
പുതുപ്പള്ളിയിലെ മാന്യനും, മിടുക്കനും, സൗമ്യനും ആര് ?
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്യപ്രചാരണം നിര്‍ത്തി രഹസ്യ പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മന്‍, ലിജിന്‍ ലാല്‍ അടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരുണ്ട് പുതുപ്പള്ളി മണ്ഡലത്തില്‍. ഇതില്‍ 957 പുതിയ വോട്ടര്‍മാരുണ്ട് എന്നതാണ് പ്രത്യേകത.

ഏഴു സ്ഥാനാര്‍ത്ഥികളില്‍ മൂന്നുപേരുടെ നേരിട്ടുള്ള മത്സരമാണിത്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മാന്യനായ സ്ഥാനാര്‍ത്ഥി ആയിട്ടാണ് കണക്കാക്കുന്നത്. അച്ഛന്റെ രാഷ്ട്രീയ പിന്തുടര്‍ച്ച അവകാശപ്പെടുമ്പോഴും സ്വന്തം ഐഡന്റിറ്റി കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ജെയ്ക്കിന്റെ ഭാര്യയെ കുറിച്ചുള്ള അപവാദ പ്രചാരണങ്ങള്‍ക്ക് മാപ്പ് പറയാനും, ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരേ കേസെടുക്കരുതെന്നും പറയാനുള്ള രാഷ്ട്രീയ മാന്യത ചാണ്ടി ഉമ്മനുണ്ടെന്ന് തെളിയിച്ചു. മണ്ഡലത്തെ കുറിച്ചും, തന്നെക്കുറിച്ചും, സഹോദരിയെ കുറിച്ചുമുള്ള രാഷ്ട്രീയ ആരോപണങ്ങളോട് അതേ നാണയത്തില്‍ പ്രതികരിക്കാത്തതും മാന്യതയുടെ മുഖം ചാണ്ടി ഉമ്മനുള്ളതു കൊണ്ടാണെന്ന വിലയിരുത്തലും കുറവല്ല.

ഇടതുപക്ഷ മുന്നിണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസ് മിടുക്കനാണ്. വെറും മിടുക്കനല്ല, മിടുമിടുക്കനാണ്. കോണ്‍ഗ്രസ്സിന്റെ കുത്തകയായ പുതുപ്പള്ളിയെ വീണ്ടുമൊന്ന് ഇളക്കി മറിക്കാന്‍ ജെയ്ക്കിനായെന്നത് ചെറിയ കാര്യമല്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പശ്ചാത്തലം മാത്രമുണ്ടായിരുന്ന ജെയ്ക്ക് ഇന്ന് പുതുപ്പള്ളിക്കാരുടെ മിടുക്കന്‍ നേതാവാണ്. കൃത്യമായ രാഷ്ട്രീയവും, വ്യക്തമായ കാഴ്ചപ്പാടുമുള്ള രാഷ്ട്രീയക്കാരന്‍. പുതുപ്പള്ളിയുടെ നായകനായ ഉമ്മന്‍ചാണ്ടിയോട് പൊരുതി തോറ്റപ്പോഴും ഭൂരിപക്ഷത്തിന്റെ കൊമ്പ് ഒടിച്ചു കളയാന്‍ കെല്‍പ്പു കാട്ടിയവനാണ് ജെയ്ക്ക്. അച്ചു ഉമ്മനെതിരേ നടന്ന സൈബര്‍ ബുള്ളിയിംഗ് ശരിയായില്ലെന്ന നിലപാട് പറയുകയും സ്വന്തം ഭാര്യയ്‌ക്കെതിരേ നടന്ന അധിക്ഷേപത്തെ നിയമപരമായി നേരിടാന്‍ ഭാര്യയോട് പറയുകയും ചെയ്ത ജെയ്‌ക്കെന്ന മിടുക്കനെ ഭയന്നേ മതിയാകൂ. നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല.

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ സൗമ്യ സാന്നിധ്യമായാണ് പുതുപ്പള്ളിക്കാര്‍ക്ക് തോന്നിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മതവര്‍ഗീയതയുടെ വിള നിലമനാക്കാനൊന്നും അദ്ദേഹം താല്‍പ്പര്യപ്പെട്ടില്ല. പുതുപ്പള്ളിയെന്നത് ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാണെന്നും, താന്‍ മത്സരിക്കുന്നത് കേരളത്തിലെ രണ്ടു പ്രബല പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയാണെന്നും ഉത്തമ ബോധ്യമുള്ള സ്ഥാനാര്‍ത്ഥിയാണ് ലിജിന്‍. എന്നാല്‍, കേന്ദ്രമന്ത്രിസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പറയുന്നതിലും, നരേന്ദ്രമോദിയുടെ ഭരണത്തെ കുറിച്ചു പറയുന്നതിനും ഒരു മടിയും കാണിച്ചിട്ടില്ല. എന്നാല്‍, പറയുന്നതെല്ലാം വളരെ സൗമ്യതയോടെയാണെന്നു മാത്രം.

ഇവര്‍ മൂന്നുപേരുമാണ് കേരളത്തിന്റെ വരുംകാല രാഷ്ട്രീയ മുഖങ്ങള്‍. ഒരാള്‍ മിടുക്കന്‍. മറ്റൊരാള്‍ മാന്യന്‍. മൂന്നാമത്തെയാള്‍ സൗമ്യന്‍. ഒരു രാഷ്ട്രീയ നേതാവിന് വേണ്ടുന്ന ഗുണഗണങ്ങളാണ് ഇവ മൂന്നുമെന്നാണ് പുതുപ്പള്ളിക്കാരുടെ വാദം. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മൊത്തം 20 ടേബിളുകളിലായാണ് കൗണ്ടിങ് നടക്കുക. 14 ടേബിളുകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളില്‍ തപാല്‍ വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ഏഴിന് കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിച്ചു. പോളിംഗ് ഉദ്യോഗസ്ഥരെ സ്ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന ബസേലിയസ് കോളജില്‍ നിന്ന് പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി 54 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുടെയും വി.വി പാറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവ കൂടാതെ 19 വി.വി പാറ്റുകള്‍ കൂടി അധികമായി കരുതിയിട്ടുണ്ട്. നാളെ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി ആയിരിക്കും. മണ്ഡലത്തിന്റെ പരിധിയില്‍ ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധിയായിരിക്കും.

മറ്റിടങ്ങളില്‍ ജോലി ചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടര്‍മാരുമായ കാഷ്വല്‍ ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കും വേതനത്തോടെയുള്ള അവധി ബാധകമാണ്. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൈയില്‍ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാര്‍ക്കും മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്. ഇനി കാത്തിരിപ്പാണ്. പുതുപ്പള്ളിയുടെ പുതു നായകന്‍ ആരെന്നറിയാന്‍.