jobyden-america-g20-meetting

നിരാശനാണ്, കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്നു’: ജി20 ഉച്ചകോടിയിലെ ഷിയുടെ അസാന്നിധ്യത്തെക്കുറിച്ചു ബൈഡൻ

ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷിയുടെ നിലപാടിൽ നിരാശയുണ്ടെന്നു ബൈഡൻ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം, ഭൂപട വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണു ഷി പങ്കെടുക്കാത്തതെന്നാണു റിപ്പോർട്ട്.

‘ഞാൻ നിരാശനാണ്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നു”- ബൈഡൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ജി20 ഉച്ചകോടിക്കു ഷി വന്നില്ലെങ്കിൽ മറ്റേതു വേദിയിലാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയെന്നതു ബൈഡൻ പറഞ്ഞില്ല. ഡൽഹിയിലെ ജി20 ഉച്ചകോടിയിൽ ഷി വന്നില്ലെങ്കിൽ പിന്നെ നവംബറിലാണ് ബൈഡനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകുക. യുഎസിന്റെ ആതിഥേയത്വത്തിൽ സാൻഫ്രാൻസിസ്‌കോയിൽ അപെക് (APEC) കോൺഫറൻസിൽ ഷി പങ്കെടുത്തേക്കും.

ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളാണു ഷി ഡൽഹിയിലേക്കു വരാനിടയില്ലെന്നു സൂചിപ്പിച്ചത്. അതിർത്തി സംഘർഷത്തിനു പിന്നാലെ ഇന്ത്യ-ചൈന ബന്ധം പഴയതുപോലെയാകാത്ത പശ്ചാത്തലത്തിലാണ് ഉച്ചകോടിയിൽനിന്ന് ഷി വിട്ടുനിൽക്കുന്നത് എന്നാണു സൂചന. ഷിക്കു പകരം ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് പങ്കെടുക്കുമെന്നാണ് വിവരം. ഉച്ചകോടിക്കു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അരുണാചൽ പ്രദേശും ലഡാക്കിനോടു ചേർന്നുള്ള അക്സായ് ചിൻ മേഖലയും ചൈനയുടെ അതിർത്തിക്കുള്ളിലാക്കി ഭൂപടം പുറത്തിറക്കിയതിൽ ഇന്ത്യയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. 

Leave a Reply

Your email address will not be published.

chandrayaan-3-moon-sleepping-cells Previous post വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും ഉയർന്നു പൊങ്ങി; വിഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ
arif-muhammed-khan-governour Next post ജസ്റ്റിസ് മണികുമാറിന്റെ നിയമനം: ഗവർണർ ഇന്ന് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടും