
പറഞ്ഞത് പച്ചക്കള്ളം, ബാലഗോപാലിന്റേത് വിഘടനവാദികളുടെ ഭാഷ: കേന്ദ്രമന്ത്രി വി. മുരളീധരൻ
കേന്ദ്രം കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം തീർക്കുന്നുവെന്ന കെഎൻ ബാലഗോപാലിന്റെ പരാമർശം വിഘടനവാദികളുടേതിന് സമാനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അർത്ഥമറിഞ്ഞ് വാക്കുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യ കമ്മിഷന്റെ ശുപാർശകൾ മറികടന്ന് കേരളത്തിനോട് വിവേചനം കാണിച്ചെങ്കിൽ വസ്തുതകൾ നിരത്തി വിശദീകരിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞത് പച്ചക്കള്ളമാണെന്ന് വ്യക്തമാണ്. കേന്ദ്ര വിഹിതം വിതരണം ചെയ്യാനുള്ള മാനദണ്ഡം ഏത് തരത്തിലാണ് ലംഘിച്ചതെന്ന് ജനങ്ങളോട് പറയാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്. നികുതി പിരിവിൽ കേരളത്തിന്റെ വളർച്ച ദേശീയ ശരാശരിയേക്കാൾ താഴെയാണ്. കടമെടുപ്പിന്റെ പരിധി കുറച്ചതിനെ കുറിച്ച് ബാലഗോപാൽ മിണ്ടുന്നില്ല. നീതി ആയോഗിന്റെ യോഗത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ട് പങ്കെടുത്തില്ല? പാർട്ടി മീറ്റിംഗിന് ദില്ലിയിൽ വരുമ്പോൾ മാത്രം മന്ത്രിമാരെ കണ്ടാൽ പലതും പരിഹരിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ആറു വർഷമായിട്ടും കേരളത്തിന്റെ ജിഎസ്‌ടി വകുപ്പ് പുനഃസംഘടിപ്പിക്കാത്തത് എന്തുകൊണ്ടാണ്? സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ കേരളത്തിന് സാമ്പത്തിക ഉപരോധം തീർക്കുന്നുവെന്നത് ധനകാര്യ മന്ത്രിക്ക് ചേർന്ന പ്രസ്താവനയല്ലെന്നും അദ്ദേഹം പറഞ്ഞു.