stop-violance-against-childrens

ഞരമ്പു രോഗികളുടെ നാട്, കേരളം നമ്പര്‍ വണ്‍

കേരളം ഞരമ്പു രോഗികളുടെ നാടായി മാറിക്കഴിഞ്ഞു. ജീവന്‍ വേണമെങ്കില്‍ പെണ്‍കുഞ്ഞുങ്ങളെയും കൊണ്ട് എങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെടുകയേ നിര്‍വാഹമുള്ളൂ. പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗീകമായ പീഡിപ്പിക്കാന്‍ കഴിയുന്ന ഇടമാക്കി മാറ്റിയിരിക്കുന്നു. എറണാകുളം അതിന്റെയൊരു ഹബ്ബായി മാറിക്കഴിഞ്ഞു. പെണ്‍കുട്ടികളെ വളര്‍ത്തുന്ന മാതാപിതാക്കളുടെ സൈ്വരം കെടുത്തുന്ന വാര്‍ത്തകള്‍ നിരന്തരം കേരളത്തില്‍ ഉത്ഭവിക്കുന്നത് ഗുണപരമായ മാറ്റമല്ല കാണിക്കുന്നത്. കേരളം നമ്പര്‍ വണ്‍ എന്ന് വിളിക്കുന്നവര്‍ക്ക് വായ്ക്കരിയിടുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടത്. ഇതാ ആലുവയില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്ത, മലയാളിയുടെ മനോനിലയെ ചോദ്യം ചെയ്യുന്ന ഒന്നു തന്നെയാണ്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചിരിക്കുന്നു. മാതാവിന് സമീപം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. പത്തു വര്‍ഷമായി ചാത്തന്‍പുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനു ഇരയായത്. പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നു എന്നാണ് നിഗമനം.

കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചതിനു പിന്നാലെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത പാടത്തു കുട്ടിയെ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കളും ഉറക്കത്തിലായിരുന്നു. ഉറക്കമുണര്‍ന്നു മാതാപിതാക്കള്‍ നോക്കിയപ്പോഴാണ് കുട്ടിയെ കണാനില്ലെന്നു മനസിലായത്. പിന്നാലെയാണ് തിരച്ചില്‍ നടത്തിയത്. നാട്ടുകാര്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കുട്ടിക്ക് ചിക്തിസ നല്‍കുന്നുണ്ട്. സംഭവത്തില്‍ പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നും നിരവധി മോഷണക്കേസിലെ പ്രതിയാണിയാളെന്നും പോലീസിന് മനസ്സിലായിട്ടുണ്ട്. കുട്ടിയെ തട്ടി പീഡിപ്പിച്ചവന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതായും കുട്ടിയും സാക്ഷികളും ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞെന്നും റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് പറയുന്നു.

രാത്രി രണ്ട് മണിയോടെ കരച്ചില്‍ കേട്ട് നാട്ടുകാരനായ സുകുമാരന്‍ എന്നയാള്‍ വീടിന്റെ ജനല്‍ വഴി നോക്കിയപ്പോള്‍ കുട്ടിയെ ഒരാള്‍ വലിച്ചിഴച്ചു കൊണ്ടു പോകുന്നതു കണ്ടെന്നാണ് ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ആളെ നേരിട്ട് കണ്ടാല്‍ അറിയാമെന്നും സുകുമാരന്‍ പറയുന്നു. സുകുമാരന്‍ മറ്റൊരാളെ വിവരം അറിയിക്കുകയും ഇരുവരും ചേര്‍ന്നു തിരച്ചില്‍ നടത്തുകയുമായിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പാടത്തിനരികിലൂടെ പേടിച്ചു ഓടി വരുന്നതു കണ്ട് തങ്ങള്‍ കുട്ടിയെ പിടിച്ചു നിര്‍ത്തുകയായിരുന്നു. പിന്നാലെ പൊലീസില്‍ അറിയിക്കുകയായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി. ഇവിടെ ഓര്‍മ്മിക്കേണ്ട ഒന്നുണ്ട്. നമ്മുടെ കുട്ടികള്‍ സുരക്ഷിതരാണോ എന്നത്. ഇന്നുഞാന്‍ നാളെ നീ എന്ന ആപ്ത വാക്യം പോലെ, ഇന്ന് അതിഥി തൊഴിലാളിയുടെ മകളാണെങ്കില്‍ നാളെ നിങ്ങളുടെ മകളായിരിക്കും പീഡന വീരന്‍മാരുടെ ഇര. അന്നേ വേദനയുടെയും വിങ്ങലിന്റെയും കരച്ചിലിന്റെയും വില എന്താണന്ന് മനസ്സിലാകൂ. കേരളം എത്ര സുരക്ഷിതമാണോ. രാഷ്ട്രീയ എതിരാളികളില്‍ നിന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ നമ്മള്‍ ഉറപ്പു വരുത്തിക്കഴിഞ്ഞു. എന്നാല്‍, അഴിഞ്ഞാടുന്ന ക്രിമിനലുകളില്‍ നിന്നും നമ്മള്‍ എത്ര സുരക്ഷിതരാണെന്ന് ചിന്ത്രിച്ചിട്ടുണ്ടോ.

മറന്നു പോകാതെ, നെഞ്ചില്‍ നീറ്റലായ് നില്‍ക്കുന്ന ഒരു സംഭവം ആലുവയില്‍ തന്നെ ഉണ്ടായിട്ടുണ്ട്. 2023 ജൂലൈ 28ന്
ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സുകാരിയായ മകളെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്നു ചാക്കില്‍ക്കെട്ടി ചെളിയില്‍തള്ളിയ സംഭവം. ആ ആലുവയിലാണ് വീണ്ടും ഒരു പെണ്‍കുഞ്ഞിന്റെ മേല്‍ പീഡനം നടന്നിരിക്കുന്നത്. ആലുവ തായ്ക്കാട്ടുകര ഗാരേജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ 21 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞത് ചാക്കില്‍ പൊതിഞ്ഞ മൃതദേഹമാണ്. നിഷ്‌കളങ്കത മറയാത്ത പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന വേട്ടക്കാരന്റെ പേര് കേട്ടിട്ട് കേരളത്തിലെ സാംസ്‌കാരിക നായകരുടെയും, സിനിമാതാരങ്ങളുടെയും തല കുനിഞ്ഞില്ല. ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിലെ നടുക്കം വിട്ടു മാറും മുമ്പേയാണ് വീണ്ടും അതേ രീതിയിയുള്ള ക്രൈം ഉണ്ടായിരിക്കുന്നത്. ഇത് തടയാന്‍ കഴിയാത്തത്, പോലീസിന്റെ വീഴ്ചയാണെന്ന ഒറ്റവരി പ്രതിഷേധത്തില്‍ തീര്‍ക്കാനാവുമോ.

അതിഥി തൊഴിലാളികള്‍ അടക്കം ഉള്‍പ്പെടുന്ന കൊലക്കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായി സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പറയുന്നുണ്ട്. 2016 മേയ് മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള ആറുവര്‍ഷത്തില്‍ 159 അതിഥി തൊഴിലാളികളാണ് കൊലക്കേസുകളില്‍ പ്രതികളായത്. 118 കേസുകളിലാണ് ഇത്രയും പേര്‍ ഉള്‍പ്പെട്ടതെന്നും ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ കാണിക്കുന്നു. കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാര്‍ക്ക് സുരകഷയില്ലാത്ത നാട്ടില്‍ മുഖ്യമന്ത്രിക്ക് കനത്ത സരുക്ഷയാണുള്ളതെന്ന ഏക ആശ്വാസമാണുള്ളത്. കേരളം അതിലെങ്കിലും നമ്പര്‍ വണ്ണാണെന്ന് അഭിമാനിക്കാം.

Leave a Reply

Your email address will not be published.

31-Narendra-Modi-Get Previous post ‘ഇന്ത്യ’യെ തകര്‍ക്കാന്‍ മോദി ‘ഭാരതം’
murer-crime-hanging-till-death Next post ആലുവയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ