lucifer_chandi-umman-puthuppally

ചരിത്രമായ് ചാണ്ടി ഉമ്മന്‍, കണ്ടം വഴിയോടി CPM

പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേയുള്ളൂ. ആ പുണ്യാളന്റെ പേര് ഉമ്മന്‍ചാണ്ടിയെന്നാണ്. ആ പുണ്യാളന്റെ മകന്‍ ചാണ്ടി ഉമ്മന്റെ വിജയത്തേരോട്ടം കണ്ട് കണ്ണുതള്ളിയ ഇടതുപക്ഷവും, ബി.ജെ.പിയും മറുത്തൊന്നും പറയാനില്ലാത്ത ഗതികേടിലായിരിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്. യു.ഡി.എഫ് 78,649 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫിന്റെ ജെയ്ക് സി തോമസിന് 41,982 ഉം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ലിജിന്‍ ലാലിന് 6447 വോട്ടുമേ കിട്ടിയുള്ളൂ. എല്‍.ഡി.എഫിന് 2021നേക്കാള്‍ 12,648 വോട്ടുകള്‍ കുറഞ്ഞു. അതേസമയം യു.ഡി.എഫിന് 14,726 വോട്ടുകള്‍ കൂടി. തുടര്‍ച്ചയായി 12 നിയമസഭകളില്‍ അംഗമായ ഉമ്മന്‍ ചാണ്ടി 53 വര്‍ഷം പുതുപ്പള്ളിയുടെ എം.എല്‍.എയായിരുന്നു. ഇനി അവിടെ മകന്‍ ചാണ്ടി ഉമ്മന്റെ ഊഴമായിരിക്കുന്നു.

വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലുമെല്ലാം പുതുപ്പള്ളിയിലെ മിന്നുന്ന ജയം യു.ഡി.എഫിനെ തുണയ്ക്കുമെന്നു തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, എല്‍.ഡി.എഫിന്റെ ആത്മ വിശ്വാസത്തെ കുറിച്ച് പറയാതെ വയ്യ. എന്തായിരുന്നു അവര്‍ മുന്നോട്ടു വെച്ച രാഷ്ട്രീയവും അജണ്ടയും. പരാജയത്തിന് തൊട്ടു മുമ്പുവരെ വിജയപ്രതീക്ഷ നല്ലതാണ്. അത് ജെയ്ക്ക് സി. തോമസ് നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍, ഇന്ന് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ആ പ്രതീക്ഷയുടെ വോള്‍ട്ടേജ് മങ്ങിത്തുടങ്ങി. മങ്ങിത്തുടങ്ങിയ വെളിച്ചം തോല്‍വിയുടെ കുറ്റാക്കൂരിരുട്ടിലേക്ക് പതിച്ചതോടെ ഇടതുപാളയത്തിലെ സൈബര്‍ സഖാക്കള്‍ തോറ്റതിനെ ന്യായീകരിക്കാന്‍ ക്യാപ്‌സ്യൂള്‍ നിര്‍മ്മാണ തിരക്കിലായി. തോറ്റു തൊപ്പിയിട്ടാലും ന്യായം പറയാന്‍ മിടുക്കരായ നേതാക്കളെല്ലാം വരും മണിക്കൂറുകളില്‍ മാധ്യമങ്ങളെ കാണാന്‍ ഇറങ്ങുമെന്നുറപ്പാണ്.

ഇടതുപക്ഷക്കാര്‍ തന്നെ വിളിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്. ജീവിച്ചിരിക്കുന്നവരേക്കാള്‍ അപകടകാരികളാണ് രക്ഷസാക്ഷിക്കളെന്ന്. അത് പുതുപ്പള്ളിയില്‍ സംഭവിച്ചു. ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ മരിച്ച ഉമ്മന്‍ചാണ്ടിയെയാണ് ഭയക്കേണ്ടിയിരുന്നത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്കാരുടെ രക്തസാക്ഷി തന്നെയാണ്. പുതുപ്പള്ളിക്കു വേണ്ടി ജീവിച്ചു മരിച്ച പുണ്യാളന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. വോട്ടെടുപ്പ് ദിനമായ അഞ്ചാം തീയതി ‘പുതിയ പുണ്യാളാ ജെയ്ക്കിന് വേണ്ടി പ്രാര്‍ത്ഥിക്കണമേ’ എന്നാവശ്യപ്പെട്ട് ഒരു കുറിപ്പ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സഭയേയും ഉമ്മന്‍ ചാണ്ടിയേയും അവഹേളിക്കാനാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ പുതിയ വിവാദത്തിനും തിരികൊളുത്തിയിരുന്നു. ഈ പോസ്റ്ററിന് മറുപടിയുമായി ഇപ്പോള്‍ കോണ്‍ഗ്രസ് അണികള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഇടത് അനുഭാവിയായ മെല്‍ബിന്‍ സെബാസ്റ്റ്യന്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവാദങ്ങളുടെ തുടക്കം. ‘ഇലക്ഷന്‍ ആയതുകൊണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്ത് പോയി സഖാവ് ജെയിക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥന സമര്‍പ്പിച്ചിട്ടുണ്ട്. പുണ്യാളന്‍ ഒര്‍ജിനല്‍ ആണോ എന്ന് എട്ടാം തീയതി അറിയാം’- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണണ്ടിയെ അവഹേളിക്കാനാണെന്നും പിന്നില്‍ ഇടത് സൈബര്‍ കേന്ദ്രങ്ങളാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

‘തെരഞ്ഞെടുപ്പ് ഫലം വന്നു, പുണ്യാളന്‍ ഒര്‍ജിനല്‍ തന്നെ, സംശയമുണ്ടോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. അതേസമയം മെല്‍ബിന്‍ സെബാസ്റ്റ്യന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് അപ്രത്യക്ഷമായിട്ടുണ്ട്. മരിച്ച് പോയ ഉമ്മന്‍ ചാണ്ടിയെ പോലും ഇടത് സൈബര്‍ അണികള്‍ വെറുതെ വിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാവരും മാളത്തില്‍ ഒളിച്ചെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരിഹാസം. പുതുപ്പള്ളി പുണ്യാളന്‍ ഉമ്മന്‍ ചാണ്ടിയാമെന്നും ജീവിച്ചിരുന്നതിനേക്കാള്‍ ശക്തനാണ് ഇപ്പോഴെന്നും അണികള്‍ പറയുന്നു.

ജിവിച്ച കാലത്ത് എന്നും ആള്‍ക്കൂട്ടത്തിനൊപ്പം മാത്രം കണ്ടിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ കല്ലറയിലേക്ക് വന്‍ ജനപ്രവാഹമായിരുന്നു. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലേക്ക് ഒരു തീര്‍ഥയാത്ര പോലെ എത്തിയവരില്‍ പലരും നിവേദനങ്ങളും അപേക്ഷകളും പ്രാര്‍ത്ഥനകളുമായാണ് എത്തിയിരുന്നത്. ഒന്നര കോടിയുടെ കടം അടച്ചു തീര്‍ക്കാന്‍ വഴി കാണിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള സംഗീതയുടെ നിവേദനം തുടങ്ങി, കുടുംബ പ്രശ്‌നം തീര്‍ക്കാനും, വിദേശത്ത് ഉപരിപഠനം നടത്തുന്ന മകന് തീസിസ് പ്രോസസ് ചെയ്ത് ഇഷ്ട ജോലി ലഭിക്കാനും, പാരമ്പര്യമായി ലഭിച്ച സ്ഥലത്തെ റബര്‍ വെട്ടാനും മറ്റാവശ്യങ്ങള്‍ക്ക് പോകാനും വഴി തന്ന് സഹായിക്കാനും, ഒഇടി പരീക്ഷ പാസാകാന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടുമടക്കം കല്ലറയില്‍ അപേക്ഷകളെത്തിയിരുന്നു.

അതേസമയം, ഉമ്മന്‍ ചാണ്ടിക്ക് ശേഷം മകന്‍ ചാണ്ടി ഉമ്മനിലൂടെ പുതുപ്പള്ളിയെ മുറുകെ പിടിച്ചിരിക്കുകയാണ് യുഡിഎഫും കോണ്‍ഗ്രസും. ചരിത്ര ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. 12 നിയമസഭകളിലായി നീണ്ട 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്റെ റെക്കോര്‍ഡ് ഇത്തവണത്തെ ചാണ്ടി ഉമ്മന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നു. ചാണ്ടിയുടെ അതിവേഗ പ്രചാരണത്തിന്റെ വിജയം മാത്രമല്ല, യു.ഡി.എഫിന്റെ ശക്തമായ തിരിച്ചു വരവു കൂടിയാണ് കണ്ടത്. അതേസമയം വീണ്ടുമൊരിക്കല്‍ കൂടി പുതുപ്പള്ളി കൈവിട്ടു എന്നത് മാത്രമല്ല എല്‍ഡിഎഫിനെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയോട് ശക്തമായ മത്സരം കാഴ്ചവെച്ച ജെയ്ക് സി തോമസിന് ഇത്തവണ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. 2021 നിയമസഭാ ഇലക്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍നിര്‍ത്തിയുള്ള ക്യാപ്റ്റന്‍ പ്രചാരണത്തിന്റെ ശോഭ ഇത്തവണ പുതുപ്പള്ളിയില്‍ കാണാനാകാഞ്ഞതും എല്‍.ഡി.എഫിന് തിരിച്ചടിയായി.

പ്രളയ, കൊവിഡ് കയങ്ങളില്‍ നിന്ന് കരകയറാന്‍ കേരളം ശ്രമിക്കുന്നതിനിടെയായിരുന്നു 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഏത് ആപത്തിലും കേരളത്തെ കൈപിടിച്ച് നടത്താന്‍ ഒരു ക്യാപ്റ്റനും മുഖ്യമന്ത്രിയുമുണ്ടെന്ന പ്രചാരണവാക്യങ്ങളോടെയായിരുന്നു ആ ഇലക്ഷനെ എല്‍ഡിഎഫ് അഭിമുഖീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളമെങ്ങും സഞ്ചരിച്ച് എല്‍.ഡി.എഫിന്റെ സ്റ്റാര്‍ ക്യാംപയിനറായി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 99 സീറ്റുകളുമായി എല്‍ഡിഎഫ് ചരിത്ര ഭരണത്തുടര്‍ച്ച നേടി. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 8 സീറ്റുകളാണ് പിണറായി കളംനിറഞ്ഞ 2021ല്‍ എല്‍ഡിഎഫ് കൂടുതലായി കൈക്കലാക്കിയത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് 2023 സെപ്റ്റംബര്‍ എട്ടിന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഈ ക്യാപ്റ്റനിസം കണ്ടില്ല. ഫലത്തില്‍ എല്‍ഡിഎഫ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ പോലെ സംഘടനാ സംവിധാനത്തിന്റെ കരുത്തിലായിരുന്നു എല്‍ഡിഎഫും സിപിഎമ്മും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് അത്ര കണ്ട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകാനായില്ല. 2021ല്‍ കേരളം ഇറക്കിമറിച്ച് പ്രചാരണം നടത്തിയ പിണറായിക്ക് പുതുപ്പള്ളിയില്‍ കാര്യമായ ആവേശത്തിരമാല സൃഷ്ടിക്കാനായില്ല. സര്‍ക്കാര്‍ അവകാശപ്പെടുന്ന ഭരണനേട്ടങ്ങള്‍ ഇതോടെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനും എല്‍ഡിഎഫിന് വേണ്ട വിധത്തില്‍ സാധിച്ചില്ല എന്ന് വേണം മനസിലാക്കാന്‍. അതേസമയം രണ്ടാം പിണറായി സര്‍ക്കാരിനെതിരായ വിലയിരുത്തലും ഭരണവിരുദ്ധ വികാരവും പുതുപ്പള്ളി ഫലത്തില്‍ വലിയ സ്വാധീനം ചൊലുത്തുകയും ചെയ്തു.

അതേസമയം, സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ബി.ജെപി. യുഡിഎഫ് തരംഗം ആഞ്ഞടിച്ച പുതുപ്പള്ളിയില്‍ ഒരു റൗണ്ടില്‍ പോലും വെല്ലുവിളി ഉയര്‍ത്താനാകാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ വീഴുകയായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മത്സരക്കുന്നത് ജയം ഉറപ്പിച്ചാണെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ പറഞ്ഞിരുന്നത്. മത്സരിക്കുന്നത് വിജയിക്കാന്‍ തന്നെയാണ്. വെറുതെ നില മെച്ചപ്പെടുത്തല്‍ മാത്രമല്ല ലക്ഷ്യമെന്നും ലിജിന്‍ പറഞ്ഞിരുന്നു. കോട്ടയം ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കി വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാനാണ് പാര്‍ട്ടി പദ്ധതിയിട്ടത്. എന്നാല്‍, ഈ നീക്കം അമ്പേ പാളി. ഒരു റൗണ്ടില്‍ പോലും ആയിരം വോട്ട് തികയ്ക്കാന്‍ ലിജിന്‍ ലാലിന് സാധിച്ചില്ല. നാലാം റൗണ്ടില്‍ 750 വോട്ട് നേടിയതയാണ് ലിജിന്റെ മികച്ച പ്രകടനം. 11694 വോട്ടുകളാണ് 2021 നിയമസഭ തെരഞ്ഞെുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍ ഹരി നേടിയിരുന്നത്. ഈ വോട്ടുകള്‍ പോലും പേരിലാക്കാന്‍ ലിജിന് സാധിച്ചില്ല.

2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മന്‍ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നല്‍കിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മന്‍ചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മന്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ല. ജെയ്ക്കിനേക്കാള്‍ പരിതാപകരമായ തോല്‍വിയാണ് ലിജിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇി പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യുഗം.

Leave a Reply

Your email address will not be published.

sanathana-dharmam-daya-nidhi-maran-stalin Previous post ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെ വെല്ലുവിളിക്കാനാവില്ല; രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി
bjp-thripura-cpm-fail-beat Next post ത്രിപുരയിൽ സിപിഎമ്മിന് സിറ്റിങ് സീറ്റിൽ കനത്ത തോൽവി: ബിജെപിക്ക് ജയം