
മണിപ്പുർ കലാപം; കേസുകൾ അന്വേഷിക്കാൻ 53 അംഗ സിബിഐ സംഘം; 29 വനിതാ ഉദ്യോഗസ്ഥർ
മണിപ്പുരിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സി.ബി.ഐ. 53 അംഗ സംഘത്തെ നിയോഗിച്ചു. സംഘത്തിലെ മൂന്നു ഡി.ജി.പിമാരിൽ രണ്ടുപേരടക്കം 29 വനിതാ ഉദ്യോഗസ്ഥരാണുള്ളത്. അന്വേഷണ മേൽനോട്ട ചുമതല ജോയിന്റ് ഡയറക്ടർ ഘനശ്യാം ഉപാധ്യായയ്ക്കാണ്. ലവ്ലി കത്യാർ, നിർമല ദേവി, മോഹിത് ഗുപ്ത എന്നിവരാണ് സംഘത്തിലെ ഡി.ഐ.ജിമാർ. സംഘത്തിലെ രണ്ട് അഡീഷണൽ എസ്.പിമാരും ആറ് ഡി.എസ്.പിമാരും വനിതകളാണ്. 16 ഇൻസ്പെക്ടർമാരും 10 എസ്.ഐമാരും സംഘത്തിലുണ്ട്.
മേയ് നാലിന് നടന്ന, സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ രണ്ട് എഫ്.ഐ.ആർ. അടക്കം എട്ടുകേസുകളാണ് സി.ബി.ഐ. അന്വേഷിക്കുക. ഇതുകൂടാതെ സുപ്രീംകോടതി നിർദേശപ്രകാരം മറ്റ് ഒൻപതു സംഭവങ്ങളിൽക്കൂടി സി.ബി.ഐ. അന്വേഷണം നടത്തും. സ്ത്രീകൾക്കെതിരേയുള്ള മറ്റ് കേസുകൾകൂടി സി.ബി.ഐ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചുരാചന്ദ്പുരിലെ ഒരു ലൈംഗികാതിക്രമ കേസുകൂടി സി.ബി.ഐ. ഏറ്റെടുത്തേക്കും.
ഇത്രയേറെ കേസുകൾ ഒരുമിച്ച് തങ്ങളുടെ അന്വേഷണ പരിധിയിൽ വന്നാൽ, സാധാരണനിലയിൽ പ്രദേശിക അന്വേഷണ ഏജൻസികളുടെ സഹായം സി.ബി.ഐ. തേടാറുണ്ട്. എന്നാൽ, പക്ഷപാത ആരോപണങ്ങൾ ഇല്ലാതാക്കാൻ ഇത്തരം സഹായം സി.ബി.ഐ. തേടിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.