
ത്രിപുരയിൽ സിപിഎമ്മിന് സിറ്റിങ് സീറ്റിൽ കനത്ത തോൽവി: ബിജെപിക്ക് ജയം
ത്രിപുരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. ബോക്സാനഗർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായി. 29,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപിയാണ് ഇവിടെ ജയിച്ചത്. 2003 മുതൽ സിപിഎം തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്സാനഗർ.
സിപിഎം എംഎൽഎ ആയിരുന്ന സംസുൽ ഹഖിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ സംസുൽ ഹഖിനോട് പരാജയപ്പെട്ട ബിജെപി സ്ഥാനാർഥി തഫജ്ജൽ ഹുസൈനാണ് ഇത്തവണ വൻ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്തിരിക്കുന്നത്. തഫജ്ജൽ ഹുസൈൻ 34146 വോട്ടുകൾ നേടിയപ്പോൾ സിപിഎം സ്ഥാനാർഥി മിസാൻ ഹുസൈന് 3909 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ത്രിപുരയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ധൻപുരിലും ബിജെപി വിജയിച്ചു. 18871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ബിജെപിയുടെ വിജയം. ബിജെപി സ്ഥാനാർഥിയായ ബിന്ദു ദേബ്നാഥ് 30017 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിലെ കൗഷിക് ചന്ദയ്ക്ക് 11146 വോട്ടുകളാണ് നേടാനായത്.