31-Narendra-Modi-Get

‘ഇന്ത്യ’യെ തകര്‍ക്കാന്‍ മോദി ‘ഭാരതം’

ജി-20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഔദ്യോഗിക ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നെഴുതിയതും, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള അറിയിപ്പില്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നു വെച്ചതും രാജ്യത്തെ പിന്തിരിപ്പന്‍മാര്‍ക്ക് അസ്വസ്ഥത ഉണ്ടായിക്കിയിട്ടുണ്ടല്ലോ.
പ്രസിഡന്റ് ഓഫ് ഇന്ത്യ, പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്നീ പതിവുരീതികള്‍ ഉപേക്ഷിച്ചതാണ് ഈ അസ്വസ്ഥതയ്ക്ക് പ്രധാന കാരണം. വിദേശ പ്രതിനിധികള്‍ക്ക് കൈമാറിയ ജി-20 ഉച്ചകോടിക്ക് എത്തുന്ന രാജ്യങ്ങിലെ പ്രതിനിധികള്‍ക്ക് നല്‍കുന്ന കൈപ്പുസ്തകത്തിലും ഭാരത് എന്നു ചേര്‍ത്തിട്ടുണ്ട്. ഇതിനു പുറമെ ഉച്ചകോടിയില്‍ സംബന്ധിക്കുന്ന ഉദ്യോഗസ്ഥരെ വിശേഷിപ്പിക്കുന്നതും ഒഫിഷ്യല്‍സ് ഓഫ് ഭാരത് എന്നാണ്.

മുന്‍കാലത്ത് ഔദ്യോഗികമായി എവിടെയൊക്കെ ഇന്ത്യ എന്ന് ഉപയോഗിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭാരത് ആയിരിക്കുന്നു എന്നര്‍ത്ഥം. ഇത് യാദൃച്ഛികമായി സംഭവിക്കുകയോ, നരേന്ദ്ര മോദി സര്‍ക്കാരിന് ഒരു തെറ്റുപറ്റുകയോ ചെയ്തതല്ല. ഇങ്ങനെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ചിലര്‍ക്ക് ഇത് അസ്വാഭാവികമായി തോന്നാമെങ്കിലും ഒരിക്കലും അസംഭവ്യമല്ല. ഇന്ത്യ, അതായത് ഭാരത് എന്നാണ് ഭരണഘടനയില്‍ നമ്മുടെ രാജ്യത്തെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയെന്നും ഭാരതമെന്നും ഉപയോഗിക്കാം. രണ്ടു പേരുകളും ഉപയോഗിക്കാമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷേ ഭാരതം എന്ന പേര് രാജ്യത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളാത്ത ചിലരെ ഇപ്പോഴും അലോസരപ്പെടുത്തുകയാണ്.

അമിതാഭ് ബച്ചനെയും വീരേന്ദ്ര സേവാഗിനെയും പോലെ നിരവധി പേര്‍ ഈ പേരുമാറ്റത്തെ സ്വാഗതം ചെയ്തപ്പോള്‍, കോണ്‍ഗ്രസ്സിനും ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമാണ് എതിര്‍പ്പ്. അവര്‍ ഇതിനെ ഭരണഘടനാ വിരുദ്ധ നടപടിയായി ചിത്രീകരിക്കുകയാണ്. രാജ്യത്തിന്റെ പേര് ഔദ്യോഗികമായി ഭാരതം എന്നാക്കണമെങ്കില്‍ അതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനുണ്ട്. ഭരണഘടനയുടെ അനുച്ഛേദം ഒന്നില്‍ ഭേദഗതി വരുത്തണമെന്നു മാത്രം. പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിനൊപ്പം പല മാറ്റങ്ങളും ഉണ്ടാകുമെന്നു തന്നെ വിശ്വസിച്ചേ മതിയാകൂ.

എന്നാല്‍ കോണ്‍ഗ്രസ്സിന്റെയും പ്രതിപക്ഷത്തിന്റെയും പ്രശ്നം മറ്റു ചിലതാണ്. രാജ്യവിരുദ്ധ നിലപാടുകളെടുക്കുകയും, വിദേശ രാജ്യങ്ങളില്‍പ്പോലും രാഷ്ട്രത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സഖ്യത്തിന് ഐ.എന്‍.ഡി.ഐ.എ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സഖ്യത്തിന്റെ ചുരുക്കപ്പേര് ഇന്ത്യ എന്നു വായിക്കാനാണിത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയും മോദിയും തമ്മിലാണ് മത്സരമെന്നും, ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തങ്ങളാണെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ഇത് പാടെ പൊളിഞ്ഞിരിക്കുന്നു. രാജ്യത്തെ ഭാരതം എന്ന് ഔദ്യോഗികമായി നാമകരണം ചെയ്താല്‍ ഇന്ത്യ അപ്രസക്തമാവും.

പ്രതിപക്ഷം രാജ്യതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയല്ല നിലകൊള്ളുന്നതെന്ന് ഇതിലൂടെ വ്യക്തമാവുകയും ചെയ്യും. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രക്ഷോഭമായ ക്വിറ്റ് ഇന്ത്യയിലും, പാക് ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീനിലും ഇന്ത്യയുണ്ടെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ പേരിടലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ത്യ ഭാരതമായാല്‍ ഇത് ഒന്നുകൂടി ശരിവയ്ക്കപ്പെടും. ഇതാണ് പ്രതിപക്ഷത്തെ വിറളിപിടിപ്പിക്കുന്നത്. ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത്. എല്ലാ മേഖലയിലും ഇതിനനുസൃതമായ നടപടികള്‍ സ്വീകരിക്കുകയാണ്. ഇതിന് ആക്കംകൂട്ടുന്ന നിര്‍ണായക ചുവടുവയ്പ്പാണ് രാജ്യത്തെ ഭാരതം എന്നു വിശേഷിപ്പിക്കുന്നത്.

ഇന്ത്യ എന്നതിനുപകരം ഭാരതം എന്ന് ഉപയോഗിക്കണമെന്നും, മറ്റാര്‍ക്കെങ്കിലും അത് മനസ്സിലാവാത്തത് കാര്യമാക്കേണ്ടതില്ലെന്നും ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ മുന്നേറ്റത്തിന് ഇത് ആവശ്യമാണ്. അതിരുകളില്ലാത്ത പുതിയൊരു ലോകക്രമം രൂപപ്പെട്ടു വരികയാണ്. ഈ അവസരം മുതലെടുത്ത് ഗ്ലോബല്‍ ഡീപ് സ്റ്റേറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ശക്തികള്‍ പലതരത്തിലുള്ള ഉപജാപങ്ങളിലേര്‍പ്പെടുന്നു. ജോര്‍ജ് സോറസിനെപ്പോലുള്ള ശതകോടീശ്വരന്മാര്‍ രാഷ്ട്രീയ നേതാക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിഘടനവാദികള്‍ക്കും ഫണ്ടു ചെയ്യുന്നത് ഇതിലൊന്നാണ്. ആഗോള സാഹചര്യത്തില്‍ ഭാരതത്തിന് കൈവരുന്ന സ്ഥാനവും സ്വീകാര്യതയും അട്ടിമറിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

കൊവിഡ് മഹാമാരിക്കുശേഷവും റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും വന്‍ ശക്തികളെന്നു പറയുന്നവര്‍ക്ക് സ്ഥിതിഗതികളെ നിയന്ത്രിക്കാനാവുന്നില്ല. ഭാരതമാണ് ഇതിന്റെ ഗുണഭോക്താവ്. റഷ്യയില്‍നിന്ന് വളരെ കുറഞ്ഞ ചെലവില്‍ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള തീരുമാനത്തെ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമൊക്കെ എതിര്‍ത്തിട്ടും ഇന്ത്യ പിന്മാറിയില്ല. കൊവിഡ് കാലത്ത് സഹായഹസ്തം നീട്ടിയതിന് ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ മോദി സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തു. ഇങ്ങനെ പുതിയ കുതിച്ചു ചാട്ടങ്ങള്‍ നടത്താനൊരുങ്ങുന്ന രാഷ്ട്രത്തെ ഭാരതം എന്നുതന്നെയാണ് വിളിക്കപ്പെടേണ്ടത്. ഈസ്റ്റിന്റ്യാ കമ്പനി കപ്പല്‍ കയറിയപ്പോള്‍ത്തന്നെ അവരുടെ കോളനിക്ക് നല്‍കിയ പേരും കപ്പല്‍ കയറിപ്പോകേണ്ടതായിരുന്നു. എന്നാല്‍, അവശിഷ്ടങ്ങള്‍ പേറാന്‍ ഇനിയും ഭാരതത്തിന്റെ മണ്ണില്‍ അനുവാദം നല്‍കിക്കൂട.

അതേസമയം, രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റുന്നുവെന്ന അഭ്യൂഹങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മാത്രമേ പ്രതികരിക്കാവൂ എന്നും പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ ചരിത്രത്തിലേക്ക് പോകാതെ ഭരണഘടനയിലെ വസ്തുതകളില്‍ ഉറച്ചുള്ള പ്രതികരണം മതിയെന്നുമാണ് നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. എന്നാല്‍, ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. അതിനൊരു മറു ചോദ്യമുണ്ടെന്ന് മുഖ്യമന്ത്രി മറന്നു പോകരുത്. ആ ചോദ്യം ഇതാണ്. എന്തിനാണ് ഭാരതം എന്ന പേരിനെ നിങ്ങള്‍ ഭയക്കുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂടാ. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാല്‍ രാജ്യത്തിന്റെ പേര് മാറ്റാനുള്ള നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം. ഇവിടെ ഒരു കാര്യം പറയാതെ വയ്യ. കേരള എന്നത്, കേരളം ആക്കാന്‍ നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിനയച്ചതിനു ശേഷമാണ് ഇന്ത്യയെന്ന പേരിനെ സംരക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പേരുമാറ്റല്‍ ചടങ്ങ് കേരള സര്‍ക്കാര്‍ വളരെ നേരത്തെ അറിഞ്ഞിരുന്നു എന്നു വേണം അനുമാനിക്കാന്‍. രാജ്യത്തിന്റെ പേര് മാറ്റുന്നതിനു മുമ്പ് സംസ്ഥാനത്തിന്റെ പേര് മാറ്റിക്കൊണ്ട് തുടക്കമിട്ടത് താനാണെന്ന ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ നടത്തിയ മൂന്നാംകിട രാഷ്ട്രീയനാടകമായിരുന്നോ നിയമസഭ കണ്ടതെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ തെറ്റു പറയാനൊക്കില്ല.

Leave a Reply

Your email address will not be published.

snake-poison-cobra-wiper- Previous post പാമ്പുകളെ പേടിക്കുന്നവരാണോ; എന്നാൽ ഇതിലേതെങ്കിലുമൊന്ന് പരീക്ഷിച്ച് നോക്കൂ
stop-violance-against-childrens Next post ഞരമ്പു രോഗികളുടെ നാട്, കേരളം നമ്പര്‍ വണ്‍