
മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുംയുമായ ടി.ശിവദാസമേനോന്‍ അന്തരിച്ചു
കോഴിക്കോട് ∙ മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.ശിവദാസമേനോന്‍(90)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.മൂന്നു തവണ നിയമസഭാംഗവും രണ്ടു തവണ മന്ത്രിയുമായിരുന്നു ടി ശിവദാസമേനോൻ .
മലമ്പുഴ മണ്ഡലത്തിൽനിന്ന് തുടർച്ചയായി മൂന്നു തവണ വിജയിച്ച് നിയമസഭയിലെത്തി. രണ്ട് തവണ മന്ത്രിയായി. 1987ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആദ്യ തവണ തന്നെ മന്ത്രിയായി . 1987–1991, 1991–1996, 1996–2001 കാലഘട്ടങ്ങളിൽ നിയമസഭയിൽ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987ലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 1996ലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായി. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വഹിച്ചു.
മണ്ണാർക്കാട്ടെ കെടിഎം ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. പിന്നീട് ഇതേ സ്കൂളിൽ പ്രധാനാധ്യാപകനായും ജോലി ചെയ്തു. ഇതിനു ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയിലും കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കറ്റിലും അംഗമായിരുന്നു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ മലബാർ റീജിയണൽ പ്രസിഡന്റായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്റെ (കെപിടിയു) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
