
ആധാർകാർഡിലെ വിവരങ്ങൾ പുതുക്കിയോ?, ഇനി പണച്ചെലവേറും, ഒപ്പം ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
ആധാർ കാർഡിലെ മേൽവിലാസമടക്കം വിവരങ്ങൾ പുതുക്കണം എന്ന നിർദ്ദേശം ഇനിയും പാലിക്കാത്തതോ വേണ്ടത്ര ശ്രദ്ധിക്കാത്തതോ ആയ നിരവധി പേർ രാജ്യത്തുണ്ട്. ഇത്തരക്കാർക്ക് ഇനി പണച്ചെലവേകുന്ന മാസമാണിത്. ഇതുൾപ്പടെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ സെപ്തംബർ മാസത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ഏറ്റവും പ്രധാനം ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നതാണ്. ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ മാസം മുതൽ പണം നൽകേണ്ടി വരും. ജൂൺ 14 വരെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം എന്നതിന്റെ കാലാവധി യു.ഐ.ഡി.എ.ഐ സെപ്തംബർ 14വരെ നീട്ടിയിരുന്നു. പത്ത് വർഷം മുൻപ് ആധാർ സ്വന്തമാക്കിയ ശേഷം വിവരങ്ങൾ പുതുക്കാത്തവർക്കാണ് ഇതിന് അവസരം.
ഈ സാമ്പത്തിക വർഷത്തിൽ പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്) നിലവിലെ വരിക്കാർക്ക് ചെറുകിട സാമ്പത്തിക പദ്ധതികളിൽ നിക്ഷേപം നടത്താൻ പാൻ നമ്പരുമായും ആധാർ കാർഡുമായും ബന്ധിപ്പിക്കുന്നത് ധനമന്ത്രാലയം നിർബന്ധമാക്കിയിരുന്നു. സെപ്തംബർ 30നകം ആധാർ നമ്പർ നൽകിയില്ലെങ്കിൽ ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കും.
2000 രൂപയുടെ നോട്ടുകൾ ഒരുതവണ പരമാവധി 20,000 രൂപയായി മാറ്റിയെടുക്കാനുള്ളതിന്റെ അവസാനതീയതി സെപ്തംബർ 30ആണ്. ഇതിലൂടെ മാറ്റുന്ന പണം സ്വന്തം അക്കൗണ്ടിലും നിക്ഷേപിക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകളിൽ നോമിനേഷൻ നൽകാനോ ഒഴിവാക്കാനോ ഉള്ള സമയപരിധിയും സെപ്തംബർ 30 വരെ സെബി നീട്ടിയിരുന്നു. ഇക്കാര്യങ്ങളും ഓർമ്മിക്കേണ്ടത് അത്യാവശ്യമാണ്.