
മാസപ്പടി ഐജിഎസ്‌ടി: നികുതി സെക്രട്ടറിയുടെ റിപ്പോർട്ട് കാക്കാൻ സിപിഎം, വെല്ലുവിളി നിർത്താൻ മാത്യു
മാസപ്പടിയിലെ ഐജിഎസ്‌ടി പരാതിയുമായി ബന്ധപ്പെട്ട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ സിപിഎം. മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി നികുതി സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിൽ ഈ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലാണ് സിപിഎം നേതൃത്വം ഉള്ളത്. സംസ്ഥാന സർക്കാർ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്ന ന്യായവാദമായിരിക്കും ഇതിനായി നേതാക്കൾ മുന്നോട്ട് വയ്ക്കുക.
അതേസമയം മാത്യു കുഴൽനാടൻ ഇന്ന് വീണ്ടും മാധ്യമപ്രവർത്തകരെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും പുറത്ത് വിടാത്ത സാഹചര്യത്തിലാണ് തന്റെ പക്കലുള്ള രേഖകളുമായി അദ്ദേഹം മാധ്യമങ്ങളെ കാണാൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സിപിഎമ്മും താനും തമ്മിലുള്ള പോരാട്ടമായി വിഷയം മാറുന്നതിനോട് മാത്യുവിന് താത്പര്യമില്ല. സിപിഎം പോരിൽ നിന്ന് പിൻവലിയുന്ന സാഹചര്യത്തിൽ മാത്യുവും ഇന്നത്തോടെ വെല്ലുവിളി നിർത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
സിപിഎം നിശബ്ദമായതിനാൽ തന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് മാത്യുവിന്. അതേസമയം ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എവിടെ വച്ച്, എപ്പോൾ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.