
നിയമസഭയിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിപക്ഷ എംഎൽഎമാർ
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് തുടങ്ങിയതിനിടെ യുവ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത് കറുത്ത വസ്ത്രം ധരിച്ച്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ എന്നിവരാണ് പ്രതിഷേധ സൂചനയെന്നോണം കറുത്ത വസ്ത്രം ധരിച്ചെത്തിയത്.രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിൽ അടിയന്തര പ്രമേയത്തിന് ടി. സിദ്ധിഖ് എംഎൽഎ നോട്ടീസ് നൽകി.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതു മുതൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉന്നയിച്ച ആരോപണങ്ങൾ വരെയുള്ള വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കും. സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി സഭയിൽ എന്തു മറുപടി പറയും എന്നതായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രദ്ധ.
രാഹുലിന്റെ ഓഫീസ് അടിച്ചു തകർത്തത് സംബന്ധിച്ച് സംഘപരിവാറിന്റെ അജണ്ടയാണ് സിപിഎം കേരളത്തിൽ നടപ്പാക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു.