
കെ ഫോണിന് അഡ്വാൻസ് നൽകിയത് ഒരു വ്യവസ്ഥയും പാലിക്കാതെയെന്ന് സിഎജി, നഷ്ടം 36 കോടി
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി. മൊബിലൈസേഷൻ അഡ്വാൻസ് വ്യവസ്ഥകൾ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സർക്കരിനോട് സി എ ജി റിപ്പോർട്ട് തേടി. കരാർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്.
1531 കോടിക്കായിരുന്നു ടെണ്ടർ ഉറപ്പിച്ചത്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അതുവഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് സി എ ജിയുടെ കണ്ടെത്തൽ. കെ ഫോണിന്റെ ടെണ്ടറിൽ മൊബിലൈസേഷൻ അഡ്വാൻസിനെക്കുറിച്ച് പറയുന്നില്ല. പത്ത് ശതമാനം തുക അഡ്വാൻസ് നൽകണമെന്ന് കെ എസ് ഐ ടി എല്ലിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വാക്കാൽ നിർദേശം നൽകിയിരുന്നു.
ബെല്ലുമായി ഉണ്ടാക്കിയ പേയ്‌മെന്റ് ടേംസിൽ സർക്കാരിന് കിട്ടേണ്ട പലിശയില്ല. പലിശയിനത്തിൽ മാത്രം സർക്കാരിന് നഷ്ടം 36,35,57,844 കോടിയെന്നാണ് സി എ ജി കണ്ടെത്തൽ. വിഷയത്തിൽ സർക്കരിനോട് സി എ ജി റിപ്പോർട്ട് തേടി