
നിന്റെ പശുത്തൊഴുത്ത് അളക്കും’; നെൽകൃഷി വിവാദത്തിൽ ‘ആളുമാറി’ ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം
സർക്കാരിനെ വിമർശിച്ച് പ്രസംഗിച്ച നടൻ ജയസൂര്യയെ പിന്തുണച്ചും എതിർത്തുമുള്ള സൈബർ യുദ്ധം ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ സോഷ്യൽ മീഡിയ പേജുകളിലേക്കും. ട്രോൾ സ്വഭാവത്തിലുള്ള മലയാളം കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഒരുകാലത്ത് തീപ്പൊരി ബാറ്റിങ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച ജയസൂര്യയുടെ ഫെയ്‌സ് ബുക്കിലെ പോസ്റ്റുകൾ.
ഇടതുപക്ഷവും സംഘപരിവാർ അനുകൂലികളും പരസ്പരം ട്രോളാനായി ശ്രീലങ്കൻ ജയസൂര്യയുടെ പേജിനെ ഉപയോഗപ്പെടുത്തുകയാണ്. സി.പി.എം. അനുകൂല സൈബർ പ്രൊഫൈലായ പോരാളി ഷാജിയുടെ അപരൻ വരെ കമന്റുമായെത്തി. ’നിന്റെ മാത്രമല്ല ബാറ്റിലെ സ്പ്രിങ്ങും ഞങ്ങൾ ഊരും, നിന്റെ പുറമ്പോക്കിലെ പശുത്തൊഴുത്ത് അടക്കം ഞങ്ങൾ അളന്ന് തരാമെടാ’ എന്നാണ് ഭീഷണി.
’മാപ്പു പറഞ്ഞേക്ക് ഭായ് ഇല്ലേൽ സിനിമ ഞങ്ങൾ ബഹിഷ്‌കരിക്കും’ എന്നും ’നീ ഇനി കേരളത്തിൽ കാലുകുത്തില്ല’ തുടങ്ങിയ കമന്റുകളുമുണ്ട്. ’ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചിടും’ എന്ന വിവാദമായ തിരുവാതിരപ്പാട്ടിന്റെ വരികളും ചിലർ കുറിച്ചു. ഇതിന് മറുപടിയെന്നോണം ’സംഘം കാവലുണ്ട്’, ’ജയ് സംഘശക്തി’ തുടങ്ങിയവയാണ് മറ്റു ചില കമന്റുകൾ.
അരവിന്ദ ഡിസിൽവയ്ക്കൊപ്പം ചേർന്ന് ഓവലിൽ ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കയെ ജയത്തിലെത്തിച്ച റെക്കോഡ് ബാറ്റിങ് കൂട്ടുകെട്ടിനെക്കുറിച്ച് ഓർമിച്ചുകൊണ്ടും ലങ്ക പ്രീമിയർ ലീഗിലെ വിജയികളെ അഭിനന്ദിച്ചുകൊണ്ടുമുള്ള ജയസൂര്യയുടെ പോസ്റ്റുകൾക്കു കീഴെയാണ് ഈ കമന്റുകൾ എന്നതാണ് രസകരം.