
എതിരാളിയില്ല: അജയ്യാനായി നരേന്ദ്രമോദി
- നെഹ്‌റുവിനോ, ലാല്‍ബഹദൂര്‍ ശാസ്ത്രിക്കോ, ഇന്ദിരാഗാന്ധിക്കോ ഇല്ലാത്ത അധികാരമാണ് നരേന്ദ്രമോദിയുടെ ഇന്ത്യയ്ക്ക്
എ.എസ്. അജയ്‌ദേവ്
രാജ്യത്ത് എതിര്‍ സ്വരമോ, തകര്‍ക്കാന്‍ പോന്ന ശക്തിയോ, നേര്‍ക്കു നേര്‍ നില്‍ക്കാനുള്ള വ്യക്തിയോ ഇല്ലാതെ അജയ്യനായി തീര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അണ്‍ലിമിറ്റഡ് പവറാണ്. ഇന്ത്യയെന്നു പറഞ്ഞാല്‍ പണ്ടത്തെ ഇന്ത്യയല്ല. ഇപ്പോള്‍ ഗ്ലോബല്‍ പവറാണ്. അതു മുഴുവന്‍ ഒരാളുടെ കൈയ്യില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ്. ഒറ്റയ്‌ക്കൊരു വ്യക്തി. അതൊരു വലിയ സംഭവം തന്നെയാണ്. ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെ അധികാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയ്യിലുള്ളത്. ലോകത്തെ നോക്കി, ഇത് ഇന്ത്യയാണെന്ന് നിര്‍ഭയം ഗര്‍ജ്ജിക്കാന്‍ ശേഷിയുള്ള അധികാരം. ശത്രു രാജ്യങ്ങളുടെ സ്വപ്‌നങ്ങളെപ്പോലും ഭയപ്പെടുത്താന്‍ കെല്‍പ്പുള്ള അധികാരം. പാവപ്പട്ടവനെയും, സാധാരണക്കാരനെയും, സമ്പന്നനെയും ഒരുപോലെ കാണാന്‍ കഴിയുന്ന അധികാരം.

രാജ്യത്തിന്റെ വളര്‍ച്ചയും സുരക്ഷയുമാണ് എല്ലാമെന്ന് ചിന്തിക്കുന്ന നരേന്ദ്രമോദിയുടെ മുമ്പില്‍ അമേരിക്കന്‍ പ്രസിഡന്റും ഈജിപ്ഷ്യന്‍ ഭരണാധികാരിയും ഫ്രാന്‍സ് പ്രധാനമന്ത്രിയും യു.എ.ഇ രാജാവും ഭക്തിയും സ്‌നേഹാദരവോടെയുമാണ് നില്‍ക്കുന്നത്. നരേന്ദ്രമോദിയുടെ കൈയ്യിലുള്ള അധികാരമെന്നാല്‍, ജവഹര്‍ലാല്‍ നെഹ്‌റുവിനോ, ലാല്‍ബഹദൂര്‍ ശാസ്ത്രിക്കോ, എന്തിന് അയണ്‍ ലേഡി എന്നു വിളിപ്പേരുള്ള ഇന്ദിരാഗാന്ധിക്കോ പോലുമില്ലാത്ത അധികാരമാണുള്ളത്. വേണമെങ്കില്‍, ഇന്ദിരാഗാന്ധിയും മോദിയും തമ്മില്‍ താരതമ്യം ചെയ്യാം. പക്ഷെ, അപ്പോഴും ഒന്നോര്‍ക്കുക. ഇന്ദിരാഗാന്ധിയുടെ കാലത്ത് അവരോളം ശക്തരായ നേതാക്കള്‍ എതിര്‍ ചേരിയില്‍ അവരെ ചോദ്യം ചെയ്യാനുണ്ടായിരുന്നു. പാര്‍ലമെന്റിനകത്ത് മൊറാര്‍ജി ദേശായി ഉണ്ടായിരുന്നു. പീലുംമോദിയുണ്ടായിരുന്നു. എ.കെ.ജി ഉണ്ടായിരുന്നു. ജോതിര്‍മയി ബസു ഉണ്ടായിരുന്നു.

അടല്‍ബിഹാരി വാജ്‌പേയ് ഉണ്ടായിരുന്നു. അങ്ങനെ ഗംഭീരന്‍മാരായിരുന്ന നേതാക്കളുണ്ടായിരുന്നു പാര്‍ലമെന്റില്‍ ഇന്ദിരയ്ക്ക് എതിര്‍വാക്ക് പറയാന്‍. പാര്‍ലമെന്റിന് പുറത്ത് അതിനേക്കാള്‍ കേമന്‍മാരായ ജയപ്രകാശ് നാരായണന്‍, ആചാര്യ കൃപലാനി, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവരുായിരുന്നു ഉണ്ടായിരുന്നത്. ഇവരോട് മല്ലിട്ടാണ് ഇന്ദിരാഗാന്ധിയുടെ ഭരണം മുന്നോട്ടു പോയതെന്ന് ഓര്‍ക്കണം. പ്രതിപക്ഷ നിരയിലെ ശക്തന്‍മാരെല്ലാം ചേര്‍ന്ന് ഇന്ദിരാഗാന്ധിയെയും യു.പി.എ സംഖ്യത്തെയും വരിഞ്ഞു മുറുക്കിയിട്ടുണ്ട്. പിന്നെ ഇവര്‍ക്കൊപ്പം എട്ടു പേജില്‍ എട്ടു കോളത്തില്‍ എതിര്‍ക്കാന്‍ ഗോയങ്കയുടെ ഇന്ത്യന്‍ എക്‌സ്പ്രസുമുണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയുടെ കാലത്തെ അവസ്ഥവെച്ച് ഇപ്പോഴത്തെ സ്ഥിതിയൊന്ന് ആലോചിച്ചു നോക്കൂ. ഇന്ത്യന്‍ പാര്‍മെന്റില്‍ നരേന്ദ്രമോദിയെ എതിര്‍ക്കുന്നത് എന്‍.കെ. പ്രേമചന്ദ്രനാണ്. വേറൊരാളില്ല. പിന്നെയുള്ളത് മഹുവാ ബോല്‍ത്ര എന്ന ഒരു മെമ്പറാണ്. രാഹുല്‍ ഗാന്ധിയൊക്കെ പറയുന്നത് രാഷ്ട്രീയ ബാലാരിഷ്ടത മാറാത്ത കുട്ടിയുടെ കോമഡിയയല്ലേ കാണാനാകൂ. ഇതാണവസ്ഥ. പാര്‍ലമെന്റിനകത്ത്. പാര്‍ലമെന്റിന് പുറത്തോ. ആരുമില്ല. എല്ലാ മാധ്യമങ്ങളും മോദിക്ക് അനുകൂലമാണ്. മാത്രമല്ല, രാജ്യത്തെ എല്ലാ വന്‍കിട ബിസിനസ്സുകാരും മോദിക്കൊപ്പമാണ്. പിന്നെ, ഇന്ദിരാഗാന്ധി അവരുടെ പേഴ്‌സണല്‍ അജണ്ടവെച്ചിട്ടാണ് രാജ്യം ഭരിച്ചത്. ഇന്ദിരാഗാന്ധി, അവരുടെ മകന്‍, അവരുടെ കുടുംബം, അവരുടെ പാര്‍ശ്വവര്‍ത്തികളായ കുറേ ഇത്തിള്‍ക്കണ്ണികള്‍ ഇതാണ് അവര്‍ക്കുള്ളത്.

എന്നാല്‍, നരേന്ദ്രമോദി അങ്ങനെയാണോ. അങ്ങനെയല്ല. ഇതൊരു പ്രത്യയശാസ്ത്ര പിന്‍ബലമുള്ള നേതാവാണ്. അയാളുടെ വഴികളില്‍ കുടുംബമോ, പാര്‍ശ്വവര്‍ത്തികളോ, അനുചരന്‍മാരോ ഇല്ലായിരുന്നു. തെളിമയുള്ള രാഷ്ട്രീയത്തിന്റെ കാവല്‍ക്കാരനായിട്ടാണ് വന്നത്. അതുകൊണ്ടു തന്നെ എതിരാളികള്‍ക്ക് അയാളെ അടിക്കാനുള്ള വടിയും കിട്ടാതെയായി. അതു മാത്രമോ, അദ്ദേഹം ജീവിതത്തില്‍ ഒട്ടും കറപ്റ്റഡല്ല. അത് വേറൊരു അപകടമാണ്. ഒട്ടും കറപ്റ്റഡാകാതിരിക്കുന്നത് ഒരപകടമാകുന്നത് നരേന്ദ്രമോദിയുടെ കാര്യത്തിലാണ്. എതിരളികള്‍ക്ക് ഇത് വലിയൊരു പ്രശ്‌നം തന്നെയാണ്. ഇദ്ദേഹം മഹാത്മാഗാന്ധിയെപ്പോലെ പരിശുദ്ധനായി കാണപ്പെടും. അതേസമയം വികസന നായകനായി നെഹ്‌റുവിനേക്കാള്‍ വലിയവനായി പേരെടുക്കും. അദ്ദേഹം ഒ.ബി.സിക്കാരനുമാണ്.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഒ.ബി.സി കാര്‍ഡിലൂടെ താന്‍ പാവപ്പെട്ടവനാണെന്ന് സമര്‍ദ്ധിക്കാനും കഴിയും. എന്നാല്‍ അത്തരം തറക്കളികള്‍ നരേന്ദ്രമോദി എന്ന മനുഷ്യനില്‍ നിന്നും പ്രതീക്ഷിക്കണ്ട. എങ്കിലും സ്വതന്ത്ര ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരില്‍ ആര്‍ക്കും ഇല്ലാത്ത കോംബിനേഷനാണ് നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിക്കുള്ളത്. ഇത് ഭയങ്കര സംഭവമായി മാറിയിരിക്കുകയാണ്. തിരുവായ്‌ക്കെതിര്‍ വായില്ലാത്ത സ്ഥിതി. എതിര്‍ക്കാനും ആരുമില്ല. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരെ വെച്ച് നരേന്ദ്രമോദിയെ താരതമ്യം ചെയ്യാന്‍ പോലും കഴിയുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. കേരളാ മുഖ്യമന്ത്രി പിണറായി വിജയനെയും നരേന്ദ്രമോദിയെയും താരതമ്യം ചെയ്യാനൊക്കില്ല. എന്നാല്‍, പിണറായി വിജയനെ എതിരാളികള്‍ വിളിക്കുന്നത് മുണ്ടുടുത്ത മോദി എന്നാണ്.

പിണറായി വിജയനെന്നു പറഞ്ഞാല്‍ ഒരു ചെറിയ സംസ്ഥാനത്തെ ഒരു കൊച്ചു മുഖ്യമന്ത്രിയാണ്. മറ്റേത് അങ്ങനെയല്ലല്ലോ. ആനയും ആട്ടുക്കുട്ടിയും പോലെയായിപ്പോകും താരതമ്യം ചെയ്യല്‍. നോക്കൂ, അമേരിക്കയിലെ ടൈംസ്‌ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തെ എല്ലാ ബഹുമാനത്തോടെയും ആദരവോടെയും വൈറ്റ് ഹൗസിലേക്ക് സ്വീകരിക്കുകയാണ് ചെയ്തത്. അതേസമയം, പിണറായി വിജയന്‍ അമേരിക്കയില്‍ വന്നിട്ടു പോയെന്ന് അറിഞ്ഞിട്ടു പോലുമുണ്ടാകില്ല അമേരിക്കന്‍ പ്രസിഡന്റ്. ഇതാണ് വ്യത്യാസം. കണക്കു കൂട്ടുന്നതിനേക്കാള്‍ വലുതാണ് മോദിയുടെ രാഷ്ട്രീയ പവര്‍. അത്, വെറുമൊരു ബി.ബി.സി ഡോക്യൂമെന്ററി എടുക്കുന്നതു പോലെയല്ല.

ബി.ബി.സി. ഡോക്യുമെന്ററി എടുക്കുമ്പോഴുള്ള മോദിയല്ല ഇപ്പോഴത്തെ മോദി. ഇപ്പോഴത്തെ മോദിയെ ലോകശക്തികള്‍, ആ രാജ്യത്തിന്റെ പരമോന്നത ബഹുമതി കൊടുത്ത് ആദരിക്കുന്ന നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു.
ഇന്ത്യയെ ദീര്‍ഘകാലം ഭരിച്ച പാര്‍ട്ടികള്‍ ഇപ്പോള്‍ മാരകമായ അധഃപതനത്തിലാണ്. തകര്‍ച്ച പരിപൂര്‍ണ്ണമാകുമ്പോഴെങ്കിലും തെറ്റുകള്‍ തിരുത്താന്‍ അവര്‍ തയ്യാറായി പാഠം ഉള്‍ക്കൊള്ളേണ്ട കാലമാണ്. രാജ്യത്തിന്റെ പുരോഗതിയെ ലക്ഷ്യംവെച്ച് മുന്നോട്ടു പോകുന്ന ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് തിരിച്ചറിയണം. ലോകത്തും, ബഹിരാകാശത്തും, രാജ്യത്തിനുള്ളിലും ഇന്ത്യയുടെ യശസ്സുയര്‍ന്നു നില്‍ക്കുകയാണിപ്പോള്‍. ഇന്ത്യയും യു.എ.ഇയും തമ്മില്‍ ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റം ഉണ്ടാക്കി.

ഫ്രാന്‍സില്‍ നിന്നും കോടികളുടെ യുദ്ധവിമാനം വാങ്ങാന്‍ കരാറുണ്ടാക്കി. റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്തെ കാക്കാന്‍ എത്തിത്തുടങ്ങി. ഇതെല്ലാം കാണിക്കുന്നത് അധികാരം അര്‍ഹിക്കുന്ന കൈകളില്‍ എത്തിയപ്പോള്‍ രാജ്യം നട്ടെല്ലുറപ്പോടെ ലോകത്തെ നോക്കാന്‍ ധൈര്യപ്പെടുന്നുവെന്നാണ്. അതാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി.