Thomas-Issac-finance-accountancy

പഠിച്ചത് അക്കൗണ്ടന്‍സിയല്ല, ധനശാസ്ത്രമാണെന്ന് കുഴല്‍നാടന് തോമസ് ഐസക്കിന്റെ മറുപടി

മാത്യു കുഴല്‍ നാടന് മറുപടിയുമായി മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കുഴല്‍നാടന്റെ കണക്കുകള്‍ പരിശോധിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ, കണക്കു പരിശോധനയില്‍ എനിക്ക് അത്ര പ്രാവീണ്യം ഇല്ല. ഞാന്‍ പഠിച്ചത് അക്കൗണ്ടന്‍സിയല്ല ധനശാസ്ത്രമാണ്. അതുകൊണ്ട് സദയം ക്ഷമിക്കുകയെന്നും തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോജിലൂടെ മറുപടി നല്‍കി. തന്റെ അനധികൃത സമ്പാദ്യവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് അന്വേഷിക്കാമെന്നും, തോമസ് ഐസക്കിനെ കൊണ്ട് കണക്കുകള്‍ പരിശോധിപ്പിക്കാമെന്നും മാത്യു കുഴല്‍നാടന്‍ വെല്ലു വിളിച്ചിരുന്നു. ഇതിനു മറുപടിയായാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോല്‍പ്പിച്ചിട്ടുണ്ടാവില്ല. ബാംഗ്ലൂരില്‍ വീണാ വിജയന്‍ എക്‌സാലോജിക് എന്ന ഐറ്റി കമ്പനി നടത്തുന്നു. ഈ കമ്പനിയും വീണയും CMRL കമ്പനിയുമായി കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിനുള്ള കരാറില്‍ ഒപ്പിടുന്നു. അതിന്റെ ഭാഗമായി CMRL മാസംതോറും നല്‍കുന്ന കണ്‍സള്‍ട്ടന്‍സി / മെയിന്റനന്‍സ് സര്‍വ്വീസ് ഫീ മാസപ്പടിയാണെന്ന നരേറ്റീവ് മനോരമ സൃഷ്ടിക്കുന്നു. ഇത് ആവര്‍ത്തിച്ച് ഉറപ്പിച്ച് പൊതുബാധ്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു യുഡിഎഫ്. അപ്പോഴാണ് കുഴല്‍നാടന്റെ പത്രസമ്മേളനം. അദ്ദേഹം പുതിയൊരാക്ഷേപം ഉന്നയിക്കുന്നു. വീണയുടെ കമ്പനി ജി.എസ്.ടി അടച്ചിട്ടില്ല. അവര്‍ സര്‍വ്വീസ് സപ്ലൈയര്‍ ആണ്. അതുകൊണ്ട് നികുതി അടയ്ക്കണം. ഒട്ടും നികുതി അടച്ചിട്ടില്ലായെന്നു കുഴല്‍നാടനും വാദമില്ല. മുഴുവന്‍ നികുതിയു അടച്ചിട്ടില്ലായെന്നാണ് ആക്ഷേപം. നികുതി വെട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.

അപ്പോള്‍ കുഴല്‍നാടനും സമ്മതിച്ചിരിക്കുന്നു എക്‌സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന്. അതിനു സര്‍വ്വീസ് ടാക്‌സ് അല്ലെങ്കില്‍ ജി.എസ്.ടി നല്‍കിയേ തീരൂ. ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴല്‍നാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീര്‍ന്നു.

ഇനിയുള്ളത് ജി.എസ്.ടി നികുതി അടച്ചോയെന്നുള്ളതാണ്. അതിനാദ്യം വേണ്ടത് ജി.എസ്.ടി രജിസ്‌ട്രേഷനാണ്. വീണക്കും കമ്പനിക്കും പ്രത്യേകം ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഉണ്ട്. രണ്ട് രജിസ്‌ട്രേഷനില്‍ നിന്നും നികുതി അടച്ചിട്ടുണ്ടാകാം. ഇനി വേണ്ടത് പൂര്‍ണ്ണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യേണമെന്നതാണ്. അതു വകുപ്പ് പരിശോധിച്ച് വ്യക്തത വരുത്തും. അതിനു നടപടി ക്രമങ്ങളുണ്ട്. പക്ഷേ, ഇതിലെന്ത് അഴിമതി? നികുതി അടച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയാനുള്ള മര്യാദ കുഴല്‍നാടന്‍ കാണിക്കണം.

എന്തിനാണ് കുഴല്‍നാടന്‍ ഇത്ര ഒരു വളഞ്ഞ വഴിയിലേക്കു പോയത്? കാരണം അദ്ദേഹത്തിനെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി സ. സി.എന്‍. മോഹനന്‍ ഉന്നയിച്ചത്.

1) വരവില്‍ കവിഞ്ഞ ഭീമമായ സ്വത്ത് സമ്പാദിച്ചത്.

2) അങ്ങനെ ആര്‍ജ്ജിച്ച ചിന്നക്കനാലിലെ സ്വത്തില്‍ നിയമവിരുദ്ധമായാണ് റിസോര്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്നത്.

3) ഭൂമി രജിസ്‌ട്രേഷന്‍ ചെയ്തപ്പോള്‍ പൂര്‍ണ്ണമായ നികുതി നല്‍കിയിട്ടില്ല.

ഇവയ്‌ക്കൊക്കെ കൃത്യമായിട്ടു വിശദീകരണം നല്‍കുന്നതിനു പകരം ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ജി.എസ്.ടി പ്രത്യാരോപണം ഉന്നയിച്ചത്.

അദ്ദേഹത്തിന്റെ കണക്കുകള്‍ പരിശോധിക്കുന്നതിന് എന്നെ ക്ഷണിക്കുകയുണ്ടായി. പക്ഷേ, കണക്കു പരിശോധനയില്‍ എനിക്ക് അത്ര പ്രാവീണ്യം ഇല്ല. ഞാന്‍ പഠിച്ചത് അക്കൗണ്ടന്‍സിയല്ല ധനശാസ്ത്രമാണ്. അതുകൊണ്ട് സദയം ക്ഷമിക്കുക. അന്നത്തെ ജി.എസ്.ടി പത്രസമ്മേളനത്തില്‍ ഉത്തരം പറയാന്‍ വിശദീകരിച്ച ചോദ്യങ്ങള്‍ക്ക് അങ്ങു തന്നെ മറുപടി പറയുക.

Leave a Reply

Your email address will not be published.

lionel-messi-american-soccer-football Previous post ഏറ്റവും കൂടുതൽ ട്രോഫികൾ! ലോക ഫുട്ബാളിലെ ഒരേയൊരു രാജാവായി ലിയോണല്‍ മെസി, ‘ഗോട്ട്’
rinku-singh-left-hand-batsman-cricket Next post റിങ്കുവിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്! താരത്തിന്റെ വരവ് ആഘോഷിച്ച് ആരാധകര്‍