
ഡൽഹി ഐഐടിയിൽ ദലിത് വിദ്യാർഥി ആത്മഹത്യ ചെയ്തു; രണ്ട് മാസത്തിനിടെ ജീവനൊടുക്കിയത് 2 പേർ; പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്ത്
ഡൽഹി ഐഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. എൻജിനീയറിങ് വിദ്യാർഥിയായ അനിൽ കുമാറി(21)നെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. ബിടെക് മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് വിദ്യാർഥിയാണ് അനിൽ.
ക്യാംപസിൽ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഇവർ ഒരേ ഡിപാർട്മെന്റിലെ വിദ്യാർഥികളാണ്. ദലിത് വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തി.
ജൂണിൽ അനിൽ കുമാർ ഹോസ്റ്റൽ ഒഴിയേണ്ടതായിരുന്നു. എന്നാൽ ചില പേപ്പറുകൾ എഴുതിയെടുക്കാൻ ഉണ്ടായിരുന്നതിനാൽ ആറു മാസത്തേക്ക് ഹോസ്റ്റൽ മുറിയും മറ്റും നീട്ടികൊടുക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. അനിൽ വാതിൽ തുറക്കാത്തതിൽ സംശയം തോന്നിയാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു.