
നാമജപ ഘോഷയാത്ര: ‘പൊതുമുതൽ നശിപ്പിച്ചിട്ടില്ല’; എൻഎസ്എസിനെതിരായ കേസ് പിൻവലിക്കാൻ നിയമോപദേശം
നാമജപ ഘോഷയാത്ര നടത്തിയതിന് എൻഎസ്എസിനെതിരെ റജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാമെന്നു നിയമോപദേശം. അസി.പബ്ലിക് പ്രോസിക്യൂട്ടർ ആർ.മനുവാണു പൊലീസിനു നിയമോപദേശം നൽകിയത്. കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
സ്പീക്കർ എ.എൻ.ഷംസീറിന്റെ ഗണപതിയുമായി ബന്ധപ്പെട്ട പ്രസ്താവനയ്ക്കെതിരെയാണു എൻഎസ്എസ് തിരുവനന്തപുരത്തു നാമജപ ഘോഷയാത്ര നടത്തിയത്. എൻഎസ്എസ് നേതാക്കളെ പ്രതിയാക്കിയാണു പൊലീസ് കേസെടുത്തത്. യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ആരും പരാതി നൽകാത്തതിനാൽ കേസ് പിന്‍വലിക്കാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
നാമജപ ഘോഷയാത്ര സമാധാനപരമായി നടന്ന ആചാരപരമായ യാത്രയാണ്. സമാധാനപരമായി നടത്തുന്ന ഇത്തരം മതാചാരങ്ങൾക്കു ഭരണഘടന സംരക്ഷണം നൽകുന്നുണ്ട്. കൂട്ടം ചേർന്നു ഗതാഗതം തടസപ്പെടുത്തിയതിനു വഴിയാത്രക്കാരോ വാഹനയാത്രക്കാരോ പരാതി നൽകിയിട്ടില്ല. സംഘടനകളും പരാതിയുമായി എത്തിയിട്ടില്ല. യാത്രയ്ക്ക് ഇ–മെയിലിലൂടെ പൊലീസിനോട് അനുവാദം തേടിയിരുന്നു. യാത്രയ്‍ക്കിടെ അക്രമസംഭവം ഉണ്ടായിട്ടില്ല. മതസ്പർധ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളും നടന്നിട്ടില്ല. കേസ് പിന്‍വലിച്ചു കൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിയമോപദേശത്തിൽ പറയുന്നു.
കേസ് പിന്‍വലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണു കേസ് പിൻവലിക്കാനുള്ള നിയമോപദേശം ലഭിക്കുന്നത്. തിരഞ്ഞെടുപ്പിൽ സമദൂരനിലപാടാണ് എൻഎസ്എസ് സ്വീകരിച്ചിരിക്കുന്നത്.