
‘എന്തൊരു അഭിമാനം’; ചന്ദ്രയാന്‍ 3 വിജയത്തില്‍ ആഹ്ളാദം പങ്കിട്ട് സിനിമാലോകം
ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചരിത്ര നേട്ടത്തില്‍ ആഹ്ലാദവും അഭിമാനവും പങ്കുവച്ച് ചലച്ചിത്രലോകം. രാജ്യമൊട്ടാകെയുള്ള വിവിധ ഭാഷാ ചലച്ചിത്ര മേഖലകളിലെ പ്രമുഖരൊക്കെ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആഹ്ളാദം പങ്കുവച്ചു.
“ചരിത്രപരമായ ഈ നേട്ടത്തില്‍ ഐഎസ്‌ആര്‍ഒയിലെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യം ഈ നാഴികക്കല്ല് പിന്നിടുമ്ബോള്‍ ആഘോഷത്തില്‍ ഞാനും പങ്കുചേരുന്നു. എന്തൊരു അഭിമാന നിമിഷമാണിത്”, എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്.
“അവസാനം, ദക്ഷിണധ്രുവം മാനവരാശിക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു! ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 നെ എത്തിക്കാന്‍ പരിശ്രമിച്ച ഐഎസ്‌ആര്‍ഒയിലെ എല്ലാ ശാസ്ത്രജ്ഞര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍! കൌതുകവും സ്ഥിരോത്സാഹവും നവീകരിക്കലുമാണ് ഒരു രാജ്യത്തെ മുഴുവന്‍ അഭിമാനത്തിലേക്ക് എത്തിച്ചത്, ജയ്ഹിന്ദ്”, എന്നാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്.
ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്‍റെ കുറിപ്പ്- “ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐഎസ്‌ആര്‍ഒയ്ക്കും ചന്ദ്രയാന്‍ 3 നും വിക്രം ലാന്‍ഡറിനും ഇത് യാഥാര്‍ഥ്യമാക്കാന്‍ സംഭാവന ചെയ്ത ഓരോരുത്തര്‍ക്കും നന്ദി. പ്രപഞ്ചത്തിന്‍റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ”, പ്രകാശ് രാജ് കുറിച്ചു.
സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, തമിഴില്‍ നിന്ന് കമല്‍ ഹാസന്‍, തെലുങ്കില്‍ നിന്ന് ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരൊക്കെ ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയമായതില്‍ ആഹ്ലാദാഭിമാനം പങ്കിട്ട് രംഗത്തെത്തിയിട്ടുണ്ട്.