
അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ഡൽഹി മന്ത്രി അതിഷി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. ഇന്ത്യക്ക് അനുയോജ്യനായ പ്രധാനമന്ത്രിയാവാൻ കെജ്രിവാളിനു സാധിക്കുമെന്ന എഎപി ദേശീയ വക്താവ് പ്രിയങ്ക കക്കറിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അതിഷി.
‘വ്യക്തിപരമായ അഭിപ്രായമായിരിക്കാം ദേശീയ വക്താവ് നടത്തിയത്. പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിൽ കേജ്രിവാളില്ല. എഎപി ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണം.’’– അതിഷി വ്യക്തമാക്കി.
ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നതുകൊണ്ട് അരവിന്ദ് കേജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്നായിരുന്നു പ്രിയങ്ക കക്കർ ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കാണാൻ എല്ലാ പാർട്ടി അംഗങ്ങളും ആഗ്രഹിക്കുന്നുണ്ടെന്ന് നേരത്തെ ഡൽഹി മന്ത്രി ഗോപാൽ റായും പറഞ്ഞിരുന്നു. അതേസമയം പ്രധാനമന്ത്രി സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ വേണ്ടെന്നാണ് പ്രതിപക്ഷകക്ഷികളുടെ തീരുമാനം.
