
ശ്രീശാന്തിനെ അടിച്ചു പരത്തി: ലെവിയുടെ ഹാട്രിക് സിക്സ് ന്യൂയോര്‍ക്കില്‍
യുഎസ് മാസ്റ്റേഴ്സ് ടി10 ടൂര്‍ണമെന്റില്‍ പന്തുകൊണ്ട് വിസ്മയം തീര്‍ക്കാനെത്തിയ മലയാളിതാരം എസ്. ശ്രീശാന്തിന് കാര്യങ്ങള്‍ അത്ര സുഖകരമായില്ല. മോറിസ്വില്ലി യൂണിറ്റിക്കു വേണ്ടിയാണ് ശ്രീശാന്ത് കളിക്കാനിറങ്ങിയത്. ഈ ടീമിന്റെ ക്യാപ്റ്റന്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗായിരുന്നു. ആദ്യം ബാറ്റുചെയ്ത ന്യൂയോര്‍ക്ക് വാരിയേഴ്സിനെതിരേ അഞ്ചാം ബൗളറായിട്ടാണ് ശ്രീശാന്തിനെ ഹര്ഭജന് പന്തേല്‍പിച്ചത്. ശ്രീശാന്ത് പന്തെറിയാനെത്തുമ്പോള്‍ നാലോവറില്‍ ഒരുവിക്കറ്റിന് 53 റണ്‍സെന്ന നിലയിലായിരുന്നു ന്യൂയോര്‍ക്ക് വാരിയേഴ്സിന് ഉണ്ടായിരുന്നത്.
ക്രീസിലുള്ളത് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ റിച്ചാര്‍ഡ് ലെവിയും പാക് താരം കമ്രാന്‍ അക്മല്ലും. ശ്രീ എറിഞ്ഞ ആദ്യ മൂന്നു പന്തില്‍ ന്യൂയോര്‍ക്കിന് നേടാന്‍ സാധിച്ചത് വെറും 2 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ നാലാം പന്തു മുതല്‍ കളിമാറി. നാലാം പന്തില്‍ ലെവിയുടെ വക ലെഗ് സൈഡിലൂടെ പടുകൂറ്റന്‍ സിക്സര്‍. തൊട്ടടുത്ത പന്ത് പറന്നത് സ്ലോ ബോളായിരുന്നെങ്കിലും മിഡ് ഓണിനു മുകളിലൂടെ അതിര്‍ത്തി കടന്നു. അവസാന പന്തിലും സിക്സര്‍ പറത്തി ഹാട്രിക് സിക്സറുമായി ലെവി കളംനിറഞ്ഞു.
തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ശ്രീശാന്ത് തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ വഴങ്ങുന്നത്. ആദ്യം ബാറ്റുചെയ്ത ന്യൂയോര്‍ക്ക് 10 ഓവറില്‍ പടുത്തുയര്‍ത്തിയത് 124 റണ്‍സാണ്. 25 പന്തില്‍ 7 സിക്സറുകളും 4 ഫോറും അടക്കം 66 റണ്‍സെടുത്ത ലെവിയാണ് ഇന്നിംഗ്സിന്റെ നെടുന്തൂണായത്. ശ്രീയുടെ ടീമില്‍ ഏറ്റവും കൂടുതല്‍ ഇക്കണോമി നിരക്കുള്ള ബൗളര്‍ പക്ഷേ രാഹുല്‍ ശര്‍മയായിരുന്നു. 1 ഓവറില്‍ 21 റണ്‍സാണ് രാഹുലിനെതിരേ അടിച്ചെടുത്തത്. ശ്രീയുടെ ഒരോവറില്‍ ന്യൂയോര്‍ക്ക് നേടിയത് 19 റണ്‍സുമാണ്.
ക്രിസ് ഗെയ്ല്, പാര്‍ഥീവ് പട്ടേല്‍ അടക്കമുള്ള താരങ്ങള്‍ ശ്രീയുടെ ടീമില്‍ ഉണ്ടായിരുന്നെങ്കിലും ന്യൂയോര്‍ക്കിന്റെ വമ്പന്‍ ലക്ഷ്യത്തെ അവര്‍ക്ക് മറികടക്കാന്‍ സാധിച്ചില്ല. ഗെയ്ല് 12 പന്തില്‍ വെറും 12 റണ്‍സെടുത്ത് പുറത്തായി. അബുദാബി ടി10 ലീഗിന്റെ സംഘാടകര്‍ തന്നെയാണ് അമേരിക്കയിലും മാസ്റ്റേഴ്സ് ടി10 നടത്തുന്നത്. അടുത്തിടെ സിംബാബ്വെയില് നടത്തിയ സിംആഫ്രോ ടി10 ലീഗ് വന്‍ ഹിറ്റായി മാറിയിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഹരാരെ ഹരിക്കെയ്ന്സിനായി ശ്രീശാന്ത് കളിച്ചിരുന്നു.
സമീപകാലത്തായി ടി10 ക്രിക്കറ്റിന് ലോകമെങ്ങും വന്‍ പ്രചാരമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍. ബെറ്റിംഗ് കമ്പനികള്‍ സ്പോണ്‍സര്‍ഷിപ്പുമായി രംഗത്തുള്ളത് സാമ്പത്തികമായി ലീഗുകള്‍ക്ക് നേട്ടവുമാണ്. മിക്ക ടി10 ലീഗുകളെയും ടീമുകളെയും സ്പോണ്സര് ചെയ്യുന്നത് ബെറ്റിംഗ് കമ്പനികളാണ്. ഐസിസി ഇത്തരം ബെറ്റിംഗ് കമ്പനികളുടെ കടന്നുവരവിനെതിരേ നടപടി എടുത്തേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.