
സഖാക്കൾ പ്രാർത്ഥിക്കണം; മൂന്നാംവട്ടവും അധികാരത്തിലെത്തിയാൽ സിപിഎം നശിക്കുമെന്ന് കെ. സച്ചിദാനന്ദൻ
കേരളത്തിൽ മൂന്നാംവട്ടവും സിപിഎം അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. അടുത്ത തവണ പാർട്ടി അധികാരത്തിൽ വരാതിരിക്കാൻ സഖാക്കൾ പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം.”പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കും. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും”- സച്ചിദാനന്ദൻ പറഞ്ഞു.സംസ്ഥാനത്തെ പോലീസ് സംവിധാനത്തോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. പോലീസിനകത്തുള്ള ആർ.എസ് എസ് പക്ഷമാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിലെന്ന ഇടതുപക്ഷത്തിന്റെ വാദം ഒരു ന്യായീകരണമോ കാരണമോ ആകാം. യുഎപിഎയും സമാനമായ നിയമങ്ങളോടും തനിക്ക് എതിർപ്പാണെന്നും, ഗ്രോ വാസുവിനോടുള്ള പോലീസ് സമീപനം ഒരിക്കലും ഇടതുപക്ഷ സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.”കേന്ദ്രത്തിലും സംസ്ഥാനത്തും നേതാക്കളെ വ്യക്തിത്വ ആരാധന നടത്തുന്നതിൽ കുറ്റപ്പെടുത്താനാവില്ല. വിഗ്രഹാരാധനയുടെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കണം. ഇങ്ങനെയൊരു സാഹചര്യം ഇതിന് മുമ്പ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇത്തരം പ്രവണതകൾ ദോഷകരമാണ്”- അദ്ദേഹം വിലയിരുത്തി.”കേരളത്തിന്റെ വലതുപക്ഷത്തോടുള്ള ചായ്‌വ് നമ്മുടെ മൂക്കിന് താഴെ നടന്നുകൊണ്ടിരിക്കുന്നു സംഭവമാണ്. നാട്ടിലെ പുരാണങ്ങളെയും ആചാരങ്ങളെയും പുനർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമം കാണുന്നുണ്ട്. ഓണത്തെ വാമനപൂജ എന്ന് വിശേഷിപ്പിക്കുന്നത് ഒരു ഉദാഹരണം മാത്രമാണ്. പലപ്പോഴും തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സമുദായങ്ങള്‍ക്കും, ജാതി സംഘടനകള്‍ക്കും ഇടയില്‍ ഇത് ഭിന്നത സൃഷ്ടിക്കുന്നു. ഒരു നിലപാട് എടുക്കാതിരിക്കുന്നതും അപകടകരമാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
