national-medical-nursing-seat

പഠനത്തിന് നിലവാരമില്ലെന്ന വിലയിരുത്തൽ; വിദേശ മെഡിക്കൽ പഠനം നിരുത്സാഹപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ

ഇംഗ്ലീഷ് പഠനമാധ്യമമായ വിദേശരാജ്യങ്ങളിലൊഴികെയുള്ള മെഡിക്കൽ പഠനം നിരുത്സാഹപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ. മിക്കയിടത്തെയും പഠനത്തിന് നിലവാരമില്ലെന്ന വിലയിരുത്തലാണുള്ളത്. ഇക്കഴിഞ്ഞ ജൂലായ് 30-ന് നടത്തിയ യോഗ്യതാനിർണയപരീക്ഷയിൽ പത്തരശതമാനംപേർ മാത്രമാണ് ജയിച്ചത്. ഈയവസ്ഥയിലാണ് പടിപടിയായി നിയമം കർക്കശമാക്കുന്നത്. അമേരിക്ക, കാനഡ, ബ്രിട്ടൻ, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽനിന്നൊഴികെ മെഡിക്കൽ ബിരുദം നേടുന്നവർ ഇന്ത്യയിൽ പ്രാക്ടീസ് നടത്തുന്നതിന് യോഗ്യതാപരീക്ഷ ജയിക്കണം. വർഷത്തിൽ രണ്ടുപ്രാവശ്യമാണ് പരീക്ഷ.

ജൂലായിലെ പരീക്ഷ 24,269 വിദ്യാർഥികളാണ് എഴുതിയത്. ഇതിൽ 2,474 വിദ്യാർഥികൾ വിജയിച്ചു. 116 പേരുടെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. കോടതിയുടെ ഇടപെടൽ, തിരിച്ചറിയൽ പ്രശ്‌നം എന്നിവയാണ് ഫലം തടഞ്ഞുവെക്കാൻ കാരണം. കഴിഞ്ഞവർഷവും ഏറക്കുറെ സമാനമായിരുന്നു വിജയശതമാനം. 2021-ൽ 23.73 ശതമാനവും 2019-ൽ 20.70 ശതമാനവും പേർ കടമ്പ കടന്നിരുന്നു. 2020-ൽ വെറും എട്ടുശതമാനമായിരുന്നു ജയം.

കുറഞ്ഞ ചെലവിൽ ഡോക്ടറാകാമെന്ന വാഗ്ദാനത്തിൽ വീണുപോകുന്നതാണ് കാരണമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. ഇന്ത്യയിലെ സ്വകാര്യമേഖലയിൽ വർഷം എട്ടുമുതൽ 12 ലക്ഷം രൂപവരെയാണ് എം.ബി.ബി.എസ്. പഠനത്തിനുള്ള ശരാശരി ചെലവ്. എന്നാൽ 25 ലക്ഷം രൂപയ്ക്ക് പഠനം പൂർത്തിയാക്കാനാകുമെന്ന വിധത്തിൽ പാക്കേജുകളാണ് ഏജൻസികൾ അവതരിപ്പിക്കുന്നത്. വിദേശ വിദ്യാർഥികൾക്ക് ഇന്ത്യയിലെ യോഗ്യതാപരീക്ഷ ഇനിയും കൂടുതൽ കടുപ്പമാകുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടുവിഭാഗമായിരിക്കും പുതിയ പരീക്ഷ. ഇത്തരം സാഹചര്യങ്ങളിൽ ഓരോസ്ഥാപനത്തിന്റെയും നിലവാരം ഉറപ്പാക്കി പഠനം നടത്താൻ വിദ്യാർഥികൾ തയ്യാറാകണമെന്നാണ് കമ്മിഷൻ ആവശ്യപ്പെടുന്നത്. 

Leave a Reply

Your email address will not be published.

vs-achuthanandan-cpm-leader Previous post ‘ഇന്നൊരൽപ്പം ക്ഷീണിതൻ, ഈ സാന്നിധ്യം ഊർജദായകം’; വി എസ് അച്യുതാനന്ദന്‍റെ ചിത്രം പങ്കുവെച്ച് മകന്‍
chandrayaan-3-moon-excavetion Next post ചന്ദ്രയാൻ 3 ദൗത്യം; ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു, ഹൈഡ്രജൻ കണ്ടെത്താൻ ശ്രമം