
വീണ്ടും ഭീതിയുടെ മുള്‍മുനയില്‍ ഹരിയാന; അനുമതി നിഷേധിച്ചിട്ടും വി.എച്ച്.പി ജലാഭിഷേക ശോഭായാത്ര ഇന്ന്
പൊലീസ് അനുമതി നിഷേധിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച ജലാഭിഷേക ശോഭായാത്ര നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചതോടെ വര്‍ഗീയ സംഘര്‍ഷമുണ്ടായ ഹരിയാനയിലെ നൂഹ് ജില്ല വീണ്ടും ഭീതിയുടെ മുള്‍മുനയില്‍.
മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കും എസ്.എം.എസ് നിയന്ത്രണവും ഏര്‍പ്പെടുത്തിയ നൂഹില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കടകമ്ബോളങ്ങള്‍ അടച്ചിടാനും കര്‍ശന നിര്‍ദേശമുണ്ട്.
ജി20 ഷേര്‍പ ഗ്രൂപ് യോഗം സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ നൂഹില്‍ നടത്തുന്നതിനാല്‍ ക്രമസമാധാനം നിലനിര്‍ത്താനാണ് വി.എച്ച്.പിയുടെ ജലാഭിഷേക ശോഭായാത്രക്ക് അനുമതി നിഷേധിച്ചതെന്ന് ഹരിയാന ഡി.ജി.പി ശത്രുജിത് കപൂര്‍ അറിയിച്ചു.
ജൂലൈ 31ന് യാത്രയെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷം കാരണമാണ് ഈ തീരുമാനമെടുത്തതെന്നും ഡി.ജി.പി തുടര്‍ന്നു. ഇൗ മാസം 26ന് തുടങ്ങിയ മൊബൈല്‍ ഇൻറര്‍നെറ്റ് വിലക്ക് 28 വരെ തുടരും. മുൻകരുതലെന്ന നിലയിലാണ് പ്രദേശത്ത് നാലോ അതിലധികമോ പേര് കൂട്ടംകൂടുന്നത് വിലക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നൂഹിലേക്ക് എത്തുന്ന വി.എച്ച്.പി പ്രവര്‍ത്തകരെ തടയാൻ സോഹ്ന -നൂഹ് ടോള്‍ പ്ലാസയില്‍ ഹരിയാന പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
നൂഹ് ക്ഷേത്രത്തിലെ ജലാഭിഷേക ചടങ്ങിനു മാത്രമാണ് അനുമതിയെന്നും വി.എച്ച്.പി യാത്രക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി. എന്നാല്‍, വി.എച്ച്.പിയല്ല, മേവാത്തിലെ ‘സര്‍വ ഹിന്ദു സമൂഹം’ ആണ് യാത്ര നടത്തുന്നതെന്നാണ് വി.എച്ച്.പി ജോയന്റ് സെക്രട്ടറി സുരേന്ദ്ര ജെയിനിന്റെ അവകാശവാദം. മുസ്ലിംകള് സഹകരിക്കുമെന്നും യാത്ര സമാധാനപരമായിരിക്കുമെന്നും ജെയിൻ അവകാശപ്പെട്ടു. നൂഹിലെ ‘തീവ്രവാദ ആക്രമണ’ത്തിനെതിരെ ഡല്‍ഹി ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച ജലാഭിഷേക ചടങ്ങ് നടത്തുമെന്നും വി.എച്ച്.പി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.