
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചു: നടൻ പ്രകാശ് രാജിനെതിരെ പൊലീസ് കേസെടുത്തു
ചന്ദ്രയാൻ–3 ദൗത്യത്തെ പരിഹസിക്കുന്ന രീതിയിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് തെന്നിന്ത്യൻ നടൻ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു സംഘടനാ നേതാവ് നൽകിയ പരാതിയിൽ കർണാടക ബാഗൽക്കോട്ടെ ജില്ലയിലെ ബാനാഹട്ടി പൊലീസാണ് കേസെടുത്തത്. ചന്ദ്രയാൻ–3 ചന്ദ്രനിൽ ഇറക്കുന്നത് സംബന്ധിച്ച് പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പുമാണു വിവാദമായത്.ലുങ്കി മടക്കിക്കുത്തി, ഷർട്ട് ധരിച്ച്, ചായ ഒരു ഗ്ലാസിൽ നിന്നു മറ്റൊന്നിലേക്കു വീശിയടിക്കുന്നയാളുടെ കാരിക്കേച്ചറായിരുന്നു പ്രകാശ് രാജ് പങ്കുവച്ചത്. ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽനിന്ന് വിക്രം ലാൻഡർ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്നും ഇതിനോടൊപ്പം എഴുതിയിരുന്നു. പോസ്റ്റ് വിവാദമായതോടെ നടൻ വിശദീകരണവുമായി രംഗത്തെത്തി. ‘ചന്ദ്രനിൽ ചായക്കടയിട്ട മലയാളി’ എന്ന തമാശയാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തനായ വിമർശകനാണ് പ്രകാശ് രാജ്. ചെറുപ്പത്തിൽ ചായ വിറ്റിട്ടുണ്ടെന്ന മോദിയുടെ പരാമർശമാണ് പ്രകാശ് രാജിന്റെ പോസ്റ്റിന്റെ ആധാരം എന്ന രീതിയിലായിരുന്നു പ്രകാശ് രാജിനെതിരായ വിമർശനം ഉയർന്നത്. ഐഎസ്‍ആർഒയെയും ശാസ്ത്രജ്ഞരെയും അവരുടെ ആത്മസമർപ്പണത്തെയും പരിഹസിച്ചു എന്നായിരുന്നു നടനെതിരായ പ്രധാന വിമർശനം