
കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല; രജനികാന്തിന് പിന്തുണയുമായി ഹരീഷ് പേരടി
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുന്നതിനിടെ രജനികാന്ത് അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ച സംഭവത്തിൽ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ഇതെല്ലാം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പകളാണെന്നും തന്നേക്കാൾ പ്രായം കുറഞ്ഞവരുടെ കാലുകള്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ആളാണ് താനുമെന്നും ഹരീഷ് പേരടി തന്റെ ഫെയ്സ്ബുക്കില്‍ പേജില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ്
“മനുഷ്യശരീരത്തിലെ തുല്യ പ്രാധാന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയും കാലും. ചെറിയ കുട്ടികൾ പിച്ചവെച്ച് നടക്കാൻ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ് ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതും മറുകൈ കൊണ്ട് വിസർജ്ജ്യം കഴുകി കളയുന്നതും. വ്യക്തിത്വം രൂപപ്പെടുന്നതില്‍ കാലുകൾക്ക് കൈകളെക്കാൾ കുറച്ച് മൂപ്പ് കൂടുതലാണ്. ഭൂമിയിൽ ചവുട്ടി നിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്. എന്തായാലും കൈ കുലുക്കണമോ കാലിൽ തൊടണമോ സല്യൂട്ട് അടിക്കണമോ മുഷ്ടി ചരുട്ടി കുലുക്കണമോ ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്.
ഞാൻ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേർ… കെടി സാർ, കുളൂർ മാഷ്, മധു മാസ്റ്റർ, മമ്മൂക്ക, ലാലേട്ടൻ, തിലകൻ ചേട്ടൻ, മാമുക്കോയ സാർ, ഭരത് ഗോപി സാർ അങ്ങിനെ കുറെ പേരുണ്ട്. ഇതിൽ അറിയപ്പെടാത്ത ജൂനിയർ ആർട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാൾ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലിൽ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാൻ അനുഗ്രഹം വാങ്ങിയിട്ടുണ്ട്. ഇത് സത്യമാണ്. കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല. കാലുകളോടൊപ്പം..”
യോഗി ആദിത്യനാഥിന്‍റെ ലഖ്നൌവിലെ വീട്ടിലാണ് രജനി ഇന്നലെ അതിഥിയായി എത്തിയത്. രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്‍റെ പ്രത്യേക പ്രദര്‍ശനവും ലഖ്നൌവില്‍ നടന്നിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ അവിടെ ചിത്രം കാണാന്‍ എത്തി.