
സോളാറിലേതുപോലെ സ്വർണക്കടത്തിലും സിബിഐ വരുമോ: വി ഡി സതീശന്
തിരുവനന്തപുരം: സോളാര്‍കേസിലെ പ്രതി സരിത ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ച സിബിഐ അന്വേഷണം സ്വപ്നയ്ക്ക് കിട്ടുമോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇഡിക്ക് കള്ളപ്പണ ഇടപാടും മറ്റുമാണ് അന്വേഷിക്കാനാവുക. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം അന്വേഷിക്കേണ്ടത് സിബിഐയാണ്. കള്ളക്കടത്ത് കേസും അവർ ഉന്നയിച്ച ആരോപണങ്ങളും സിബിഐ അന്വേഷിക്കണമെന്ന് തെളിവ് സഹിതം സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഡി സതീശന് പറഞ്ഞു.
സ്വപ്നയുടെ ആരോപണം ഗുരുതരമാണ്. മെന്റര്‍ വിഷയത്തില്‍ തെറ്റായ വിവരം സഭയില്‍ നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. ആദ്യം ബാഗ് മറന്ന് വെച്ചില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അത് മാറ്റിപ്പറയേണ്ടിവന്നു. ബാഗുകള്‍ കൊണ്ടുപോയത് ഒരാളാണ് എന്നാണ് പിന്നീട് മുഖ്യമന്ത്രി പറഞ്ഞത്.അപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ബാഗല്ലാതായി മാറുമോയെന്നും വി.ഡി സതീശന് ചോദിച്ചു.
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി.മി ചുറ്റളവിലുള്ള പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കണമെന്നുള്ള സുപ്രീംകോടതി വിധി കേരളം ചോദിച്ചുവാങ്ങിയതാണ്. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി സംരക്ഷിത വനത്തിന് ചുറ്റുമുള്ള ജനവാസമേഖല ഉള്‍പ്പെടെയുള്ള ഒരു കി.മി പരിധിയില്‍ നിയന്ത്രണമാവാമെന്ന് തീരുമാനമെടുത്ത് അത് കേന്ദ്രത്തിന് അയച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. ഇത് സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ കേരളം അനുകൂലമാണെന്ന് കാട്ടി തീരുമാനമെടുക്കുകയായിരുന്നുവെന്നും വി.ഡി സതീശന് ചൂണ്ടിക്കാട്ടി.