
ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം: കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന് എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവേയാണു കേന്ദ്രം സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. വോട്ടർപട്ടിക പരിഷ്കരിക്കൽ ഏകദേശം കഴിഞ്ഞതായും പഞ്ചായത്തു, മുൻസിപ്പിൽ തിരഞ്ഞെടുപ്പുകൾക്കു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണു സുപ്രീംകോടതിയെ അറിയിച്ചത്.
ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി താൽക്കാലികമാണെന്നും എന്നാൽ സംസ്ഥാന പദവി എപ്പോൾ തിരികെ നൽകുമെന്നു കൃത്യമായി പറയാനാകില്ലെന്നും തുഷാർ മേത്ത കോടതിയിൽ വിശദീകരിച്ചു. നിലവിലെ ക്രമീകരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള സമയക്രമം വ്യക്തമാക്കണമെന്നും ചൊവ്വാഴ്ച ഹർജികൾ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. 2019 ഓഗസ്റ്റ് അഞ്ചിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഭരണഘടനയിലെ 370–ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്നതും ജമ്മു–കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കിയത്.