
ജി20 ക്ഷണക്കത്തില്‍ ഇന്ത്യൻ രാഷ്ട്രപതിക്ക് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’; രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കമെന്ന് അഭ്യൂഹം
ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള പ്രമേയം പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് അഭ്യൂഹം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു നൽകിയതോടെയാണ് അഭ്യൂഹം പ്രചരിച്ചത്. സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഈ രീതിയിൽ രേഖപ്പെടുത്തിയത്.ആദ്യമായാണ് ഒരു ഔദ്യോഗിക പരിപാടിയിൽ ഇങ്ങനെ പേരുമാറ്റുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ഭരണഘടനയിലും ‘ഭാരത്’ എന്ന പദമുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 1ൽ “ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’’ എന്നാണ് പറയുന്നത്. വിദേശ പ്രതിനിധികൾക്ക് കൈമാറിയ “ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്’’ എന്ന ജി20 ബുക്ക്ലെറ്റിലും ‘ഭാരത്’ എന്ന് ഉപയോഗിച്ചിട്ടുണ്ട്.ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ആദ്യം പറഞ്ഞത്. ‘റിപ്പബ്ലിക് ഓഫ് ഭാരത്’ എന്ന് അദ്ദേഹം മുൻപ് എക്സ് പ്ലാറ്റ്ഫോമിലും കുറിച്ചിട്ടുണ്ട്. ജൂലൈയിൽ പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’ എന്ന പേര് സ്വീകരിച്ചതിനു ശേഷമായിരുന്നു ഇത്. കഴിഞ്ഞദിവസം ആർഎസ്എസും ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.‘‘ഇംഗ്ലിഷ് സംസാരിക്കുന്നവർക്കു മനസ്സിലാകാൻ വേണ്ടിയാണ് ഇന്ത്യ എന്ന പദം ഉപയോഗിച്ചത്. ഇപ്പോൾ അതു ശീലമായി. ഇനിയെങ്കിലും നമ്മൾ ഇത് ഉപയോഗിക്കുന്നത് നിർത്തണം. ലോകത്ത് എവിടെ പോയാലും ഭാരത് എന്ന രാജ്യത്തിന്റെ പേര് ഭാരത് ആയി തന്നെ നിലനിൽക്കും. സംസാരത്തിലും എഴുത്തിലും ഭാരത് എന്ന് പറയണം.’’– ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു.സംഭവത്തിൽ കടുത്ത എതിര്‍പ്പ് പ്രതിപക്ഷം അറിയിച്ചു. ഇന്ത്യയുടെ ഫെഡറൽ സ്വഭാവം തന്നെ ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഇനി മുതൽ ഭരണഘടനയിലെ അനുച്ഛേദം ഒന്ന് ഇങ്ങനെ വായിക്കാം: “ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കുന്നതാണ്.” സംസ്ഥാനങ്ങളുടെ യൂണിയൻ പോലും ആക്രമണത്തിനിരയായിരിക്കുകയാണ്,” അദ്ദേഹം എക്സിൽ കുറിച്ചു.