
ബഹിരാകാശ മത്സരം ഫൈനല്‍ ലാപ്പില്‍: ചന്ദ്രയാനോ ലൂണയോ ?
- ഇന്ത്യയോ റഷ്യയോ ? ആരാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്ട്‌ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യം, ശ്വാസം പിടിച്ച് ശാസ്ത്രലോകം
എ.എസ്. അജയ്‌ദേവ്
മത്സരങ്ങള്‍ നിരവധി കണ്ടും കേട്ടും അറിഞ്ഞവരാണ് മനുഷ്യര്‍. എന്നാല്‍, അതിലും വലിയ മത്സരങ്ങള്‍ മനുഷ്യന്റെ തലയ്ക്കു മുകളില്‍ നടക്കുന്നുണ്ട്. ഭൂമിയും താണ്ടി ശൂന്യാകാശത്ത് നടക്കുന്നവ. അതാണ് കണ്ടെത്തലുകളുടെ മത്സരം. ബഹിരാകാശത്തെ കണ്ടെത്തലുകള്‍ക്ക് ഭാവികാലത്തിന്റെ അടയാളപ്പെടുത്തലുകളുമുണ്ടെന്നതാണ് പ്രത്യേകത. ഇപ്പോള്‍ ബഹിരാകാശത്ത് ഇന്ത്യയും റഷ്യയുമാണ് മത്സരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനുള്ള മത്സരം. ചന്ദ്രനില്‍ ഇതിനു മുമ്പ് പല രാജ്യങ്ങളുടെയും പേടകങ്ങളെ സോഫ്റ്റ്‌ലാന്‍ഡ് ചെയ്തിട്ടുണ്ട്. പക്ഷേ, ദക്ഷിണ ധ്രുവത്തില്‍ ഇതുവരെ ഒരു രാജ്യത്തിനും സോഫ്ട് ലാന്‍ഡിംഗ് സാധ്യമായിട്ടില്ല. അപ്പോള്‍ ആരാണ് ഈ നേട്ടം ആദ്യം കൈവരിക്കാന്‍ പോകുന്നത് എന്നതാണ് അറിയേണ്ടിയിരിക്കുന്നത്.

രണ്ടു രാജ്യങ്ങളുടെയും പേടകങ്ങള്‍ ഏകദേശം അടുത്തടുത്ത ദിവസങ്ങളിലാണ് ലാന്‍ഡ് ചെയ്യാന്‍ പോകുന്നത്. ലാന്‍ഡ് ചെയ്യാന്‍ പോകുന്ന പ്രദേശവും ഒന്നു തന്നെയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായിട്ടും ഉണ്ടാകുന്ന ഒരു സംശയമാണ് ഒരു കൂട്ടിയിടി ഇവിടെ നടക്കുമോ എന്ന്. നിരവധി ചോദ്യങ്ങളാണ് സാധാരണ മനുഷ്യരുടെ ഉള്ളിലുള്ളത്.
1) റഷ്യയുടെ ലൂണ 25, ഇന്ത്യയുടെ ചന്ദ്രയാന്‍ 3, ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?
2) ചന്ദ്രയാനെക്കാള്‍ ശക്തനാണോ ലൂണ 25 ?
3) പേടകങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഇന്‍സ്ട്രുമെന്റുകളുടെ പ്രത്യേകത എന്താണ്?
4) ഏതൊക്കെ വ്യത്യസ്തമായിട്ടുള്ള പഠനങ്ങളാണ് അവിടെ നടപ്പിലാക്കുന്നത്?
ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍ പലതും.

2023 ജൂലൈ 14-ാം തീയതിയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണ തറയില്‍ നിന്നും ചന്ദ്രയാന്‍ 3 വിക്ഷേപിക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലുമണിക്ക്. എന്നാല്‍, 2023 ഓഗസ്റ്റ് 11-ാം തീയതി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4 മണിക്കാണ് റഷ്യയുടെ ലൂണ 25 വിക്ഷേപിക്കുന്നത്. ഇന്ത്യ വിക്ഷേപണം നടത്തി 27 ദിവസത്തിനു ശേഷമായിരുന്നു റഷ്യയുടെ വിക്ഷേപണം. വിക്ഷേപണവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളും റഷ്യയില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങളായിട്ട് യൂറോപ്യന്‍ യൂണിയന്‍ വിക്ഷേപണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സെന്റര്‍ ഇപ്പോള്‍ കസാക്കിസ്ഥാന്റെ ഭാഗമാണ്. വിക്ഷേപണം നടത്താന്‍ കസാക്കിസ്ഥാന്‍ സെന്റര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അതുകൊണ്ട് പുതിയ ഒരു ലോഞ്ചിങ് പാര്‍ഡിലേക്ക് വിക്ഷേപണം മാറ്റേണ്ടി വന്നു.

എന്നാല്‍, അതിന്റെ അടുത്ത് ധാരാളം ഗ്രാമങ്ങള്‍ ഉണ്ട്. പ്രശ്‌നം എന്തെന്നാല്‍, റഷ്യ വലിയൊരു രാജ്യമാണെങ്കിലും സമുദ്രതീര പ്രദേശങ്ങള്‍ വളരെക്കുറവാണ്. അതുകൊണ്ട് തന്നെ സമുദ്രത്തോട് ചേര്‍ന്ന് ഒരു ലോഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ഗ്രാമങ്ങള്‍ ധാരാളമായുള്ള ഒരു പ്രദേശത്താണ് അവര്‍ ലോഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിച്ചത്. വിക്ഷേപണത്തോട് അടുപ്പിച്ച് അവിടെയുള്ള എല്ലാ ഗ്രാമവാസികളെയും മാറ്റിയ സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് റഷ്യ ലൂണ 25 വിക്ഷേപിച്ചത്. 47 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു റഷ്യ ചന്ദ്രനിലേക്ക് ഇതിനു മുമ്പ് ഒരു വിക്ഷേപണം നടത്തിയത്.

അതുകൊണ്ടുതന്നെ ലൂണ 25ല്‍ പ്രവര്‍ത്തിച്ചിരിക്കുന്ന സയന്റിസ്റ്റുകള്‍ എല്ലാം പുതിയ ആളുകളാണ്. അവര്‍ക്ക് എക്‌സ്പീരിയന്‍സ് തീരെ ഇല്ലെന്നു തന്നെ പറയേണ്ടിവരും. ഐ.എസ്.ആര്‍.ഒയിലെ ഗവേഷകരുമായി താരതമ്യപ്പെടുത്താന്‍ പോലും സാധിക്കില്ല. പഴയകാല സാങ്കേതികവിദ്യകളാണ് ഇപ്പോഴും റഷ്യ ഉപയോഗിക്കുന്നതെന്ന ഒരാക്ഷേപവുമുണ്ട്. എന്നാല്‍, ലൂണ 25 നെ വിലയിരുത്തുകയാണെങ്കില്‍ നൂതനമായ പല സാങ്കേതിക വിദ്യകളും കാണാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ചന്ദ്രയാന്‍ വിക്ഷേപിക്കുന്ന സമയത്ത് വിശ്വസിച്ചിരുന്നത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യമായിട്ട് ലാന്‍ഡ് ചെയ്യാന്‍ പോകുന്നത് ഇന്ത്യയുടെ പേടകം ആയിരിക്കും എന്നാണ്. കാരണം ആ സമയത്ത് ലൂണ 25 ഒരു ചര്‍ച്ചാവിഷയമായിരുന്നില്ല.

പക്ഷെ, ഇത് റഷ്യയുടെ പുതിയ പ്രോജക്ടാണെന്ന് പറയാന്‍ കഴിയില്ല. ഒരുപാട് വര്‍ഷങ്ങളായിട്ട് ഇതിനു വേണ്ടിയിട്ടുള്ള ഒരു തയ്യാറെടുപ്പിലായിരുന്നു റഷ്യയെന്നു വേണം മനസ്സിലാക്കേണ്ടത്. 2001 ഒക്ടോബര്‍ മാസത്തില്‍ ലൂണ 25 വിക്ഷേപിക്കണം എന്നായിരുന്നു റഷ്യ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് അത് നീണ്ടുപോവുകയായിരുന്നു. ലൂണ 25 എന്ന പേരില്‍ പോലും അല്ല ലൂണ ഗ്ലോബ് ലാന്റര്‍ എന്ന പേരിലാണ് ആദ്യം ഇത് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് ഇതിന്റെ പേര് ലൂണ 25 എന്ന് ആക്കിയത്. ഒരു കാരണമുണ്ട് കാരണം അവസാനമായിട്ട് ചന്ദ്രനിലേക്ക് ഒരു പേടകമയച്ചപ്പോള്‍ ആ പേടകത്തിന് പേര് ലൂണ 24 ആയിരുന്നു. തുടക്കത്തില്‍ ഒറ്റയ്ക്ക് ഒരു മിഷന്‍ നടത്തണമെന്ന് ഒന്നും റഷ്യ കരുതിയിരുന്നില്ല. ആദ്യത്തെ തീരുമാനം ഇന്ത്യയുമായി ചേര്‍ന്ന് ഒരു മിഷന്‍ നടപ്പാക്കാം എന്നായിരുന്നു. അതായത്, ആവശ്യമായ ലാന്‍ഡ് റോവര്‍ നെയിം ഇന്ത്യ നിര്‍മ്മിക്കുന്നു. അവിടെ ലാന്‍ഡ്‌ചെയ്യിപ്പിക്കേണ്ടത് റഷ്യയുടെ ഉത്തരവാദിത്തമാണ്.

പക്ഷെ, അത് പല കാരണങ്ങള്‍ കൊണ്ടും നടക്കാതെ പോയി. ഇപ്പോള്‍ അവര്‍ ഒറ്റയ്ക്ക് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ക്ക് അവിടെ സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ സാധ്യമാകുന്നതാണ്. അങ്ങനെയെങ്കില്‍ ഓഗസ്റ്റ് 21ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ റഷ്യയ്ക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുമെന്നാണ് അനുമാനിക്കുന്നത്. അതായത്, ഇന്ത്യ ചെയ്യുന്നതിനും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നര്‍ത്ഥം. വ്യത്യസ്തമായിട്ടുള്ള ഒമ്പത് പേലോഡുകളാണ് ലൂണ 25ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ 3ല്‍ ഘടിപ്പിച്ചിരിക്കുന്നത് 7 പേലോഡുകളുമാണ്. ഇന്ത്യന്‍ ദൗത്യത്തില്‍ നിന്നും ലൂണ 25ന് ഒരുപാട് വ്യത്യാസങ്ങളുണ്ട്. റഷ്യ ഒരു വര്‍ഷത്തോളമാണ് അവിടെ ലാന്‍ഡ് പരിവേഷണങ്ങള്‍ നടത്തുന്നത്. ചന്ദ്രയാന്‍ 3ല്‍ 14 ദിവസങ്ങള്‍ മാത്രമാണ്. ലൂണ 25 ന്റെ വ്യത്യാസം അതില്‍ ഒരു റോബോട്ടിക് ഡ്രില്ലര്‍ ഉണ്ട് എന്നതാണ്.

അതായത് അവിടുത്തെ പ്രതലം ഏകദേശം 6 ഇഞ്ച് വരെ കുഴിച്ച് അവിടുന്ന് സാമ്പിള്‍ കളക്ട് ചെയ്ത് പേടകത്തിന്റെ ഉള്ളില്‍ വച്ചുതന്നെ പഠനങ്ങള്‍ നടത്താന്‍ സാധിക്കും. ഇതിലൂടെ എന്തുമാത്രം പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അതിന്റെ അളവുമൊക്കെ വ്യക്തമായിട്ട് മനസ്സിലാക്കാന്‍ സാധിക്കുെ. ലൂണാ 25നു ശേഷവും പല പദ്ധതികളും റഷ്യ ആവിഷ്‌കരിക്കുന്നുണ്ട്. ലൂണ 26, ലൂണ 27 എന്നിവ ലൂണ 25നു പിന്നാലെ വരാന്‍ പോകുന്ന പദ്ധതികളാണ്. ചൈനയുമായി ചേര്‍ന്ന് 2027 ല്‍ വേറെയും മിഷനുകളുണ്ട്. എന്നാല്‍, ബഹിരാകാശ പര്യവേഷണത്തിന് ഇന്ത്യ കൈകോര്‍ക്കുന്നത് ജപ്പാനുമായാണ്. പക്ഷെ, ആദ്യം അവിടെ സോഫ്ട്‌ലാന്‍ഡ് ചെയ്യാന്‍ സാധിക്കുമെന്ന് ജപ്പാന് കാണിച്ചുകൊടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സംയുക്ത മിഷനുകള്‍ സാധ്യമാവുകയുള്ളൂ. അതുകൊണ്ട് ചന്ദ്രയാന്‍ 3 വിജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.

ലൂണ 25, ചന്ദ്രയാന്‍ 3 തമ്മിലുള്ള പരസ്പരം കൂട്ടിയിടി സംശയത്തിന്റെ ആവശ്യമില്ല. കാരണം, ചന്ദ്രന്‍ വലിപ്പമുള്ള ഗോളമാണ്. മാത്രമല്ല, രണ്ട് ലാന്‍ഡറുകളും ലാന്‍ഡ് ചെയ്യാന്‍ പോകുന്നത് ദക്ഷിണ ധ്രുവത്തിലാണെന്ന് പറയുമ്പോഴും, രണ്ടും തമ്മില്‍ 125 കിലോമീറ്റര്‍ ദൂരമുണ്ട്. ആദ്യമായിട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നത് ഇന്ത്യാണെന്ന് കരുതാമെങ്കിലും അതിനുമുമ്പ് റഷ്യ അവിടെ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള സാധ്യത ഏറെയാണ്. പക്ഷെ അതുകൊണ്ട് റഷ്യയുടെ മിഷന്‍ പരാജയം ആകണമെന്ന് ആഗ്രഹിച്ചുകൂടാ. കാരണം, ഇത് ശാസ്ത്ര വിയജയങ്ങള്‍ക്കു വേണ്ടിയിട്ടുള്ള യുദ്ധമാണ്. ഈ യുദ്ധത്തില്‍ നമുക്ക് എതിരാളികള്‍ ഇല്ല. എല്ലാവരും വിജയിക്കേണ്ട യുദ്ധം തന്നെയാണ്. ഇന്ത്യ വിജയിച്ചാലും റഷ്യ വിജയിച്ചാലും അത് ലോകത്തെ സകല മനുഷ്യരുടെയും വിജയം ആയിട്ട് എടുക്കണം. പരാജയമില്ലാത്ത, ലാന്‍ഡിംഗ് സാധ്യമാകുന്നതും കാത്ത് നമുക്കിരിക്കാം കണ്ണിമചിമ്മാതെ.