
ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെ വെല്ലുവിളിക്കാനാവില്ല; രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി
ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദ്വാരകയിൽ നടന്ന ജന്മാഷ്ടമി ആഘോഷത്തിൽ സംസാരിക്കുമ്പോഴാണ് ഉദയനിധി സ്റ്റാലിനും, സനാതന ധർമ്മ പരാമർശത്തെ പിന്തുണച്ചവർക്കുമെതിരെ സ്മൃതി ഇറാനി രൂക്ഷവിമർശനം നടത്തിയത്.നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും വിഷയത്തിൽ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച കാബിനറ്റ് മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ വിഷയം ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്. സനാതൻ ധർമ്മ വിവാദത്തിൽ മന്ത്രിമാർ ഉചിതമായ മറുപടി നൽകണമെന്നും, പ്രതിപക്ഷത്തെ നേരിടാൻ വസ്തുതകൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.