
ശിവഗിരിയില്‍ ഗുരുജയന്തി ഘോഷയാത്ര വര്‍ണ്ണശബളം ഭക്തിനിര്‍ഭരം മുന്നൊരുക്കങ്ങളായി
ശ്രീനാരായണ ഗുരുദേവന്‍റെ 169-ാമത് ജയന്തി ആഘോഷം ശിവഗിരി മഠം സംഘടിപ്പിക്കുമ്പോള്‍ ജയന്തി ഘോഷയാത്രവര്‍ണ്ണശബളവും ഭക്തിസാന്ദ്രവു മാകും. 31 ന് വൈകിട്ട് നാലരയ്ക്കാണ് ഘോഷയാത്ര മഹാസമാധിയില്‍ നിന്നും തിരിക്കുക. ഘോഷയാത്രയില്‍ എഴുന്നള്ളിക്കുന്ന ഗുരുദേവറിക്ഷ ദര്‍ശിക്കുന്നതിനും അകമ്പടി സേവിക്കുന്നതിനും നാടാകെയുള്ള എല്ലാ വിഭാഗം ജനങ്ങളും സന്നദ്ധരാകും. ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള കമനീയ രഥം, പഞ്ചവാദ്യം, മുത്തുക്കുടകള്‍, തെയ്യം, ഡാന്‍സുകള്‍, കഥകളി, ഹനുമാന്‍വേഷങ്ങള്‍ എന്നിവയുണ്ടാകും. ഗുരുദര്‍ശനം അടിസ്ഥാനമാക്കിയുള്ള അമ്പതോളം ഫ്ളോട്ടുകള്‍ അണിചേരും. ശിവഗിരിയില്‍ നിന്നും തിരിച്ച് റെയില്‍വേ സ്റ്റേഷന്‍, മൈതാനം, ആയൂര്‍വേദാശുപത്രി ജംഗ്ഷന്‍, പുത്തന്‍ചന്ത, കിടാവത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, എസ്.എന്‍.കോളേജ് എന്നിവിടങ്ങള്‍ പിന്നിട്ട് രാത്രി 9 ന് മഹാസമാധിയില്‍ എത്തിച്ചേരും. ഘോഷയാത്രയ്ക്ക് മുന്നോടിയായി വിളംബര ഘോഷയാത്ര 3 മണിക്ക് ശിവഗിരിയില്‍ നിന്നും തിരിക്കും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കൊടിയും കൊടിക്കയറും 27 ന് രാവിലെ 8 ന് കായിക്കര ഏറത്ത് ക്ഷേത്രത്തില്‍ നിന്നും തിരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രഥഘോഷയാത്രയായി വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 11 ന് മഹാസമാധിയില്‍ തിരിച്ചെത്തും.