Modi-G20-inida-bharath-nation

മാറ്റുവിന്‍ ചട്ടങ്ങളേ, പാര്‍ലമെന്റില്‍ താമര വിരിയും

  • ക്രീം നിറമുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സും പുതിയ യൂണിഫോം. പിങ്ക് നിറത്തില്‍ താമര ചിഹ്നം ഷര്‍ട്ടില്‍

പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ക്രീം നിറത്തിലുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സുമാണ് പുതിയ യൂണിഫോം. പിങ്ക് നിറത്തിലുള്ള താമര ചിഹ്നവും ഷര്‍ട്ടിലുണ്ടാകും. നീല സഫാരി സ്യൂട്ടാണ് പാര്‍ലമെന്റ് സുരക്ഷാ ജീവനക്കാരുടെ യൂണിഫോം. ഇരുസഭകളിലെയും മാര്‍ഷലുകള്‍ക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും പുതിയ യൂണിഫോമില്‍ ഉള്‍പ്പെടും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിനു മുന്നോടിയായാണ് യൂണിഫോമിലെയും മാറ്റം. ഇതുകൂടാതെ ടേബിള്‍ ഓഫീസ്, നോട്ടീസ് ഓഫീസ്, പാര്‍ലമെന്ററി റിപ്പോര്‍ട്ടിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കണം ധരിക്കുക. എല്ലാ വനിതാ ഓഫീസര്‍മാര്‍ക്കും പുതിയ ഡിസൈനിലുള്ള സാരികളും ലഭ്യമാക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തത്. ഇന്ത്യയുടെ ദേശീയ പുഷ്പമാണ് താമര.

എന്നാല്‍, ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൂടിയായതിനാല്‍ പ്രതിപക്ഷം രാഷ്ട്രീയ വിവാദമാക്കാന്‍ സാധ്യത കൂടുതലാണ്. സ്പീക്കറുടെ ചെയറിന് അരികില്‍ നില്‍ക്കുകയും പ്രിസൈഡിംഗ് ഓഫീസര്‍മാരെ സഹായിക്കുകയും ചെയ്യുന്ന മാര്‍ഷലുകള്‍ ഇനി സഫാരി സ്യൂട്ടുകള്‍ക്ക് പകരം ക്രീം നിറമുള്ള കുര്‍ത്ത പൈജാമയാണ് ധരിക്കുക. തലപ്പാവിന് പകരം മണിപ്പൂരി ശിരോവസ്ത്രവും ധരിക്കും. ഗണേശ ചതുര്‍ഥി ദിനത്തില്‍ പ്രത്യേക പൂജയോടെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തയിലെ ആദ്യ സമ്മേളനം. ഈ മാസം 18 മുതല്‍ 22വരെയാണ് പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തെക്കുറിച്ചുള്ള സസ്‌പെന്‍സ് ഇപ്പോഴും തുടരുകയാണ്. അജന്‍ഡ ഇനിയും പുറത്തുവിട്ടിട്ടില്ല. വനിതാ സംവരണ ബില്ലും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള നിയമനിര്‍മ്മാണവും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സമ്മേളനത്തിന്റെ ആദ്യ ദിനം പഴയമന്ദിരത്തില്‍ ചേരും. അംഗങ്ങള്‍ പഴയ മന്ദിരവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവയ്ക്കും.

ചൊവ്വാഴ്ച്ച ഗണേശ ചതുര്‍ഥി ദിനം പുതിയ മന്ദിരത്തില്‍ ആദ്യ സിറ്റിങ്. സെന്‍ട്രല്‍ വിസ്തയില്‍ പ്രത്യേക പൂജ നടക്കും. ഇരുസഭകളിലെയും അംഗങ്ങളുടെ സംയുക്ത സിറ്റിങുണ്ടാകുമെന്നാണ് സൂചന. ലോക്‌സഭാ, രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ജീവനക്കാരുടെയും ഡ്രസ് കോഡിലും ഇതോടെ മാറ്റമുണ്ടാകും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചാകും ജീവനക്കാര്‍ സെന്‍ട്രല്‍ വിസ്തയില്‍ പ്രവേശിക്കുക. പുരുഷന്മാര്‍, നെഹ്‌റു ജാക്കറ്റും താമരചിഹ്നം പ്രിന്റു ചെയ്ത ഷര്‍ട്ടും കാക്കി പാന്‍സുമിട്ട് പാര്‍ലമെന്റ് മന്ദിരത്തെ കാവലാളാകുമ്പോള്‍ മണിപ്പുരി അല്ലെങ്കില്‍ കന്നഡ തലപ്പാവണിഞ്ഞ് സ്പീക്കറുടെ കിങ്കരന്‍മാരായി മാര്‍ഷല്‍മാര്‍ മാറും. ജീവനക്കാര്‍ക്ക് പ്രത്യേക പെരുമാറ്റ ചട്ടവും നടപ്പാക്കും. ജീവനക്കാര്‍ക്ക് അതിനുള്ള പരിശീലനവും നല്‍കും. മാര്‍ഷല്‍മാര്‍ മോശമായി പെരുമാറിയെന്ന് പ്രതിപക്ഷ എം.പിമാര്‍ നേരത്തെ പരാതിപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് സുരക്ഷാ ജീവനക്കാര്‍ക്ക് കമാന്‍ഡോ പരിശീലനവും സൈനിക രീതിയിലുള്ള വസ്ത്രവും.

മുംബൈയെ കേന്ദ്ര ഭരണപ്രദേശമാക്കി മഹാരാഷ്ട്രയെ വിഭജിക്കാന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ നീക്കമുണ്ടാകുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പഠോലെ അവകാശപ്പെടുന്നുണ്ട്. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചും ഗുജറാത്തിലേക്ക് മാറ്റാന്‍ നീക്കമുണ്ടെന്നും പഠോലെ ആരോപിച്ചു. ഇന്ത്യ-എന്ന പേര് മാറ്റത്തില്‍ തുടങ്ങുകയാണ് ഭാരതത്തിന്റെ പടയോട്ടം. നരേന്ദ്രമോദി എന്ന നേതാവിന്റെ കീഴില്‍ ഭാരതം ലോകത്തിന് മാതൃകയാവുമ്പോള്‍ രാജ്യത്ത് മാറ്റങ്ങള്‍ പ്രതീക്ഷിച്ചേ മതിയാകൂ. അതാണ്, ഭാരതീയ വല്‍ക്കരണത്തിന്റെ മാറ്റങ്ങള്‍. ദേശീയ പുഷ്പമായ താമരയ്ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കാന്‍ കേന്ദ്രസര്‍ക്കാരുകള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നത് വാസ്തവമാണ്. താമരചിഹ്നം പ്രിന്റുചെയ്ത വസ്ത്രങ്ങള്‍ ജീവനക്കാരുടെ ഡ്രസ് കോഡില്‍ ഉള്‍പ്പെടുത്തുന്നതോടെ ഭാരതത്തിന്റെ ചരിത്രവും പൗരാണികതയും തിരിച്ചു കൊണ്ടുവരാന്‍ സാധിക്കും. അതേസമയം, ചുവപ്പു കണ്ട കാളയെപ്പോലെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് ഉന്നയിക്കുമെന്നുറപ്പാണ്. ബി.ജെ.പിയുടെ അജണ്ടയാണ് പാര്‍ലമെന്റ് ജീവനക്കാരുടെ നെഞ്ചില്‍ നടപ്പാക്കിയതെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ ചിഹ്നത്തെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷ്ഠിക്കുന്നത് ശരിയല്ലെന്ന വാദമാകും ഉയര്‍ത്തുക.

എന്നാല്‍, തമര ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണെങ്കിലും രാജ്യത്തിന്റെ ദേശീയ പുഷ്പമായി അംഗീകരിച്ചതാണ്. പാര്‍ലമെന്റ് ജീവനക്കാരുടെ വസ്ത്രത്തില്‍ പതിക്കുന്ന താമര ബി.ജെ.പിയുടെ രെഞ്ഞെടുപ്പ് ചിഹ്നമല്ലെന്നും, അത് രാജ്യത്തിന്റെ ദേശീയ പുഷ്പമായ താമരയാണെന്നുമുള്ള മറു വാദമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുക. ജനാധിപത്യത്തിന്റെ ശ്രീ കോവിലില്‍ താമര വിരിയുന്നതില്‍ ആര്‍ക്കും തെറ്റു പറയാനൊക്കില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഇന്ത്യയെ-ഭാരതമാക്കല്‍, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ വിവാദ വിഷയങ്ങളെല്ലാം പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശബ്ദ മുഖരിതമാക്കുന്ന വിഷയങ്ങളാണ്. സമ്മേളനത്തിന്റെ അജണ്ടയില്‍ ഈ വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടുമോയെന്നാണ് പ്രതിപക്ഷം ഉറ്റു നോക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ I.N.D.I.A ആയതിനു ശേഷമുള്ള ആദ്യ സമ്മേളനം കൂടിയാണിത്. രാജ്യത്തിന്റെ അഭിമാനമായ സെന്‍ട്രല്‍ വിസ്തയിലെ ആദ്യ സമ്മേളനം രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താനുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് ആവട്ടേയെന്ന് പ്രാര്‍ത്ഥിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യാനുള്ളത്.

Leave a Reply

Your email address will not be published.

ganesh kumar-kerala-congress b-niyama sabha Previous post പരാതിക്കാരിയുടെ കത്ത് കണ്ടിട്ടില്ല, ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകിയിട്ടില്ല; സോളാർ കേസിൽ ഗണേഷ് കുമാർ
cliff house-chief-minister- Next post സോളർ പീഡനക്കേസ്; പരാതിക്കാരി സിബിഐക്ക് 7 മാസത്തിനിടെ നൽകിയ രണ്ടു മൊഴികളും പരസ്പര വിരുദ്ധം