mukesh-kollam-ksrtc-bus stand

പറയാതെ വയ്യ’; കൂപ്പുകൈകളോടെ മന്ത്രിമാര്‍ക്കെതിരെ പരസ്യവിമര്‍ശനവുമായി മുകേഷ്

കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ശോച്യാവസ്ഥ കണ്ടില്ലെന്നുനടിക്കുന്ന മാനേജ്മെന്റിനും മന്ത്രിക്കും പരസ്യവിമർശനവുമായി എം.മുകേഷ് എം.എൽ.എ. ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് പറയാതെ വയ്യ എന്ന തലക്കെട്ടോടെ ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് പങ്കുവെച്ചത്. ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മിനിമം സൗകര്യംനല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും കൂപ്പുകൈയുടെ ഇമോജിക്കൊപ്പം പോസ്റ്റില്‍ എം.എല്‍.എ. പറയുന്നു.

മേൽക്കൂരയിൽ കമ്പികള്‍ തെളിഞ്ഞുകാണാവുന്ന സ്ഥിതിയാണ്. പഴയ കെട്ടിടത്തിൽ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും പരിമിതമാണ്. എം.എൽ.എ. എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടലുകൾ നടത്തിയെന്ന് കുറിപ്പിൽ പറയുന്നു. ആദ്യം എം.എൽ.എ. ഫണ്ടിൽനിന്നു ഒരുകോടിയും പിന്നീട് ആറുകോടിയും നൽകാമെന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകി.

ഒട്ടേറെത്തവണ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ടുകണ്ടും വിഷയം ബോധ്യപ്പെടുത്തി. ഡിപ്പോയ്ക്ക് അടിയന്തരാവശ്യം വാണിജ്യസൗധമല്ലെന്നും യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറിനിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണെന്നും എം.എൽ.എ. പറയുന്നു. ഇത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാകുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് പറഞ്ഞുകൊണ്ടാണ് എം.എൽ.എ. കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇതോടൊപ്പം മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും നിലവിലെ മന്ത്രി ആന്റണി രാജുവിനും കെ.എസ്.ആർ.ടി.സി. മാനേജ്മെൻറിനും കെട്ടിടത്തിന്റെ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടി അയച്ച കത്തുകളും നിയമസഭാ ചോദ്യോത്തരവേളയിൽ വിഷയം ഉന്നയിച്ചതിന്റെ വിവരങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. ജീവനക്കാർ പേടിച്ചാണ് കെട്ടിടത്തിൽ ഓരോ ദിവസവും തള്ളിനീക്കുന്നത്. ഒട്ടേറെപ്പേരാണ് എം.എൽ.എ.യുടെ വിമർശനം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

Leave a Reply

Your email address will not be published.

nipha-a new protocol-foarmed Previous post നിപ പ്രതിരോധം: പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കണമെന്ന് വിഡി സതീശൻ
udayanidhimaran-sanadhana-harmam Next post സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലും എഫ്ഐആർ