
ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷമാണെന്ന് പ്രധാനമന്ത്രി; ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ
ബഹിരാകാശത്ത് ഇന്ത്യ പുതിയ ചരിത്രം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയിലാണെങ്കിലും തന്റെ മനസ് ചന്ദ്രയാനൊപ്പമാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്താലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ന്റെ ലാൻഡിംഗ് വിർച്വലായി സാക്ഷ്യം വഹിച്ച ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ഈ നിമിഷം വിലപ്പെട്ടതും അഭൂതപൂർവവുമാണ്. ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷമാണ്. ഈ നിമിഷം 1.4 ബില്യൺ ഹൃദയമിടിപ്പുകളുടെ ശക്തിയാണ്. ഇത്തരം ചരിത്ര നിമിഷങ്ങൾ കാണുമ്പോൾ നമുക്ക് അത്യധികം അഭിമാനമാണ്. ഇത് പുതിയ ഇന്ത്യയുടെ ഉദയമാണ്. വികസിത ഇന്ത്യക്ക് കാഹളം മുഴങ്ങിക്കഴിഞ്ഞു. ഇതിന് മുമ്പ് ഒരു രാജ്യവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തിയിട്ടില്ല”- പ്രധാനമന്ത്രി വ്യക്തമാക്കി.
“ചന്ദ്രൻ ദൂരെ എന്നത് മാറി ചന്ദ്രൻ വിനോദയാത്രയുടെ മാത്രം അകലെ എന്ന് പറയുന്ന കാലം വിദൂരമല്ല. മാനവികതയുടെ വിജയമാണിത്. ഇന്ത്യയുടെ സൗര്യ ദൗത്യം ആദിത്യയാൻ ഉടനെ തുടങ്ങും. ഐഎസ്ആർഒ അതിൻ്റെ അവസാനവട്ട ഒരുക്കത്തിലാണ്. എല്ലാ രാജ്യങ്ങളുടെയും ബഹിരാകാശ ദൗത്യങ്ങൾക്ക് ആശംസകൾ നേരുന്നു”- നരേന്ദ്ര മോദി പറഞ്ഞു.
ഇതിനിടെ ചന്ദ്രയാൻ മൂന്നിന്റെ സന്ദേശവും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) പങ്കുവെച്ചു. ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ എക്‌സസിലൂടെയാണ് ഐഎസ്ആർഒ സന്ദേശം പങ്കുവെച്ചത്. ‘ഇന്ത്യാ… ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി, കൂടെ നിങ്ങളും’; ചന്ദ്രയാൻ മൂന്ന്. ചന്ദ്രയാൻ മൂന്ന് വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. അഭിനന്ദനങ്ങൾ, ഇന്ത്യ’ ഐഎസ്ആർഒ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
