supreme-court-gujarath-raped lady-pregnancy-abolishing

27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അതിജീവിതയ്ക്ക് സുപ്രീം കോടതി അനുമതി; ഗുജറാത്ത് ഹൈക്കോടതിക്ക് വീണ്ടും വിമർശനം

ഗുജറാത്തിൽ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്താൻ സുപ്രീം കോടതി അനുമതി നൽകി. 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയത്. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. കുട്ടിയെ ജീവനോടെ പുറത്തെടുക്കേണ്ട സാഹചര്യമുണ്ടായാൽ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്തു നൽകുന്നതു വരെയുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സർക്കാരിനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹർജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ഇന്ന് ആദ്യ കേസായാണ് സുപ്രീം കോടതി ഇതു പരിഗണിച്ചത്.

ഇന്ത്യയിൽ ഗർഭധാരണമെന്നത് വിവാഹിതരായ ദമ്പതികൾക്കും സമൂഹത്തിനും സന്തോഷത്തിന്റെ ഉറവിടമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം വിവാഹിതയല്ലാത്ത സ്ത്രീക്ക് കുഞ്ഞു വേണ്ട എന്ന ഘട്ടത്തിലാണ് ഗർഭധാരണമെങ്കിൽ, അത് സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതു ചൂണ്ടിക്കാട്ടിയാണ് ഗർഭഛിദ്രത്തിന് സുപ്രീം കോടതി അനുമതി നൽകിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് ബി.വി.നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് ഈ ഹർജി പരിഗണിച്ചത്. ഒരിക്കൽകൂടി വൈദ്യപരിശോധനയ്ക്കു വിധേയയാകാൻ ഹർജിക്കാരിയോടു സുപ്രീം കോടതി നിർദേശിച്ചിരുന്നു. പുതിയ റിപ്പോർട്ട് ഞായറാഴ്ച വൈകിട്ട് 6ന് അകം കോടതിയിൽ സമർപ്പിക്കാൻ‌ നിർദ്ദേശിച്ച സുപ്രീം കോടതി, ഹർജി ഇന്നു രാവിലെ ആദ്യകേസായി പരിഗണിക്കുമെന്നും അറിയിച്ചിരുന്നു. മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ്, ഗർഭഛിദ്രം നടത്താൻ ഹർജിക്കാരിക്ക് അനുമതി നൽകിയത്.

സൊളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഈ കേസിൽ ഗുജറാത്ത് സർക്കാരിനായി ഹാജരായത്. കുട്ടി ജനിച്ചാൽ അതിനെ ഏറ്റെടുത്ത് ദത്ത് നടപടികൾ ഉൾപ്പെടെ ഗുജറാത്ത് സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ യാതൊരു വിധ നടപടികളും സുപ്രീം കോടതി സ്വീകരിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു.

അതേസമയം, ഗുജറാത്ത് ഹൈക്കോടതിക്കെതിരെ ഇന്നും സുപ്രീം കോടതി വിമർശനമുയർത്തി. സുപ്രീം കോടതി ഹർജി പരിഗണിച്ച ശനിയാഴ്ച വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. പരാതിക്കാരിയുടെ ഹർജി നീട്ടിവയ്ക്കാനിടയായ സാഹചര്യം വിശദീകരിച്ചുകൊണ്ടായിരുന്നു ഈ ഉത്തരവ്. സുപ്രീം കോടതി ഒരു തീരുമാനമെടുത്താൽ അതിനെ ധിക്കരിച്ചോ എതിർത്തോ മറ്റൊരു കീഴ്ക്കോടതികൾക്കും ഉത്തരവ് നൽകാനാകില്ല എന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. അതേസമയം, സോളിസിറ്റർ ജനറലിന്റെ അഭ്യർഥന മാനിച്ച് ഗുജറാത്ത് ഹൈക്കോടതിക്കെതിരായ പരാമർശങ്ങൾ സുപ്രീം കോടതി ഉത്തരവിൽനിന്ന് ഒഴിവാക്കി.

ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിത നൽകിയ ഹർജിയിൽ തീരുമാനമെടുക്കാൻ വൈകിയതിനും ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇത്തരം അടിയന്തരാവശ്യം അറിയാനുള്ള ബോധമാണു വേണ്ടതെന്നും സാധാരണകേസായി മാറ്റിവയ്ക്കുന്ന മനോഭാവമല്ല വേണ്ടതെന്നുമാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് കുറ്റപ്പെടുത്തിയത്.

ഗർഭഛിദ്രത്തിനായി ഈ മാസം 7ന് ആണു ഗുജറാത്ത് ഹൈക്കോടതിൽ ഹർജി നൽകിയത്. 8നു വിഷയം പരിഗണിച്ച കോടതി മെഡിക്കൽ ബോർഡ് റിപ്പോർട്ട് തേടി. അതിജീവിതയ്ക്ക് അനുകൂലമായി മെഡിക്കൽ ബോർഡ് 10നു റിപ്പോർട്ട് നൽകിയെങ്കിലും 11നു ഹർജി 23 ലേക്കു മാറ്റി. പിന്നീടു 17നു വീണ്ടും പരിഗണിച്ചെങ്കിലും കാരണം വ്യക്തമായി പറയാതെ ഹർജി തള്ളി. വിധി പറയാൻ 12 ദിവസം നീട്ടി ഹർജി ലിസ്റ്റ് ചെയ്തതിൽ ബെഞ്ച് അദ്ഭുതം പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.

gr.anil-food-minister-in-kerala Previous post സപ്‌ളൈകോയിൽ സാധനങ്ങൾ ലഭ്യമെന്ന് തെറ്റായ മറുപടി നൽകി; ഭക്ഷ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നൽകി എം. വിൻസെന്റ്
mathew-kuzhalnadan.-contravercy Next post വീണ IGST അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയും” മറിച്ചാണെങ്കിൽ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോ?