
ക്ലിപ്പ് വന്നത് വാസവൻറെ അറിവോടെയെന്ന് സതീശൻ; ഉത്തരവാദിത്തം എൽഡിഎഫിനില്ലെന്ന് മന്ത്രി
ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതായി പറയപ്പെടുന്ന ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് ഇരു മുന്നണികളും തമ്മിൽ വാക്പോര്. ക്ലിപ്പിന്റെ ഉത്തരവാദിത്വം എൽ.ഡി.എഫിന്റെ തലയിൽ കെട്ടിവേക്കേണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി. തോമസും വെല്ലുവിളിച്ചു. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം തന്നെ വ്യക്തമായി എഴുതിവെച്ചിട്ടുണ്ടെന്നും സമയമാവുമ്പോൾ പുറത്തുവിടാമെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.
‘ഓഡിയോ ക്ലിപ്പിന്റേയും വീഡിയോ ക്ലിപ്പിന്റേയും ഉത്തരവാദിത്തം ഞങ്ങളുടെ തലയിൽ കെട്ടിവെക്കണ്ട. രണ്ടുകോൺഗ്രസ് നേതാക്കൾ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ടെങ്കിൽ, അതിലെങ്ങനെ എൽ.ഡി.എഫ്. ഭാഗമാകും?. പള്ളിക്കത്തോടിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസിന്റെ ഡി.സി.സി. ഭാരവാഹികളിലൊരാളുമായ വിജയകുമാറുമാണ് സംഭാഷണത്തിന്റെ ഒരു തലയ്ക്കൽ. മറ്റൊന്ന് എം. മധുവാണ്. അന്വേഷിക്കാൻ യു.ഡി.എഫ്. പറഞ്ഞാൽ കൃത്യമായി സംഭവം പുറത്തുകൊണ്ടുവരാൻ കഴിയും. അതിന് തയ്യാറാവുമോ യു.ഡി.എഫ്?’, വി.എൻ. വാസവൻ ചോദിച്ചു.
അതേസമയം, മന്ത്രി വാസവൻ കൂടി അറിഞ്ഞാണ് ഓഡിയോ ക്ലിപ്പ് നിർമിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. വളരെ തരംതാണ പ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. ‘സൈബർ ഇടങ്ങളിലാണ് സി.പി.എം. ഏറ്റവും കൂടുതൽ വൃത്തികേട് കാണിക്കുന്നത്. ഹീനമായ തരത്തിലുള്ള പ്രചാരണമാണത്. വാസവന്റെ മറുപടി കേട്ടാൽ അദ്ദേഹം കൂടി അറിഞ്ഞുകൊണ്ടാണ് ഇത് ചെയ്തതെന്ന് മനസിലാവും. ക്ലിപ്പിങ്ങിനെക്കുറിച്ച് അന്വേഷിക്കണം’, അദ്ദേഹം ആവശ്യപ്പെട്ടു.