
മണിപ്പൂരിൽ മണ്ണിടിച്ചിൽ; ഏഴ് പേർ മരിച്ചു, 55 പേരെ കാണാതായി
ഇംഫാൽ: മണിപ്പൂരിൽ ഇംഫാലിന് സമീപം മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. 55 പേരെ കാണാതായി. 13 പേരെ രക്ഷപ്പെടുത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ജിരിബാം-ഇംഫാൽ റെയിൽവേ പാത നിർമിക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. റെയിൽ പാത നിർമാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. പ്രദേശത്ത് സുരക്ഷയ്ക്കായി സൈനികരെയും വിന്യസിച്ചിരുന്നു. സൈനികരെയും മണ്ണിടിച്ചിലിൽ കാണാതായിട്ടുണ്ട്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും മന്ദഗതിയിലാണ്. ഹെലികോപ്ടർ അടക്കം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.