
രക്ഷാബന്ധൻ മഹോത്സവം; സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യമായി ബസ് യാത്ര ചെയ്യാൻ അവസരം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഉത്തരാഖണ്ഡിലെ സർക്കാർ ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ നാളെ പുലർച്ചെ 12 മണി വരെ സംസ്ഥാനത്തെ സിറ്റി ബസുകളിൽ വനിതകൾക്ക് സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. ഉത്തരാഖണ്ഡിലൂടെയും, മറ്റ് സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന ഉത്തരാഖണ്ഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
ഉത്തരാഖണ്ഡിന് പുറമേ, ഉത്തർപ്രദേശ് സർക്കാരും രക്ഷാബന്ധനോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കിയിട്ടുണ്ട്. എക്സ് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ പൂർണിമ തിഥി എന്നറിയപ്പെടുന്ന പൗർണമി ദിനത്തിലാണ് രക്ഷാബന്ധൻ ആചരിക്കാറുള്ളത്. ഇത്തവണ ഓഗസ്റ്റ് 30-ന് രാത്രിയാണ് രക്ഷാബന്ധൻ ആഘോഷം നടക്കുക.