
ആന്ത്രാക്സ് ബാധിച്ച് കാട്ടുപന്നികൾ ചത്തു: ജഡം മറവുചെയ്തവരുമായി സമ്പർക്കം പാടില്ലെന്ന് നിർദേശം
ആന്ത്രാക്സ് മൂലം മൃഗങ്ങൾ ചത്താൽ ശരീരത്തിന്റെ ഭാഗങ്ങളിൽനിന്ന് കറുത്ത നിറമുള്ള രക്തം വരും. ഇത്തരത്തിൽ ജഡം കണ്ടാൽ അധികൃതരെ വിവരം അറിയിക്കണം.
അതിരപ്പിള്ളി: പിള്ളപ്പാറ മേഖലയിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാക്സ് മൂലമെന്ന് പരിശോധനാ ഫലം. കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ജഡം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മരണ കാരണം ആന്ത്രാക്സാണെന്ന് സ്ഥിരീകരിച്ചത്.
രണ്ടാഴ്ചക്കുള്ളിൽ ഈ മേഖലയിലെ എണ്ണപ്പന തോട്ടത്തിലും കൃഷിയിടങ്ങളിലും റോഡരികിലും നിരവധി പന്നികൾ ചത്തു കിടന്നിരുന്നു. നേരത്തെ കണ്ടെത്തിയ കാട്ടുപന്നികളുടെ ജഡം യാതൊരു മുൻകരുതലും ഇല്ലാതെയാണ് വനപാലകർ കുഴിച്ചിട്ടത്. അതുകൊണ്ടു തന്നെ ജാഗ്രത വേണമെന്ന് അധികൃതർ പറഞ്ഞു .
പന്നികളുടെ ജഡം കുഴിച്ചിടാൻ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ത്രാക്സ് മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കാട്ടുപന്നികൾ പതിവായി ജനവാസ മേഖലയിൽ ഇറങ്ങുന്നതിനാൽ വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ കരുതലായി കന്നുകാലികളിൽ വാക്സിനേഷൻ നടത്തുമെന്ന് വെറ്റിലപ്പാറ മൃഗാശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പ് മുൻകരുതൽ സ്വകീരിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
മൃഗങ്ങൾപ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കൂടാതെ പെട്ടെന്ന് ചാകുന്നതാണ് ആന്ത്രാക്സ് ബാധയുടെ ലക്ഷണം. ആന്ത്രാക്സ് മൂലം മൃഗങ്ങൾ ചത്താൽ ശരീരത്തിന്റെ ഭാഗങ്ങളിൽനിന്ന് കറുത്ത നിറമുള്ള രക്തം വരും. ഇത്തരത്തിൽ ജഡം കണ്ടാൽ അധികൃതരെ വിവരം അറിയിക്കണം.
വന്യമൃഗങ്ങളുടേയോ വളർത്തുമൃഗങ്ങളുടേയോ ജഡം കണ്ടെത്തിയാൽ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കണം. പത്തടി താഴ്ചയിൽ കുഴിയെടുത്ത് കുമ്മായമിട്ട് കുഴിച്ചിടണം. അല്ലെങ്കിൽ കത്തിച്ചു കളയണം.