
വിമാനത്തിലെ സ്ത്രീകളുടെ ചിത്രങ്ങൾ മോശം രീതിയിൽ പകർത്തി; അക്രമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ
വിമാനത്തിനുള്ളിൽ സഹയാത്രികയോടും വിമാന ജീവനക്കാരിയോടും അപമര്യാദയായി പെരുമാറിയ ആൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ. ഈ മാസം 16ന് ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.
വനിതാ ജീവനക്കാരിയുടെയും, വിമാനത്തിലെ ഒരു യാത്രക്കാരിയുടെയും ചിത്രങ്ങൾ യാത്രക്കാരിൽ ഒരാൾ മോശമായ രീതിയിൽ പകർത്താൻ ശ്രമിക്കുകയായിരുന്നു. അക്രമിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടിസ് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ ഡൽഹി പൊലീസിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷനും നൽകി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ വിമാനത്തിലെ സ്ത്രീകളുടെ ചിത്രങ്ങൾ മോശം രീതിയിൽ പകർത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് നോട്ടീസിൽ പറയുന്നത്.
സംഭവത്തിൽ പ്രതിക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങളും, സ്ത്രീകളെ അപമാനിച്ച സംഭവത്തിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണവും പൊലീസ് വ്യക്തമാക്കണമെന്ന് ഡൽഹി വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 23ന് അകം വിശദമായ റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.