lok-ayuktha-pinarayi-vijayan-sasidharan

ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ്: ലോകായുക്തയ്‌ക്കെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കി ഹര്‍ജിക്കാരന്‍ (എക്‌സ്‌ക്ലൂസിവ്)

  • ഉപലോകയുക്തമാര്‍ ഹര്‍ജിയില്‍ വിധിന്യായം പുറപ്പെടുവിക്കുന്നത് വിലക്കണം
  • കേസ് തുടര്‍വാദത്തിന് അയല്‍സംസ്ഥാനത്തെ ലോകായുക്തയ്ക്ക് കൈമാറണമെന്ന് ആവശ്യം
  • ലോകായുക്തയ്ക്കും ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിട്ടുണ്ട്
  • ആരോപണ വിധേയന്റെ ജീവചരിത്രം പ്രകാശനം ചെയ്തത് ഹര്‍ജിയില്‍ വാദംകേട്ട ഉപലോകയുക്ത
  • ജീവചരിത്ര സ്മരണികയില്‍ ഉപലോകയുക്തമാരുടെ ഓര്‍മ്മകുറിപ്പുകളും

എ.എസ്. അജയ്‌ദേവ്

വിധിപറയേണ്ട ഉപലോകായുക്തമാര്‍ തന്നെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായ പരാതിയില്‍ പ്രധാനമായി പരാമര്‍ശിക്കപ്പെട്ട മുന്‍ സി.പി.എം MLA യുടെ ജീവചരിത്രം പ്രകാശനം ചെയ്തതും, ജീവചരിത്ര സ്മരണികയില്‍ തങ്ങളുടെ SFI പ്രവര്‍ത്തനകാലത്തെ സുഹൃത്തായിരുന്ന അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഓര്‍മ്മകുറിപ്പുകള്‍ എഴുതിയതും മറച്ചുവച്ച് ഹര്‍ജ്ജിയില്‍ വാദം കേട്ടത് വിവാദമാകുന്നു. ഉന്നത നീതിപീഠത്തിന്റെ ധാര്‍മ്മികതയും, നിഷ്പക്ഷതയും, ഔന്ന്യത്യവും ഉയര്‍ത്തിപ്പിടിക്കാത്ത ഉപ ലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹരുണ്‍ അല്‍റഷിദ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ദുരിതാശ്വാസ നിധി കേസില്‍ വിധിന്യായം പുറപ്പെടുവിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നിയമന അധികാരിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹര്‍ജിക്കാരനായ ആര്‍.എസ്.ശശികുമാര്‍ പരാതി നല്‍കി.

ഈ ആവശ്യം ഉന്നയിച്ച് ലോകയുക്തയ്ക്ക് പ്രത്യേക പരാതി നല്‍കുമെന്നും ഹര്‍ജ്ജിക്കാരന്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മകന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോലിക്ക് പുറമെ വാഹന വായ്പ്പയ്ക്കും സ്വര്‍ണപ്പണയം മടക്കികിട്ടുന്നതിനും ചട്ടവിരുദ്ധമായി എട്ടരലക്ഷം രൂപ മുന്‍ ചെങ്ങന്നൂര്‍ MLA കെ.കെ. രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് അനുവദിച്ചതെന്നാണ് ലോകയുക്തയില്‍ ഫയല്‍ചെയ്ത ഹര്‍ജ്ജിയില്‍ ആരോപിച്ചിട്ടുള്ളത്. ഈ സി.പി.എം നേതാവിന്റെ ജീവചരിത്രമാണ് ഉപലോകയുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പ്രകാശനം ചെയ്തത്. ജീവചരിത്ര സ്മരണികയില്‍ ഇദ്ദേഹത്തിന്റെയും ഹര്‍ജ്ജിയില്‍ വാദം കേട്ട മറ്റൊരു ഉപലോകാ യുക്തയായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷിദിന്റെയും ഓര്‍മ്മ കുറിപ്പുകളും ചേര്‍ത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍ ഹാളിലാണ് സി.പി.എം നേതാവിന്റെ ജീവചരിത്ര പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

മുന്‍ സി.പി.എം നേതാവിന്റെ ജീവചരിത്രം പ്രകാശനം ചെയ്ത ഉപലോകയുക്തകൂടി ഉള്‍പ്പെട്ട മൂന്ന് അംഗബെഞ്ചിന്റെ പരിഗണനയ്ക്ക് ദുരിതാശ്വാസ ദുരുപയോഗഹര്‍ജ്ജി വിട്ടത്. സത്യസന്ധതയും ധാര്‍മ്മികതയും പുലര്‍ത്തേണ്ട നീതിന്യായ വ്യവസ്ഥിതിയെ അവഹേളിക്കുന്നതിന് സമാനമാണെന്ന് ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നു. ന്യായാധിപന്‍മാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സ്വയം മാറിനിന്ന് തന്റെ ധാര്‍മ്മികത പരസ്യമാക്കുകയാണ് വേണ്ടത്. മുന്‍ MLA ഉള്‍പ്പെട്ട ഹര്‍ജിയില്‍ വിധി പറയുന്നതില്‍ നിന്നും വിവാദ ഉപലോകയുക്തമാരെ ഒഴിവാക്കി, കേസ് തുടര്‍വാദത്തിന് അയല്‍ സംസ്ഥാനത്തെ ലോകായുക്തയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ലോകയുക്തയുടെ നിയമന അധികാരി കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ദുരിതാശ്വാസനിധി കേസില്‍ വാദം കേട്ട ലോകായുക്ത സിറിയക്ക് ജോസഫും ഉപലോകയുക്ത ഹാറൂണ്‍ അല്‍ റഷീദും ഹര്‍ജ്ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതിനാല്‍ തുടര്‍ വാദം കേള്‍ക്കുന്നതിന് ഹര്‍ജി ഉപലോകയുക്ത ബാബു മാത്യു. പി.ജോസഫ് കൂടി ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റെപരിഗണയ്ക്ക് വിടുകയായിരുന്നു. അന്തരിച്ച NCP നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് 25 ലക്ഷം രൂപയും, ചെങ്ങന്നൂര്‍ MLA ആയിരുന്ന സി.പി.എം നേതാവ് കെ.കെ. രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് വായ്പാതുകയുടെ തിരിച്ചടവിന് എട്ടര ലക്ഷം രൂപയും, അന്തരിച്ച മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്റെ (അന്തരിച്ച) കുടുംബത്തിന് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടവിരുദ്ധമായി അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

കഴിഞ്ഞ ഓഗസ്റ്റ് 11ന് അവസാന വാദംകേട്ട ലോകായുക്തയുടെ മൂന്ന് അംഗബെഞ്ച് ഹര്‍ജി വിധി പറയുന്നതിന് മാറ്റിയിരിക്കുകയാണ്. ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കാന്‍ മന്ത്രി സഭയ്ക്ക് അധികാരമുണ്ടെന്നും ഹര്‍ജിക്ക് സാധുതയില്ലെന്നുമാണ് സര്‍ക്കാറിന്റെ വാദം. വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകനെ പ്രശംസിച്ചതും, ഹര്‍ജിക്കാരനെയും ഹര്‍ജിക്കാരന്റെ അഭിഭാഷകനെയും വിവാദത്തിലായിരിക്കുന്ന രണ്ട് ഉപലോകയുക്തമാര്‍ പരസ്യമായി വിമര്‍ശിച്ചതും വാര്‍ത്തയായിരുന്നു. വിവാദങ്ങള്‍ക്കു പുറകേ പോകാനാണ് ഹര്‍ജിക്കാരന്‍ ഇത്തരം പൊതു താല്‍പ്പര്യ ഹര്‍ജികള്‍ കൊണ്ടുവരുന്നതെന്നുമായിരുന്നു ലോകായുക്ത അന്ന് പരാമര്‍ശിച്ചിരുന്നത്.

Leave a Reply

Your email address will not be published.

sharukh khan-hindi cinema-bolly-wood-films Previous post ഇത്‌ ആദ്യത്തേതും അവസാനത്തേതും: ഇനി ജീവിതത്തിൽ ഒരിക്കലും മുടി മൊട്ടയടിക്കില്ലെന്ന് നടൻ ഷാറൂഖ് ഖാൻ
aadhar-national-proof-identity-card Next post ആധാർകാർഡിലെ വിവരങ്ങൾ പുതുക്കിയോ?, ഇനി പണച്ചെലവേറും, ഒപ്പം ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ