
അപ്പയുടെ പതിമൂന്നാം വിജയം, ഇനി ഞാനും പുതുപ്പള്ളിയോടൊപ്പം’; വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ
ചരിത്ര വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ വിജയം അപ്പയുടെ 13ാം വിജയമായി കണക്കാക്കുന്നെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘ഇത് അപ്പയെ സ്നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. ഇത് നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം, ആ വിശ്വാസം ഞാൻ ഒരിക്കലും ഭംഗം വരുത്തുകയില്ല, വികസന തുടർച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തിരിക്കുന്നത് ‘- വോട്ടെണ്ണലിന് പിന്നാലെ ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
വേട്ടയാടൽ എല്ലാം പുതുപ്പള്ളി തള്ളിയെന്നും ചാണ്ടി കൂട്ടിച്ചേർത്തു. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും നന്ദിയറിയിച്ച അദ്ദേഹം, പുതുപ്പള്ളിയിലെത്തിച്ച നേതാക്കൾന്മാർക്കെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദിയറിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഗർഗേയ്ക്കും പുറമേ ഓരോ നേതാക്കളെയും ചാണ്ടി പേരെടുത്ത് പറഞ്ഞ് നന്ദിയറിയിച്ചു.