
സുർജിത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്കേർപ്പെടുത്തി ഡൽഹി പൊലീസ്; പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സി.പി.എം
സിപിഎം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്കേർപ്പെടുത്തി ഡൽഹി പൊലീസ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന പരിപാടി തടയാനാണ് പൊലീസ് നീക്കം. എന്നാൽ, നിർദേശം മറികടന്ന് കേന്ദ്രത്തിൽ സാംസ്‌കാരിക പഠനക്ലാസ് തുടങ്ങിയിട്ടുണ്ട്. പൊലീസ് നീക്കത്തെ യെച്ചൂരി അപലപിച്ചു.”വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിപാടിയുമായി മുന്നോട്ടുപോകും. ആവശ്യമാണെങ്കിൽ നിയമനടപടി സ്വീകരിക്കും”- യെച്ചൂരി വ്യക്തമാക്കി. മൂന്നു ദിവസത്തെ സാംസ്‌കാരിക പഠനക്ലാസിൽ എം.എ ബേബി, എം. സ്വരാജ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.കഴിഞ്ഞ ദിവസം കേന്ദ്രത്തിൽ നടന്ന ജി20ക്കെതിരായ വി20 പരിപാടി പൊലീസ് ഇടപെട്ടു നിർത്തിവെപ്പിച്ചിരുന്നു. പരിപാടി നടക്കുന്നതിനിടെ പൊലീസെത്തി ഭവന്റെ ഗേറ്റ് പൂട്ടുകയായിരുന്നു. ഇതിനുപിന്നാലെയാണ് പാർട്ടി ക്ലാസും നടത്തരുതെന്ന് ഇന്നലെ രാത്രി പൊലീസ് അറിയിച്ചത്. ജി20 നടക്കുന്നതിനാൽ ഹാളിൽ പോലും പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.