ്ട്. മോശം കാലാവസ്ഥയെ നേരിടാനും കനത്ത കാറ്റിനെയും ഭൂമികുലുക്കത്തെയും ചെറുക്കാനും സഹായിക്കുന്ന രീതിയില്‍ ഉരുക്കിന്റെ ചട്ടക്കൂടുമുണ്ട്. ഇവിടെ കാര്‍ഷിക ഗവേഷണകേന്ദ്രവും കാമധേനു സര്‍വകലാശാലയും സ്ഥാപിക്കാന്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്തേ തീരുമാനിച്ചിരുന്നു. നര്‍മ്മദാ തീരത്തെ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളിലെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വികസനത്തിനുള്ള സമാന അവസരങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. സര്‍ദാര്‍ സരോവര്‍ യോജന, ജല ആസൂത്രണം, പട്ടിക വര്‍ഗ്ഗങ്ങളുടെ ഉന്നമന പരിപാടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ വിശദീകരിക്കുന്ന വിര്‍ച്വല്‍ ടൂറും നടപ്പിലാക്കിയിട്ടുണ്ട്. 2500 കോടി ചെലവിലാണ് പട്ടേല്‍ പ്രതിമിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അദ്വൈത വേദാന്ത പാരമ്പര്യം ഉള്‍ക്കൊള്ളുന്ന മഠങ്ങളിലെ മേധാവികളെ ബഹുമാനത്തോടെ വിളിക്കുന്ന പേരാണ് ശങ്കരാചാര്യര്‍ എന്നത്. ആദി ശങ്കരനില്‍ നിന്നാണ് ഈ തലക്കെട്ട് ലഭിച്ചത്, അദ്ദേഹത്തെ തുടര്‍ന്നുള്ള അദ്ധ്യാപകരുടെ നിരയില്‍ നിന്നുള്ള അദ്ധ്യാപകരെ ശങ്കരാചാര്യന്മാര് എന്ന് വിളിച്ചു പോരുന്നു. ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന മഠങ്ങളൂടെ ആചാര്യന്മാരെ ശങ്കരാചാര്യര്‍ എന്നറിയപ്പെടുന്ന സ്ഥാനത്തോടെ അധികാരികളാക്കിക്കൊണ്ട് ആദി ശങ്കരന് നാല് മഠങ്ങളെ സ്ഥാപിച്ചു. അവര്‍ അദ്ധ്യാപകന്റെ പങ്ക് ഏറ്റെടുക്കുകയും ആത്മീയ സ്വഭാവമുള്ള എല്ലാവരോടും ആലോചിക്കുകയും ചെയ്യാം. ആദി ശങ്കരന് സ്ഥാപിച്ച നാല് മഠങ്ങള്‍ ഇവയാണ്. കിഴക്ക് പത്മപാദര്‍, തെക്ക് സുരേശ്വരന്‍, പടിഞ്ഞാറ് ഹസ്താമലകന്, വടക്ക് തോടകാചാര്യന് എന്നിങ്ങനെയാണ് മഠങ്ങള്‍.

ഈ നാല് മഠങ്ങള്‍ സ്ഥാപിച്ച്, തന്റെ നാല് ശിഷ്യന്മാരെ ഈ മഠങ്ങളുടെ തലവനായി നിയമിച്ച ശേഷം, ആദി ശങ്കരന് കാഞ്ചീപുരത്ത് അഞ്ചാമത്തെ മഠത്തെ ദക്ഷിണ മൂലാമ്നായ സര്‍വ്വജ്ഞ പീഠമായി സ്ഥാപിക്കുകയും ജീവിതകാലം വരെ ആ മഠത്തിന്റെ തലവനാവുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യ എന്ന വാക്ക് ശങ്കര, ആചാര്യ എന്നീ രണ്ട് ഭാഗങ്ങള്‍ ചേര്‍ന്നതാണ്. ആചാര്യ എന്നത് ‘അദ്ധ്യാപകന്’ എന്നര്‍ഥമുള്ള സംസ്കൃത പദമാണ്, അതിനാല്‍ ശങ്കരാചാര്യ എന്നാല്‍ ‘ ശങ്കരന്റെ വഴി പഠിപ്പിക്കുന്നയാള്‍’ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇന്ന് നാടിന് സമര്‍പ്പിക്കുന്ന ആദി ശങ്കരാചാര്യരുടെ പ്രതിമയുടെ മഹത്വം ലോകമാകെ മുഴങ്ങട്ടെ.