
സീറ്റ് വിഭജനം; ഇന്ത്യ സഖ്യത്തില്‍ ഭിന്നത; ഇടഞ്ഞ് മമത ബാനര്‍ജി
സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തില്‍ ഭിന്നത. കൃത്യ സമയത്തിനുള്ളില്‍ സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനം നടത്തണമെന്നു മമത ബാനര്‍ജി ആവശ്യപ്പെട്ടു. എന്നാല്‍ മമതയുടെ നിലപാടിനോടു കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ മൗനം പാലിച്ചു. പിന്നാലെ മമത സംയുക്ത വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു. അതേസമയം ആര്‍ജെഡി, സമാജ്വാദി പാര്‍ട്ടികള്‍ മമതയുടെ നിലപാടിനെ അനുകൂലിച്ചു. മമതയുടെ പ്രതിഷേധത്തെ തുടര്‍ന്നു ജാതി സെന്‍സസില്‍ പ്രമേയം പാസാക്കിയില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് 13 അംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു പങ്കുവയ്ക്കലില്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങാനും മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കോണ്‍ഗ്രസില്‍ നിന്ന് കെസി വേണുഗോപാല്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍സിപി നേതാവ് ശരദ് പവാര്‍, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍, ആര്‍ജെഡിയില്‍നിന്ന് തേജസ്വി യാദവ്, ടിഎംസിയുടെ അഭിഷേക് ബാനര്‍ജി, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവര്‍ സമിതി അംഗങ്ങളാണ്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറന്‍, എഎപിയില്‍നിന്നുള്ള രാഘവ് ഛദ്ദ, സമാജ്വാദി പാര്‍ട്ടിയില്‍നിന്ന് ജാവേദ് അലി ഖാന്‍, ജെഡിയുവിന്റെ ലല്ലന്‍ സിങ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപിയില്‍നിന്ന് മെഹ്ബൂബ മുഫ്തി എന്നവരാണ് മറ്റ് അംഗങ്ങള്‍. സിപിഎം പ്രതിനിധി സമിതിയില്‍ ഇല്ല. ലോക്സഭാ സീറ്റ് പങ്കുവയ്ക്കല്‍ സംബന്ധിച്ച് ഏകോപന സമിതിയുടെ നേതൃത്വത്തിലാവും ചര്‍ച്ചകള്‍ നടത്തുക. സെപ്റ്റംബര്‍ 30ന് മുമ്പ് സീറ്റ് പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും.