
മുഖ്യമന്ത്രിക്കായി മാസം 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു; വിമർശിച്ച് പ്രതിപക്ഷം
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനുള്ള തീരുമാനത്തിന് അംഗീകരമായി. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍ നൽകുന്നത്. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. ഇതില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് 90,000 രൂപ വെച്ച് അധികം നല്‍കണം. പൈലറ്റ് അടക്കം 11 പേര്‍ക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്യാനാകും. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹെലികോപ്റ്റര്‍ എന്നാണ് സർക്കാറിന്റെ വിശദീകരണം.
അതേസമയം സർക്കാറിന്റെ നീക്കം വലിയ ദൂര്‍ത്താണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് ആദ്യമായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കരാര്‍ അവസാനിപ്പിച്ചിരുന്നു.